Wednesday, October 2, 2019

ഒരു രാത്രി......

ആ രാത്രി സങ്കല്പികമാണെന്ന് പോലും തോന്നിയിരുന്നു... ഒട്ടും പ്രതീക്ഷിക്കാതെ അവൾ എല്ലാം മറന്ന് എന്നെ തേടി വന്ന ദിവസം... എഴുത്തിനെയും പേനയും മാത്രം അതുവരെ പ്രണയിച്ച എന്റെ കൈകൾ അവളുടെ കവിൾത്തടം തലോടാൻ മടികാണിച്ചില്ല...
ആയിരം നക്ഷത്രങ്ങളുടെ വെളിച്ചത്തെ തോൽപ്പിക്കുന്ന പ്രകാശത്തിന്റെ പ്രതിബിംബമായിരുന്നു അവളുടെ കണ്ണുകൾക്ക്....
അവൾ ഇടക്ക് എപ്പോഴോ ചില കവിതകൾ പാടി.. അതിൽ ഓരോ വരി കഴിയുമ്പോളും എന്നോടുള്ള അവളുടെ പ്രണയത്തിന്റെ ആർദ്രത കൂടി വന്നു...
മേശയ്ക്കരുകിൽ ഞാൻ കുടിച്ച് ബാക്കി വച്ചിരുന്ന പഴച്ചാറ് അവൾ കുടിച്ചു.. അതിനു ശേഷം അവൾ പരതിയത് എന്റെ ചുണ്ടുകൾക്ക് വേണ്ടിയാണ്.. പെട്ടന്നുതന്നെ അവൾ എന്റെ ചുണ്ടുകളോട് കഥപറയാൻ തുടങ്ങി.. മധുരമേറിയ അവളുടെ ചുണ്ടുകൾക്ക് ആ പഴച്ചാറിന്റെ മണമായിരുന്നു..
അവളുടെ ഓരോ നോട്ടത്തിലും ഭാവത്തിലും പ്രവർത്തികളിലും, ഒരു കാമുകി എന്നതിലുപരി ഒരു ഭാര്യയുടേത് എന്ന് തോന്നിക്കുംവിധം കരുതലും സ്നേഹവും നിറഞ്ഞു നിന്നിരുന്നു... ഓരോ തവണ അവളിൽ നിന്നും ചുംബനമേൽക്കുമ്പോഴും അവളുടെ നിശ്വാസത്തിന്റെ കുളിർമ എന്റെ മുഖത്തു പതിക്കുന്നുണ്ടായിരുന്നു....
ഓരോ നിമിഷവും അവൾ നൽകിയത് ഒരു പുത്തൻ ലോകമായിരുന്നു...
കാമം എന്നാ വികാരത്തിനും മുകളിൽ പ്രേമം സ്നേഹത്തിന് കൈകോർത്ത നിമിഷങ്ങൾ ആയിരുന്നു അത്...
ഏറെ നേരം എന്റെ കണ്ണുകളിലേക്ക് നോക്കിയിരുന്ന ശേഷം അവൾ പറഞ്ഞു..
"എനിക്ക് ഈ ലോകത്തെ വിശ്വാസം ഇല്ലാതായിട്ട് കാലങ്ങൾ ഏറെ കഴിഞ്ഞിരിക്കുന്നു... ഞാൻ നിനക്ക് മുന്നിൽ വച്ച എന്റെ ഈ ശരീരം നീ ആസ്വദിച്ചു എന്ന് ഞാൻ ഒരിക്കലും പറയില്ല.. കാരണം, നിന്റെ ഓരോ സ്പർശനത്തിലും ആത്മാർത്ഥതയുടെ അതിതീവ്രമായ സാന്നിധ്യം ഉണ്ടായിരുന്നു.. ഈ സ്നേഹവും കരുതലും ഞാൻ എന്റെ മരണം വരെ ആഗ്രഹിക്കുന്നു.. നിന്റെ മനം വായിച്ചറിയാൻ എനിക്കധികം സമയം വേണ്ടിവന്നില്ല... പൂട്ടുകൾ ഇല്ലാത്ത വാതിലുകൾ മാത്രമുള്ള തുറന്ന കൊട്ടാരമാണത്... എന്നാൽ ഇന്നുമുതൽ ആ വാതിലുകൾ ഞാൻ സ്വർണതാഴുകൊണ്ടു ബന്ധിക്കും"....
ബാക്കി പറഞ്ഞു മുഴുവിപ്പിക്കാൻ വിടാതെ ഞാൻ അവളുടെ ചുണ്ടുകളിൽ ചുംബനങ്ങളാൽ ബന്ധനം തീർത്തു...
അവളുടെ ആ വാക്കുകൾ എന്നോടുള്ള സ്നേഹം നിറഞ്ഞ അധികാരത്തിൽനിന്നും ഉടലെടുത്തവയായിരുന്നു....
ഇന്നവൾ എന്റെ അരുകിൽ ഇല്ലെങ്കിലും, ആ താക്കോൽ ഇന്നും അവളിൽ ഭദ്രമാണ്... എന്റെ ഹൃദയവും....
✒️ശിവകൃഷ്ണ

ഉയിർ


നിന്റെ കണ്ണുകളിലെ പ്രണയം ഇന്നും എന്റെ ഹൃദയം നിശ്ചലമാക്കുന്ന ചില നിമിഷങ്ങളുണ്ട്..
കാണാമറയത്താണ് നീയെങ്കിലും, എന്റെയരികിൽ ഉള്ളതുപോലെ... എന്നെ തലോടിപ്പോകുന്ന കാറ്റിനൊപ്പം നിന്റെ കൈകളും എന്റെ ശരീരത്തിൽ സ്പർശിക്കുന്നത് പോലെ... ഓരോ തിരിഞ്ഞുനോട്ടങ്ങളിലും നീ പുറകിൽ ഉണ്ടാകുമോ എന്ന പ്രതീക്ഷകളാണ്... ഉമ്മറനടയിൽ നാം ഒന്നിച്ചു കെട്ടിയ ഒറ്റമണി ശബ്‌ദിക്കുമ്പോൾ, നീ തിരികെ വന്നുകാണും എന്നാ ചിന്തയിലാണ് ഞാൻ അവിടേക്ക് ഓടിയെത്തുന്നത്... നിന്റെ രൂപസാദൃശ്യമുള്ള ഓരോ പെകുട്ടിയും അരികിലൂടെ പോകുമ്പോൾ അത് നീയായിരുന്നുവെങ്കിൽ എന്ന് കൊതിക്കാറുണ്ട്.. പക്ഷെ നിനക്ക് പകരക്കാരിയെ കണ്ടെത്താൻ എന്റെ കണ്ണുകൾക്ക് നാളിതുവരെ കഴിഞ്ഞിട്ടില്ല.. നീ കൂടെയുണ്ടായിരുന്നപ്പോൾ ശരവേഗത്തിൽ കഴിഞ്ഞ് പോയ സമയത്തിന് ഇന്ന് നീയില്ലാത്ത വേളകളിൽ ഒച്ചിന്റെ വേഗതയാണ്... നീയെനിക്ക് നൽകിയ സ്നേഹത്തിന് പകരംവയ്ക്കാൻ ഒന്നുമില്ലെന്ന് തിരിച്ചറിയാൻ അധികനാൾ വേണ്ടിവന്നില്ല... നരകതുല്യമാണ് നീ ഇല്ലാത്ത ജീവിതം....
✒️ശിവകൃഷ്ണ

നിൻ മനം...


ആ അമ്മ അവളുടെ കൈപിടിച്ചുകൊണ്ടു പോയപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ ഒരു നോട്ടമായിരുന്നു അവളിൽ.... പ്രാണനേക്കാൾ സ്നേഹിച്ച വീട്ടുകാരെ വിട്ടകലാൻ വയ്യാതെ അവൾ അവനോട് താത്കാലിക വിടകൊടുത്തു പോയി... മറുപടിയൊന്നുമില്ലാതെ അവൻ അവൾ പോകുന്നതും നോക്കി നിന്നു..
തന്റെ സാമ്രാജ്യത്തിൽ നിന്നുമാണ് അവളെ അവർ കൊണ്ടുപോയത്, എന്നിട്ടും പ്രതികരിക്കാതെ നിന്ന അവന്റെ പ്രവർത്തിയിൽ ഒപ്പമുണ്ടായിരുന്ന പലരും അവനെ കുറ്റപ്പെടുത്തി... അപ്പോഴും അവൻ ചലനമില്ലാതിരുന്നു.. തനിക്ക് വിധിച്ചവൾ തിരികെ വരുമെന്ന് അവന് ഉറപ്പുണ്ടായിരുന്നു.. ഒപ്പം അവന് അവളോട്‌ പറഞ്ഞ വാക്കുകൾ അവൻ ഓർത്തു..
" അവർ വിളിച്ചാൽ നീ അവർക്കൊപ്പം പോകുക...
എന്നെക്കാളും നീ അവരെ സ്നേഹിക്കുന്നു എന്ന കാര്യം മറ്റാരേക്കാളും എനിക്കറിയാം... ആ കണ്ണുനീർവീഴ്ത്തിക്കിട്ടുന്ന ശാപം നിറഞ്ഞ ജീവിതം നമുക്ക് വേണ്ട.... നിന്റെ വീട്ടുകാർ നിനക്കുവേണ്ടി ആഗ്രഹിച്ച സ്വസ്ഥജീവിതം നേടിയ ശേഷം ഞാൻ വരും....
എന്റെ ഉടലും ഉയിരും ഞാൻ നിനക്ക് നൽകിയത് നീ എന്റേത് മാത്രമാണെന്നുള്ള ഉറപ്പ് കൊണ്ടാണ്... നമ്മളെ ദൈവം ഒന്നിപ്പിക്കും... ചതിയും വഞ്ചനയും ഇല്ലാത്ത ഒരു ലോകത്ത് ഞാൻ അന്ന് നിന്നെ കൊണ്ടുപോകാം... അതുവരെ കാത്തിരിക്കാം"....
✒️ശിവകൃഷ്ണ

Sunday, September 29, 2019

സഖാവ് സഖി സമരം................


പാർട്ടി ഓഫിസുകളും, മന്ത്രിമന്ദിരങ്ങളും, പോലീസ് സ്റ്റേഷനുകളും മാറിമാറി കയറിയിറങ്ങി ആ അമ്മയുടെ ചെരിപ്പുപോലെ മനസ്സും തേഞ്ഞുതീരാറായിരുന്നു...
തന്റെ മകൻ പ്രണയിച്ച പെൺകുട്ടിയുടെ വീട്ടുകാർ അവനു നൽകിയ മരണമെന്ന സമ്മാനത്തിന്റെ ബാക്കിപത്രമായിരുന്നു ആ അമ്മയുടെ കണ്ണുനീർ... അതിന്റെ നീതിയായി ആ അമ്മയ്ക്ക് വേണ്ടിയിരുന്നത് പണം ആയിരുന്നില്ല, ആ ജീവന്റെ ഘാതകരെ ആയിരുന്നു....
റെയിൽവേ ട്രാക്കിൽ ചിന്നിച്ചിതറി കിടന്നിരുന്ന അവന്റെ ശവശരീരം കണ്ടതുമുതൽ ആ അമ്മയുടെ കണ്ണുനീർ തുടയ്ക്കാൻ ഞാനടക്കം എന്റെ കോളേജ് യൂണിയൻ മുഴുവനും തീരുമാനിച്ചു... പാർട്ടിയിൽ നിന്നുള്ള എതിർപ്പുകൾ ഞാൻ ചെവികൊണ്ടിരുന്നില്ല.... ആ അമ്മയുടെ കണ്ണുനീരിനു മുന്നിൽ, ആ വാക്കുകൾ ഒന്നും അല്ലായിരുന്നു..
അമ്മയ്ക്ക് കൊടുത്ത വാക്ക് പോലെ ഞങ്ങൾ പ്രതിഷേധവുമായി ഇറങ്ങി.. ഉയർന്ന പോലീസ് മേധാവിയുടെ ഓഫിസിനെ ലക്ഷ്യം വച്ചായിരുന്നു ഞങ്ങളുടെ പ്രകടനത്തിന്റെ പോക്ക്...
ലാത്തിയും, തോക്കും, ഗ്രനേഡുകളും, ജലപീരങ്കിയൊന്നും ഞങ്ങളെ തളർത്തിയില്ല.. ഞങ്ങൾ ഒന്നിച്ചു ധൈര്യപൂർവം മുദ്രവാക്യം വിളിച്ചു മുന്നോട്ട് നടന്നു.. അമ്മയെ ഒപ്പം നിർത്തി കൊല്ലപ്പെട്ട ആ ഒരു മകന് പകരം ഒരായിരം മക്കൾ ആ അമ്മക്ക് വേണ്ടി മുദ്രാവാക്യം വിളിച്ചു...
ഏറെ നേരത്തെ സമരത്തിന്റെ കാത്തിരിപ്പിനൊടുവിലും പ്രതികരണം ഒന്നും കിട്ടാതെ വന്നപ്പോൾ ബാരിക്കേഡുകൾ തകർത്ത് അകത്തുകടക്കാൻ ഞങ്ങൾ തീരുമാനിച്ചു...
എന്നാൽ ആ തീരുമാനത്തിൽ ഞങ്ങൾക്ക് അടിപതറി. പോലീസ് സേനയുടെ പ്രതീക്ഷിക്കാത്ത ഇടപെടലിൽ എല്ലാരും ചിതറിയോടി.. എന്റെ തലയ്ക്കും കൈകൾക്കും പരിക്കുപറ്റി.. കൂടെയുണ്ടായിരുന്ന സഹപാഠികൾ എന്നെ അവിടെനിന്നും മാറ്റി നിർത്തി.. എന്റെ മനസ്സിൽ മുഴുവൻ ആ അമ്മ ആയിരുന്നു.. ആ അമ്മയെ രക്ഷിക്കാൻ ഞാൻ അവരോടു പറഞ്ഞു... എന്നിട്ട് അവിടെ ഇരുന്നു.. അടിയുടെ ആഘാതത്തിൽ എനിക്ക് മോഹാലസ്യം വന്നപോലെ തോന്നി..
പെട്ടന്ന് സുഹൃത്തുക്കളിൽ ഒരുവൻ എന്നോട് ഓടിവന്ന് പറഞ്ഞു..
"സഖാവേ... അവിടെ ആ അമ്മ...."
മറ്റെന്തെങ്കിലും അവൻ പറയുന്നതിന് മുന്നേ തന്നെ ഞാൻ അവിടെ നിന്നും സമരം നടന്നിടത്തേക്ക് ഓടി.. അവിടെയെത്തി ആ ദൃശ്യം കണ്ടതും ഞാൻ ഞെട്ടിപ്പോയി..എന്റെ കണ്ണുകൾ നിറഞ്ഞു..
ഞാൻ ഇതുവരെയും കണ്ടുപരിചയം ഇല്ലാത്ത ഒരു പെൺകുട്ടി ആ അമ്മയുടെ ഒപ്പം നിന്ന് ഇപ്പോഴും മുദ്രാവാക്യങ്ങൾ ഉറക്കെ വിളിക്കുന്നു.. ജൂനിയർ ആണ് അവളെന്ന് ആരോ പറഞ്ഞു കേട്ടു...
തലയിൽ നിന്നും കൺപീലികളിലേക്ക് വാർന്നൊഴുകി വന്ന ചോരത്തുള്ളികളെ അവൾ തുടച്ചു മാറ്റുന്നുണ്ടായിരുന്നു... ശരീരം മുഴുവനും പോലീസ്‌കാരുടെ ലാത്തിയുടെ പ്രകമ്പനങ്ങൾ ഏറ്റെങ്കിലും അതൊന്നും അവളുടെ മനസിലെ ചൂടിനെ തളർത്തിയിരുന്നില്ല...
അവളുടെ ധൈര്യത്തിന് മുന്നിൽ ഞങ്ങൾ ഓരോരുത്തരും തലകുനിച്ചു..പിന്നേനൊന്നും നോക്കിയില്ല ആ ഒരൊറ്റ മുദ്രാവാക്യത്തിന് തുടർച്ചയായി ഞങ്ങളെല്ലാം ഏറ്റു വിളിച്ചു.
പോലീസിന് അവിടെനിന്നും തുടച്ചുമാറ്റാൻ ഞങ്ങൾക്ക് അധികം സമയം വേണ്ടി വന്നില്ല.. എല്ലാ വാർത്താ ചാനലുകളും പത്രപ്രവർത്തകരും ഞങ്ങൾക്ക് മുന്നിലെത്തി.... ആ വാർത്തയുടെ ശക്തി, ഓരോ മുദ്രാവാക്യം വിളി കഴിയുന്തോറും കൂടിക്കൊണ്ടിരുന്നു...
അധികനേരം വേണ്ടിവന്നില്ല മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ഞങ്ങൾക്ക് ഇടയിലേക്ക് ഇറങ്ങി വന്നു, അമ്മയുടെ പരാതി സ്വീകരിക്കുന്നതോടൊപ്പം മകന്റെ മരണത്തിനു ഉത്തരവാദികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും അയാൾ വാക്ക് തന്നു....
പക്ഷേ ഞാനടക്കം ചില സമര നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.. ഒപ്പം ഒറ്റയ്ക്ക് നിന്ന് പോരാടിയ ആ പെൺകുട്ടിയെയും...
പോലീസിന്റെ വലിയ ഇടി വണ്ടിയിലുള്ള യാത്രാമധ്യേ ഞാൻ അവളോട് ചോദിച്ചു..
"ഇത്രയും പേർ ചിന്നിച്ചിതറി ഓടിയപ്പോൾ നീ മാത്രം എങ്ങനെ"
അവൾ പറഞ്ഞു....
"ഞാൻ വിശ്വസിക്കുന്നത് കമ്മ്യൂണസത്തിലും പ്രണയിക്കുന്നത് നിന്നെയുമാണ് സഖാവേ.... മരണത്തെ ഞാൻ ഭയക്കുന്നില്ല.. മരണം എന്ന സത്യം എന്തായാലും തേടിവരുന്ന ഒന്നാണ്.. എന്നാൽ എന്റെ ജീവിതം അർത്ഥവത്താകുന്നത് മറ്റുള്ളവർക്ക് വേണ്ടി എന്റെ കണ്ണുനീർ പൊഴിയുമ്പോൾ ആണ്.. നീ കാതുകളിൽ പകർന്നു തന്ന ഓരോ വാക്യങ്ങളും എന്റെ നെഞ്ചിൽ തറച്ചവയാണ്.. അതിനാൽ തന്നെ കൂടെയുള്ളവർക്ക് അടിപതറിയാലും നാം മരണം വരിക്കിലും ലക്ഷ്യം നേടുന്നതുവരെ പോരാടണമെന്ന എന്റെ സഖാവിന്റെ വാക്കുകൾ ഞാൻ മറന്നിരുന്നില്ല... എന്റെ സഖാവ് ഒപ്പമുണ്ടെന്നുള്ള ഒരൊറ്റ ധൈര്യം മതി ശരീരത്തിലെ ചോരയ്ക്ക് അളവില്ലാതെ ഒഴുകാൻ കഴിയും എന്ന തോന്നൽ ഉണ്ടാകാൻ..
ഞാൻ സഖാവിന്റെ പ്രിയസഖിയാണ് കനൽവഴികളിൽ പുഞ്ചിരിയോടെ നടക്കാൻ, വലങ്കയ്യിൽ ചെങ്കൊടിയേന്തി മുന്നേ നടക്കുന്ന നിന്റെ ഇടംകൈ പിടിച്ചു നടന്നാൽ മാത്രം മതിയെനിക്ക്...."
അവൾ വാക്കുകൾ അവസാനിച്ചപ്പോൾ അറിയാതെ എന്റെ കണ്ണുനനഞ്ഞു.. അവളെ അടുത്തേക്ക് വിളിച്ചശേഷം ഞാൻ ഇരുന്ന സീറ്റിന്റെ അരുകിൽ ഇരുത്തി...എന്തിനെയും ദഹിപ്പിക്കാൻ കഴിവുള്ള അവളുടെ കണ്ണുകളുടെ തീക്ഷ്ണതയെ വെല്ലുവിളിച്ചുകൊണ്ട്... അവളുടെ കൈകൾ എന്റെ നെഞ്ചോടു ചേർത്തുവച്ച ശേഷം വിപ്ലവ രക്തം തിളച്ചുമറിയുന്ന എന്റെ ഹൃദയമിടിപ്പുകൾ കൊണ്ട് ഞാൻ അവൾക്കു മറുപടി നൽകി........
(ഈ കഥയുടെ Title മാത്രം നൽകി എന്നിൽ നിന്നും മറഞ്ഞിരിക്കുന്ന എന്റെ സഖിക്ക് വേണ്ടി ഈ കഥ ഞാൻ മുഴുവിപ്പിച്ചു... "സഖാവ് സഖി സമരം"... ഇന്നും നീ പറഞ്ഞ ഈ വെറും മൂന്ന് വരികളിൽ നിന്റെ തിരിച്ചുവരവുകൾ ഞാൻ അറിയുന്നു)
✒️ശിവകൃഷ്ണ

Tuesday, September 24, 2019




ജാതിയും മതവും വേർപെടുത്തിയ പ്രണയങ്ങളിൽ അവസാനത്തേതാവട്ടെ നമ്മുടേത്.. 

നമുക്ക് മുന്നേ ഇതനുഭവിച്ചവരും, നമ്മളും,   മരണം കൊണ്ടു മറുപടി പറഞ്ഞിട്ടും, വാശിക്കും വൈരാഗ്യത്തിനും ജാതി മത വെറികൾ മൂടിയ മനസ്സിനും അപ്പുറത്തു  സ്നേഹത്തിനു വില നൽകാൻ ഈ നശിച്ച സമൂഹത്തിനു ഇതുവരെ കഴിഞ്ഞിട്ടില്ലല്ലോ..

കാലം കഴിയും തോറും ഇതിനു അറുതി വരുമെന്ന് കരുതിയെങ്കിൽ തെറ്റി.  

കപട രാഷ്ട്രീയവും, കുപ്രചാരം നടത്തുന്ന തന്തയില്ലാ ഭരണകർത്താക്കളും ജീവനോടെ ഉള്ളടുത്തോളം കാലം ഇത് തുടരുകതന്നെ ചെയ്യും..

ഇനിയുള്ള തലമുറയിലെ ജനന സെർട്ടിഫിക്കറ്റുകളിൽ ജാതിക്കും മതത്തിനും ഉള്ള കോളങ്ങൾ ഇല്ലാതാവാൻ പ്രാർത്ഥിക്കാം പരിശ്രമിക്കാം..

🖋ശിവകൃഷ്ണ

യാത്ര

ഞാൻ ആ അച്ഛനെ ഇന്നോർക്കുന്നു. എന്റെ ചോരയിലെ ഒരംശത്തിലും ആ മനുഷ്യൻ്റെ അദ്വാനത്തിന്റെ വിയർപ്പുകൊണ്ടുണ്ടാക്കിയ ഭക്ഷണത്തിന്റെ കണികകൾ ഉള്ളതുകൊണ്ടാവാം, ഇന്ന് ആ മനുഷ്യൻ അനുഭവിക്കുന്ന നരകവേദന എന്റെ കണ്ണുകളെയും നനയിച്ചത്.  

സമ്പന്നതയുടെ കൊടുമുടിയിൽ നിന്ന അദ്ദേഹം എല്ലാവർക്കും അന്ന് ഇഷ്ടതോഴനും, ഭാര്യക്ക് നല്ലൊരു ഭർത്താവും, മകന്റെ ആഗ്രഹങ്ങൾ അറിയിക്കാതെ തന്നെ സാധിച്ചുകൊടുക്കുന്ന ഒരു അച്ഛനായും തന്റെ ജന്മം അവർക്കു വേണ്ടി ജീവിച്ചു,  സമർപ്പിച്ചു... 

പുറമെ നിന്നു നോക്കുന്നവരിൽത്തന്നെ അസൂയയും കുശുമ്പും ഉടലാക്കിയിരുന്നു ആ മനുഷ്യന്റെ പ്രവർത്തികൾ.  

മറ്റൊരാളുടെ അമിത സന്തോഷമാർന്ന ജീവിതം കാലത്തിന് എന്നും തട്ടിത്തെറിപ്പിക്കാനുള്ള അല്പനേരത്തെ തമാശമാത്രമായിരുന്നു.  കാലം  പതിവുപോലെ തന്റെ ദുഷ്ടതകൾ ആ അച്ഛനുമേൽ പ്രയോഗിച്ചു. 

നാളുകൾ കഴിയുംതോറും  കൈവിട്ടുപോകുന്ന ജീവിതത്തിൽ നിന്ന്,  അന്ന് അദ്ദേഹം നെഞ്ചോടു ചേർത്ത സുഹൃത്തുക്കളായിരുന്നു ആദ്യം വിടപറഞ്ഞൊഴിഞ്ഞത്. ഏറെ വൈകാതെ അദ്ദേഹം,  തന്നെ പുകഴ്ത്തിയവർക്കിടയിൽപോലും  ഒരു ചോദ്യചിഹ്നമായി മാറിത്തുടങ്ങി. കീശയുടെ കനം കുറയുന്നതിനൊപ്പം അദ്ദേഹത്തിന് കിട്ടേണ്ട ബഹുമാനങ്ങളും കുറയുന്ന കാര്യം ആ പാവം പതിയെ മനസിലാക്കി.  കുടുംബാംഗങ്ങളും, ഭാര്യയും, താൻ നെഞ്ചോടു ചേർത്ത് തന്റെ ചോര നീരാക്കി വലുതാക്കിയ ആ മകനും തനിക്കെതിരായപ്പോൾ ആ അച്ഛൻ തകർന്നുപോയി.  ഈ ലോകത്ത് താൻ ഒരു അധികപ്പറ്റാണെന്നുപോലും അദ്ദേഹം ചിന്തിച്ചു.  പിന്നീടുള്ള  എല്ലാ പ്രവർത്തികളിലും കുറ്റം മാത്രം കാണാൻ ശ്രമിച്ച മറ്റുള്ളവർ ആ മനുഷ്യന്റെ ഹൃദയം പൊട്ടുന്നത് കാണാൻ കൂട്ടാക്കിയില്ല. 

പതിയെ ഇരുട്ട് മൂടിയ ആ മനുഷ്യൻ ഒരു നാൾ മനസിലാക്കി,  "തനിക്ക് ചുറ്റുമുണ്ടായിരുന്ന പരിചരണങ്ങളും സ്നേഹപ്രകടനങ്ങളുമെല്ലാം തന്റെ വിയർപ്പിന്റെ ഫലമായ  നാണയത്തുട്ടുകളുടെ തിളക്കത്തിന്റെ മാത്രം ശക്തിയിൽ ഉടലെടുത്ത വെറും പ്രഹസനങ്ങളായിരുന്നു.  താൻ എന്ന മനുഷ്യനെ സ്നേഹിക്കാൻ ഇന്നീ ഭൂമിയിൽ ആരുമില്ല,  ജന്മം തന്നവരും, താൻ ജന്മം കൊടുത്തവരും"

ഒരു നാൾ, ആരുടേയും കുത്തുവാക്കിനും പരിഹാസത്തിനും കാതോർക്കാതെ, ആരോടും യാത്ര പറയാതെ,  എങ്ങോട്ടെന്നില്ലാതെ തന്റെ പ്രിയപ്പെട്ട പുസ്തകങ്ങളും,  പ്രിയപ്പെട്ടവരുടെ ചിത്രങ്ങളും മാത്രം എടുത്തുകൊണ്ട്  ആ മനുഷ്യൻ നടന്ന് നീങ്ങി...  

"ചിതലരിക്കാത്ത ചില നല്ല ഓർമകളുമായി"


✒ശിവകൃഷ്ണ

മഞ്ചാടി

കൃഷ്ണന്റെ അമ്പലത്തിൽ പ്രാർത്ഥിച്ച ശേഷം പുറത്തോട്ടിറങ്ങുകയായിരുന്നു, ശ്രീകോവിലിനു ഒരുവശത്തായി മാറി നിന്നു ഷർട്ട്‌ ഇടുന്നതിനിടയിൽ എന്റെ കണ്ണിൽ തറച്ചതായിരുന്നു ഉരുളിയിൽ വച്ചേക്കുന്ന മഞ്ചാടിക്കുരു വരിക്കളിക്കുന്ന രണ്ടു കുട്ടികൾ..  

മനോഹരമായ കുട്ടിക്കാല സ്മരണകളിൽ ഒന്നായിരുന്നു മഞ്ചാടിക്കുരു. വെക്കേഷൻ സമയങ്ങളിൽ അതിരാവിലെ പറമ്പിലെ മഞ്ചാടി മരം തേടി ഓടുമായിരുന്നു ഞാനും മറ്റു ബന്ധുക്കളും, മത്സരമായിരുന്നു അന്നൊക്കെ. കൂടുതൽ മഞ്ചാടി പറക്കുന്നവർ  ആയിരുന്നു അന്ന് ജയിക്കുന്നത്. അനിയത്തി അന്ന് തീരെ ചെറുതായിരുന്നു, മഞ്ചാടി വാരിക്കളിക്കുന്നതിനിടയിൽ  അവൾ അതിൽ രണ്ടെണ്ണം അറിയാതെ മൂക്കിന്റെ ഉള്ളിലാക്കി. ശ്വാസം മുട്ടി അവൾ വല്ലാതെ അസ്വസ്ഥയായി. കൂടെ ഉണ്ടായിരുന്നവർ മുതിർന്നവരെ വിളിക്കാൻ ഓടി. തളർന്നു വീണ അവളെ ഞാൻ എന്റെ മടിയിൽ കിടത്തി. അതുവരെ കണ്ടാൽ കീരിയും പാമ്പും ആയിരുന്നു ഞങ്ങൾ.  എന്നാൽ അന്ന് ആദ്യമായി അവൾ എന്നെ വിട്ടകലുമോ എന്ന് ഞാൻ ഭയന്നു..  നിലവിളിച്ചിട്ടും ആരും വന്നില്ല.  അവളുടെ ശ്വാസത്തിന്റെ ശക്തി കുറയുന്നത് പോലെ എനിക്ക് തോന്നി.. 

പെട്ടന്ന് ഒരു ചേട്ടൻ പറമ്പിലേക്ക് ഓടി വന്നു .  ഞാൻ കാര്യം പറഞ്ഞ് തീരും മുന്നേ അയാൾ അവളെ എന്റെ കയ്യിൽ നിന്നും വാരിയെടുത്തു അടുത്തുള്ള ആൽത്തറയിൽ കിടത്തി, ശേഷം അവളുടെ മൂക്കിൽ നിന്നും എങ്ങനെയോ ആ മഞ്ചാടിക്കുരുക്കൾ പുറത്തെടുത്തു.. പതിയെ ജീവിതത്തിനും മരണത്തിനും ഇടയിലൂടെ അവൾ എന്നെ ചേട്ടാ എന്ന് വിളിച്ചു. സകല ദൈവങ്ങൾക്കും നന്ദി പറഞ്ഞ് ഞാൻ അവൾടെ കൈപിടിച്ച് എഴുന്നേൽപ്പിച്ചു ഇരുത്തി..  പെട്ടന്ന് വീട്ടുകാരും അവരെ വിളിക്കാൻ പോയ കുട്ടികളും ഓടിയെത്തി. അനിയത്തിയെ അമ്മ കയ്യിൽ എടുത്തു, അവൾ വിശദമായി കാര്യം പറഞ്ഞു . പക്ഷെ ഞാൻ തിരിഞ്ഞു നോക്കിമ്പോൾ അവളെ രക്ഷിച്ച ആ ചേട്ടൻ അവിടൊന്നും ഇല്ലായിരുന്നു. ഞാൻ ഒരുപാടു തിരഞ്ഞു. അമ്മയോടും മറ്റുള്ളവരോടും ഞാൻ പറഞ്ഞു ആ ചേട്ടന്റെ കാര്യം,   അതിശയം എന്തെന്നാൽ അനിയത്തി പോലും കണ്ടില്ല അങ്ങനെ ഒരാളെ.  അവൾ പറയുന്നു ഞാൻ ആണ് അവളെ എടുത്ത് ആൽത്തറയിൽ കിടത്തി ആ മഞ്ചാടിക്കുരു മൂക്കിൽ നിന്നും പുറത്തെടുത്തതെന്നു. 

എന്റെ സംശയം തെറ്റിയില്ല,  അതെന്റെ ഭഗവാൻ കൃഷ്ണൻ തന്നെ ആയിരുന്നു. 
ഒരു പാട് തിരഞ്ഞിട്ടും പിന്നീട് എനിക്ക് ആരൂപം കാണാൻ കഴിഞ്ഞില്ല.  ചിലപ്പോൾ അനിയത്തിയോടുള്ള യഥാർത്ഥ കരുതലും സ്നേഹവും എന്നെ മനസിലാക്കിത്തരാൻ കള്ളക്കണ്ണൻ കാണിച്ച മയകളാവും ഇതെല്ലാം.... 

പക്ഷെ അതിനു ശേഷം ഞാൻ അവളോട്‌ ദേഷ്യപ്പെട്ടിട്ടില്ല.  മരണം കൊണ്ടുപോയിട്ടും ഭഗവാൻ എനിക്ക് തിരികെ തന്ന വിഷുക്കണിയാണവൾ..... 

🖋ശിവകൃഷ്ണ

കാലം മറച്ച ജീവാംശം

ഇന്ന് പതിവില്ലാതെ എന്റെ പഴയ വീട്ടിലെത്തി. അപ്പൂപ്പന്റെ മരണശേഷം അങ്ങനെ ആരും അവിടെ പോവാറില്ലായിരുന്നു. ഞാൻ അകത്തോട്ടു കയറുന്നത് നോക്കിനിന്ന അയല്പക്കത്തെ ചേച്ചി സൂക്ഷിച്ചു കയറാൻ പറഞ്ഞു.  അടഞ്ഞു കിടന്ന വീടല്ലേ വല്ല ഇഴജന്തുക്കളും ഉണ്ടാവുമെന്ന് കരുതിയാവും. ഞാൻ അകത്തു കയറി. കുറച്ചു പഴയ കസേരകളും അലമാരയും പിന്നെ ഒരു ടയനോര ടിവിയും മാത്രമേ അവിടെ ഉള്ളു. അകത്തെ എന്റെ പഴയ മുറി ലക്ഷ്യമാക്കി ഞാൻ നടന്നു. പണ്ടെങ്ങാണ്ടോ പൂട്ടിയതാ ഇപ്പൊ ചാവി പോലും കയ്യിൽ ഇല്ല.  ഞാൻ അവിടെ ഉണ്ടായിരുന്ന ഒരു ഇരുമ്പ് കഷ്ണം കൊണ്ടു പൂട്ട് പൊട്ടിച്ചു...  അകത്തു കയറിയപ്പോളാണ്  മനസിലായത്, എന്റെ ജീവിതത്തിലെ നല്ലസമയങ്ങളുടെ ഒരുകൂട്ടം ഓർമകൾ അതിൽ ഉണ്ടായിരുന്നു..  പ്രൈമറി സ്കൂൾ മുതലുള്ള പാഠപുസ്തകങ്ങൾ ചിതലരിച്ചു പകുതിയും നശിച്ചുപോയി. പത്താംക്ലാസ് കഴിഞ്ഞിറങ്ങുമ്പോൾ കൂട്ടുകാർ ഉജാല കൊണ്ടും മഷി കൊണ്ടുമൊക്കെ യൂണിഫോമിൽ നടത്തിയ ചിത്രപ്പണികൾ, ഓട്ടോഗ്രാഫ് ഉകൾ,   പണ്ട് വായിക്കാൻ മറന്നുവെച്ച ബാലരമയും പൂമ്പാറ്റയും ഒക്കെ അവിടെ എന്നെയും കാത്തിരുന്നു. കള്ളവും ചതിയും കപടതയും ഒന്നുമില്ലാത്ത ആ കുട്ടിക്കാലം ഓർമയിൽ വീണ്ടും ഓടിനടന്നു.. അതിനിടയിലാണ് മാറാലപറ്റിക്കിടന്ന  എന്റെ ഒരു പഴയ പാവക്കുട്ടി കയ്യിൽ കിട്ടുന്നത്.....
ജീവിതത്തിലെ ഒരു നല്ല കാലഘട്ടത്തിന്റെ ഓർമ,  എന്റെ ശ്രീക്കുട്ടിയുടെ ഓർമ....  


അപ്പൂപ്പന്റെ ഈ വീട്ടിൽ ആയിരുന്ന സമയത്ത് മുകളിലത്തെ നിലയിൽ താമസത്തിന് വന്ന  നാരായണ സ്വാമിയുടെയും കല ആന്റിയുടെയും ഇളയ മകളായിരുന്നു ശ്രീ വിദ്യ എന്റെ ശ്രീക്കുട്ടി.. 

ഞങ്ങളുടെ നാട്ടിലെ SBI ബാങ്കിലെ പുതിയ മാനേജർ ആയിരുന്നു അവൾടെ അച്ഛൻ..  എന്തുകൊണ്ടാണെന്നറിയില്ല അവളും ഞാനും പെട്ടന്നുതന്നെ കൂട്ടുകാരായി.. എനിക്കും അവൾക്കും അമ്മ ഒരു ട്യൂഷൻ ചേച്ചിയേ ഏർപ്പാട് ചെയ്തു അങ്ങനെ ഞങ്ങൾ വളരെ അടുപ്പത്തിലായി..  

അച്ഛനും അമ്മയും ഇല്ലാത്ത സമയങ്ങളിൽ ഉണ്ടാവുന്ന എന്റെ ഒറ്റപ്പെടലുകൾ അവൾ വന്നതോടെ പതിയെ ഇല്ലാണ്ടായി..  ഞങ്ങൾ ഞങ്ങളുടെ ലോകത്തിൽ സന്തോഷം കണ്ടെത്തി. എനിക്ക് അവളും അവൾക്കു ഞാനും മാത്രം മതിയായിരുന്നു..  അപ്പൂപ്പന്റെ  കൃഷിയിടങ്ങൾ ഞങ്ങളുടെ കളിസ്ഥലമായി. ഞങ്ങളുടെ ലോകത്ത് മറ്റൊരാളെ ഞങ്ങൾ കടത്തിവിടുമായിരുന്നില്ല..  

ഒരുപക്ഷെ വിധിയുടെ വിളയാട്ടം എന്നപോലെ അവൾടെ അച്ഛന് വീണ്ടും സ്ഥലം മാറ്റം കിട്ടി..  ജില്ലക്ക് ഉള്ളിൽ ആണെങ്കിലും ഞങ്ങൾ നന്നായി വിഷമിച്ചു..  ഇനി കാണാൻ കഴിഞ്ഞില്ലെങ്കിലോ....

ഞങ്ങളുടെ വിഷമം കാണാൻ വയ്യാതെ ആയിരിക്കണം എല്ലാരും കൂടെ ഞങ്ങളെ ഒരു സ്കൂളിൽ ആക്കാൻ തീരുമാനിച്ചു. 

അങ്ങനെ  സന്തോഷത്തോടെ അവൾ പോകാനും, ഞാൻ അവളെ യാത്രയാക്കാനും തീരുമാനിച്ചു. 

വീട്ടുസാധനങ്ങൾ ലോറിയിലേക്ക് കയറ്റിക്കൊണ്ടിരിക്കുന്നു,  അവൾടെ  ഏറ്റവും ഇഷ്ടമുള്ള പാവ ഞാൻ അവൾ അറിയാതെ അവളെ പറ്റിക്കാൻ വേണ്ടി മാമന്റെ ബൈക്കിന്റെ ലോഡ് ബോക്സിൽ ഒളിപ്പിച്ചു വച്ചു..  അവൾ അത് അന്വേഷിച്ചു നടന്നു. അവസാനം പോകാൻ നേരം കൊടുക്കാം എന്നായിരുന്നു എന്റെ plan.. 
പക്ഷെ എന്റെ പ്രതീക്ഷകൾ എല്ലാം തെറ്റിച്ചുകൊണ്ട് മാമൻ ബൈക്കുമായി എങ്ങോട്ടോ പോയി.. അന്ന് മൊബൈലും ഇന്റെർനെറ്റുമൊക്കെ വിരളം..  മാമൻ എവിടെയാ, എപ്പോളാ മടങ്ങി വരിക എന്നൊന്നും അറിയാൻ സാധിച്ചിരുന്നില്ല അവൾ സങ്കടത്തോടെ ആ പാവാ തേടി നടന്നു..  എനിക്ക് സത്യം അവളോട്‌ പറയണം എന്നുണ്ടായിരുന്നു, പക്ഷെ എന്റെ അമ്മ അറിഞ്ഞാൽ എന്നെ തല്ലുമോ എന്നുള്ള പേടികൊണ്ടു ഞാൻ ഒന്നും മിണ്ടാതെ നിസ്സഹായനായി നോക്കി നിന്നു.. 

പോകാൻ നേരം കാറിന്റെ പിൻസീറ്റിലെ ജനാലക്കരുകിൽ ഇരുന്നു നിറകണ്ണുകളോടെ അവൾ  പറഞ്ഞു. "നിനക്ക് തരാൻ വേണ്ടിയാ ഞാൻ ആ പാവക്കുട്ടി തിരഞ്ഞു നടന്നത്, പക്ഷെ കണ്ടില്ലല്ലോ.  എവിടുന്നെങ്കിലും കിട്ടിയാൽ നീ ഇതു സൂക്ഷിച്ചു വയ്ക്കണം..  എന്നിട്ട് എന്നെ കാണാൻ വരുമ്പോൾ  കൊണ്ടു വരണേ "  

എന്റെ ജീവിതത്തിൽ ആദ്യമായി ഹൃദയം നിലച്ചത്പോലെ തോന്നി. അവളുടെ മനസിലെ എന്റെ സ്ഥാനം മറ്റെന്തിനേക്കാളും വലുതാണെന്ന് എനിക്ക് മനസിലായി, അല്ലെങ്കിൽ വർഷങ്ങളായി അവൾ സ്നേഹിച്ചു താലോലിച്ചു കൂടെ കൊണ്ടുനടന്ന അവൾടെ പാവ വിശ്വാസത്തോടെ എന്നെ ഏൽപ്പിക്കാൻ അവൾ തീരുമാനിക്കില്ലല്ലോ.  

ഒരു കള്ളനെപ്പോലെ ഞാൻ എന്നെത്തന്നെ നോക്കിക്കണ്ടു, അവൾ പോയ car പതിയെ മറയുന്നത് ഞാൻ നോക്കിനിന്നു.. എന്നിട്ട് മാമൻ വരുന്നതും കാത്തുനിന്നു ആ പാവ ഞാൻ വീണ്ടെടുത്തു.. പക്ഷെ അത് കാണാൻ അവൾ എന്റെയടുക്കൽ ഇല്ലായിരുന്നു..  സ്കൂൾ തുറന്നു പോയപ്പോളും ഞാൻ അവളെ അന്വേഷിച്ചു.. പക്ഷെ എനിക്ക് കണ്ടെത്താനായില്ല..  മറ്റൊരു സ്കൂളിൽ ആവും അവൾ എന്ന് വീട്ടുകാർ  എന്നെപ്പറഞ്ഞു  ആശ്വസിച്ചു... 

ഇന്നും ഞാൻ ആ പാവയുമായി അവൾക്കു വേണ്ടി കാത്തിരിക്കിന്നു..  അവളുമായി സാദൃശ്യം തോന്നിയ പല പെൺകുട്ടികളോടും അവളെന്നു കരുതി ഞാൻ മിണ്ടാൻ ശ്രമിച്ചിട്ടുണ്ട്. കുട്ടിക്കാലം തിരിച്ചു കിട്ടിയെങ്കിൽ എന്ന് ഞാൻ ഇപ്പോളും ആശിച്ചു പോകുന്നു.. എന്റെ ശ്രീക്കുട്ടിയുടെ കണ്ണുനീർതുടച്ചു ആ പാവ അവൾക്കു തിരികെ നൽകണം 

 എന്നെ അറിഞ്ഞ ഞാൻ അറിഞ്ഞ എന്റെ  ശ്രീക്കുട്ടിക്കുവേണ്ടി. 

🖋ശിവകൃഷ്ണ

കണ്ണുകൾ

അന്ന് അച്ഛൻ എറണാകുളം തോപ്പുംപടിയിൽ LG ഷോറൂം മാനേജർ ആയിരുന്നു. ഞാൻ അന്ന് 9 ആം ക്ലാസ്സ്‌ അവധിക്കാലം ആഘോഷിക്കുന്നു. ആ സമയത്താണ് അപ്പുപ്പൻ പോലീസിൽ നിന്നും വിരമിച്ചത്. അങ്ങനെ ഞങ്ങൾ നാട്ടിലേക്ക് തിരികെ വന്നു. വർഷങ്ങൾ കഴിഞ്ഞാണ് ഞാൻ നാട്ടിലേക്ക് തിരികെ  വന്നത്.  ബന്ധുക്കൾ ഒന്നും തന്നെ സുപരിചിതർ അല്ല.  ആകെപ്പാടെ ഒരു ചമ്മലായിരുന്നു, ചിലരെയൊന്നും ഞാൻ കണ്ടിട്ടുപോലുമില്ല.  അങ്ങനെ പത്താം ക്ലാസ്സിൽ എന്നെ വീടിനടുത്തുള്ള ഒരു എയ്ഡഡ് സ്കൂളിൽ ചേർത്തു, ആവശ്യത്തിന് പഠിത്തക്കാരൻ ആയിരുന്നതിനാൽ ആരും കുറ്റം പറഞ്ഞിരുന്നില്ല.  അങ്ങനെ ഇരിക്കെ എന്നെ അച്ഛനന്റെ ഒരു പരിചയക്കാരന്റെ ട്യൂഷൻ ക്ലാസ്സിൽ ചേർത്തു, സാമാന്യം കുഴപ്പമൊന്നുമില്ലാത്ത ഒരിടം. അടുത്ത ദിവസം മുതൽ വരാൻ എന്നോട് പറഞ്ഞു.  അങ്ങനെ രാവിലെ 5.00 മണിക്ക് തന്നെ കുളിച്ചൊരുങ്ങി ട്യൂഷൻ ക്ലാസ്സിൽ പോയി..  അവിടെ മൂന്നാമത്തെ ബഞ്ചിൽ സ്ഥാനം ഉറപ്പിച്ചു..  തൊട്ടടുത്തിരുന്നവൻ അപ്പോഴേക്കും ഉറക്കപ്പിച്ചിൽ  എന്നോട് ചോദിച്ചു "പുതിയതാണല്ലേ?"
അതെയെന്ന് പറയുന്നതിനൊപ്പം ഞാൻ അവന്റെ പേരും ചോദിച്ചു. അഭിജിത്ത്.. 

ഞങ്ങൾ കൂട്ടുകാരാവാൻ  അധികം സമയം എടുത്തില്ല..  അവനു അവിടെ ഒരു കാമുകി ഉണ്ടായിരുന്നു.  ഒരു മൊഞ്ചത്തി. 

അങ്ങനെ ദിവസങ്ങൾ കഴിഞ്ഞുപോയി. 

ഒരുദിവസം ജോഗ്രഫി പീരിയഡ് നടക്കുമ്പോൾ അഭി എന്നെ തട്ടിവിളിച്ചിട്ട് ചെവിയിൽ പറഞ്ഞു "അളിയാ എന്റെ പെണ്ണിന്റെ അടുത്തിരിക്കുന്ന പെണ്ണിനെ നീ ശ്രദ്ധിച്ചുനോക്ക് ഇടക്ക് അവൾ നിന്നെത്തന്നെയാ നോക്കി ഇരിക്കുന്നത്"

അഭിക്ക് ഒരു ഇടിയും കൊടുത്ത് മിണ്ടാണ്ടിരിക്കാൻ ഞാൻ പറഞ്ഞു. 
പക്ഷെ  എനിക്കും അന്ന് ആ തോന്നൽ ഉണ്ടായി, ആരോ നോക്കുന്നതുപോലെ.

അത് ആരാണെന്നറിയാൻ ഞാൻ  പെട്ടന്ന് സൈഡിലേക്ക് നോക്കി..  അവൾ ഞെട്ടിപ്പോയി, കൂടെയിരുന്നു അഭിയുടെ മൊഞ്ചത്തി പെട്ടന്ന് ചിരിച്ചു. കൂടെ അവളും. ഞാൻ പിന്നെയും നോക്കി അവൾ എന്നെയും. അങ്ങനെ ദിവസങ്ങൾ ഒരുപാട് പോയി.  ഓണം വന്നു,  ട്യൂഷൻ ക്ലാസ്സിൽ ഓണാഘോഷപരിപാടികൾ നടക്കുന്നു. അന്നാണ് അവളെ ഞാൻ ഹാഫ് സാരിയിൽ ആദ്യമായി കാണുന്നത്..  ഇത്രെയും പെൺകുട്ടികൾ അവിടെ ഉണ്ടായിട്ടും ഞാൻ അവളെത്തന്നെ നോക്കിനിന്നു. കണ്മഷികൊണ്ട് തീർത്ത ഒരു മനോഹര വശ്യത അവളുടെ കണ്ണുകൾക്ക് ഉണ്ടായിരുന്നു. അന്ന് ആദ്യമായി ഞങ്ങൾ പരസ്പരം മിണ്ടി..  കൂട്ടുകാരായി... അവളുടെ വീടും എന്റെ വീടിനടുത്താണെന്നു ഞാൻ മനസിലാക്കി.  പിന്നീടുള്ള യാത്രകൾ ഞങ്ങൾ ഒന്നിച്ചായിരുന്നു.. അങ്ങനെ ഞാൻ അവളെ കൂടുതലായി അറിഞ്ഞു 

അവൾടെ അച്ഛനും അമ്മയും ദുബായിൽ ആയിരുന്നു.  വല്യമ്മയുടെ കൂടെയായിരുന്നു അവളുടെ താമസം.  അവൾക്കു mobile ഉണ്ടെന്നു ഞാൻ മനസിലാക്കി..  എനിക്കും ഉണ്ടായിരുന്നു ഒരു പഴയ Nokia, 6600 cam phone.  

എനിക്ക് പതിയെ അവളോട്‌ ഇഷ്ടം തോന്നിത്തുടങ്ങി.  അങ്ങനെയിരിക്കെ ഒരുദിവസം അറിയാതെ ഞാൻ വീട്ടിൽ മാമനോട് അവളുടെ കാര്യം പറഞ്ഞു.  മാമൻ അത് ഫ്ലാഷ് ആക്കി..  അങ്ങനെ അമ്മ അറിഞ്ഞു.  പക്ഷെ ആരും എന്നെ ഒന്നും പറഞ്ഞില്ല.. 

അതിനു രണ്ടുദിവസം കഴിഞ്ഞു ഒരുദിവസം അവൾ എന്നോട് വീട്ടിൽ വരാൻ പറഞ്ഞു. ആദ്യം ഇല്ലന്ന് പറഞ്ഞെങ്കിലും ഞാൻ പിന്നീട് സമ്മതിച്ചു..  

പോകുന്ന വഴിക്ക് വീട്ടിൽ കയറി പറഞ്ഞിട്ട് പോകാമെന്നു കരുതിയപ്പോ വീട്ടിൽ അപ്പുപ്പൻ മാത്രമേ ഉണ്ടായിരുന്നുള്ളു.  ഞാൻ അവളെ പുറത്തു നിർത്തിയിട്ട് അകത്തു കേറി അപ്പുപ്പനോട് അവർ എവിടെയെന്നു ചോദിച്ചു.  കടയിൽ പോയെന്നു അപ്പാപ്പൻ മറുപടി പറഞ്ഞു.  ബാഗ് നടയിൽ വച്ചിട്ട് ഞാൻ അവൾടെ ഒപ്പം പോയി.. 

ഗേറ്റ് തുറന്നു അവൾ അകത്തോട്ടു പോയി.  അവളുടെ ചേച്ചി എന്നെ അകത്തേക്ക് വിളിച്ചു..  ഒരു മടിയോടെ ഞാൻ അകത്തേക്ക് പോയി..  അടുത്ത നിമിഷം ഈ ലോകത്ത് ഇനിയും ആർക്കും വരരുതേ എന്ന് ഞാൻ കരുതിയ ആ അവസ്ഥ, ഞെട്ടലോടെ ഞാൻ ആ കാഴ്ച കണ്ടു............. 

അവളുടെ വീട്ടിലെ ഡൈനിങ്ങ് ടേബിളിൽ ഇരുന്നു ചായകുടിക്കുന്ന ചിലർ.   അതിൽ ഒന്ന് അമ്മയും മറ്റൊന്ന് അമ്മുമ്മയും ആയിരുന്നു. എന്നോട് വന്നിരിക്കാൻ അവൾടെ വല്യമ്മ പറഞ്ഞു..  എന്റെ മനസിൽ ആകപ്പാടെ ഒരു വിറയൽ.  അമ്മ എങ്ങനെ ഇവിടെ എത്തി. അവൾ എന്തിനാ എന്നെ വിളിച്ചു വരുത്തിയത്.  ഇങ്ങനെ ഒരായിരം ചോദ്യങ്ങൾ എന്നെ വലയം ചെയ്തുകൊണ്ടിരുന്നു.. 

ഒരു ഗ്ലാസ്‌ ചായ എന്റെ മുന്നിൽ അവൾടെ ചേച്ചി കൊണ്ടു വച്ചു..  അമ്മ എന്നോട് ചോദിച്ചു എന്തിനാ ഇവിടെ വന്നതെന്ന്.   ഇതേ ചോദ്യം തിരിച്ചു ചോദിക്കാൻ എനിക്കും തോന്നിയെങ്കിലും മനസ്സ് അനുവദിച്ചില്ല..  ഞാൻ പറഞ്ഞു "അവൾ വിളിച്ചിട്ടാ" വന്നതെന്ന്..   

അവൾടെ വല്യമ്മ എന്നെ ചേർത്തുനിർത്തി പറഞ്ഞു.  "മോനു ഞാൻ ആരാന്നു അറിയോ?" 

നിന്റെ അമ്മേടെ അടുത്ത കൂട്ടുകാരി ആണ്..  ഞങ്ങൾ ഒന്നിച്ചു കളിച്ചു വളർന്നതാ ..  പോരാഞ്ഞിട്ട് ഞങ്ങൾ ബന്ധുക്കളും കൂടിയാ.... 

ഞാൻ ആകപ്പാടെ വിയർത്തു അവൾടെ ചേച്ചി എന്നെ റൂമിലേക്ക്‌ വിളിച്ചുകൊണ്ടു പോയി. അവിടെ വച്ചു അവൾ എന്നോട് പറഞ്ഞു അവർ പ്ലാൻ ചെയ്തു എന്നെ വിളിച്ചു വരുത്തിയതാണെന്നു..  ചമ്മലോടെ ഞാനും ചിരിച്ചു...  അങ്ങനെ ഞാൻ അവിടത്തെ ഒരു അംഗത്തെപ്പോലെയായി. പതിയെ ഞങ്ങൾ അടുത്തു. ഒരുദിവസം രാത്രി ഞാൻ രണ്ടും കല്പിച്ചു അവൾക്കു ഒരു sms അയച്ചു. I love you,  എന്ന്..  പ്രതീക്ഷയോടെയും വിറയലോടെയും ഞാൻ കാത്തിരുന്നു. വൈകാതെ മറുപടി വന്നു.  Love u too..  

ആ സമയത്ത് ഞാൻ ഈ ലോകത്തിന്റെ നെറുകയിൽ എത്തിയതുപോലെ തോന്നി..  ദേഹമാസകലം മരവിച്ചു ഒരു വാക്കുപോലും type ചെയ്യാൻ പറ്റാതെ ഞാൻ ആ മറുപടി തന്നെ നോക്കി നിന്നു..  പെട്ടന്ന് ഒരു കാൾ വന്നു. അവൾ.  ഞാൻ ഫോണുമായി പുറത്തേക്കിറങ്ങി. കാൾ എടുത്ത് സംസാരിച്ചു, അവൾ വീട്ടിലേക്ക് വരാൻ പറഞ്ഞു.  ഞാൻ പോയി..  അവിടെ ചേച്ചിയും അവളും മാത്രമേ ഉണ്ടായിരുന്നുള്ളു.   ചേച്ചി ആരോടോ ഫോണിൽ കത്തിവയ്ക്കുവായിരുന്നു.  അവൾ എന്നെയും കൊണ്ടു ടെറസിൽ കയറി..  ഇരിക്കാൻ പറഞ്ഞു,  ഞാൻ അവിടെ ഉണ്ടായിരുന്ന പടിയിൽ ഇരുന്നു അവളും ഒപ്പം ഇരുന്നു. അവൾ അടുത്തിരുന്നപ്പോൾ ജീവിതത്തിൽ ഇതുവരെ തോന്നാത്ത ഒരു ഫീൽ ഉണ്ടായി.. അവൾ പതിയെ എന്റെ വിരലികൾക്കിടയിലൂടെ അവളുടെ വിരലുകൾ കൊണ്ടു അമർത്തി പിടിച്ചു ചോദിച്ചു.. 
"is this forever"..   
ഞാൻ അവൾടെ ആ കണ്ണുകളിൽ നോക്കി പറഞ്ഞു.. 
"എന്റെ ജീവന്റെ അവസാന ശ്വാസം നിലക്കുമ്പോളും  എന്റെ കണ്ണുകളുടെ നോട്ടം   നിന്റെ ഈ കണ്ണുകളിൽ തന്നെയാവും" 

ഇത്രയും പറഞ്ഞു തീരുംമുന്നേ അവൾ എന്നെ കെട്ടിപിടിച്ചു കരഞ്ഞു.  അവൾക്ക് ആരുമില്ല അച്ഛനും അമ്മയും ഒക്കെ അവരുടെ കാര്യം നോക്കി ജീവിക്കുകയാ,  ആരും അവളെ സ്നേഹിക്കുന്നില്ല എന്നൊക്കെ.. 

അവളുടെ കണ്ണുനീർ തുടച്ചുകൊണ്ട് ഞാൻ പറഞ്ഞു.  "ഇന്ന് മുതൽ നീ എന്നിൽ പകുതിയാണ്, ഇനിമുതൽ നിന്റെ കുറവുകൾ നികത്തേണ്ടത് എന്റെ ചുമതലയാണ്. ഇനി ഈ കണ്ണുകൾ നിറയാൻ ഇടയാവുന്ന ഒന്നും നമ്മുടെ ജീവിതത്തിൽ വേണ്ട"...  

ഇതും കൂടെ കേട്ടപ്പോൾ അവൾ എന്നെ അല്പം കൂടെ അമർത്തി കെട്ടിപ്പിടിച്ചു.. എന്റെ ജീവിതത്തിൽ ആദ്യമായി അന്നെനിക്ക് മറ്റൊരുവളിൽ നിന്നും ഒരു ചുംബനം ലഭിച്ചു....ഞാനും തിരികെ നൽകി..  അന്ന് ഞാൻ വിധിയെഴുതി ഇനി എന്റെ അവകാശി ഇവളാണ്..  ഞാൻ ഇവളുടേതാണ്... 

മനസില്ല മനസോടെ ഞങ്ങൾ അന്ന് രാത്രി യാത്രപറഞ്ഞു... 

പിറ്റേന്ന് മുതൽ ഞങ്ങൾ ഒരു ഭാര്യ ഭർത്താവിനെപോലെ ആയി മാറി... അങ്ങനെ ആയിരുന്നു സംസാരവും, നടത്തവും ഒക്കെ 
അപ്പൂപ്പൻ തരുന്ന ക്യാഷ് മൊത്തം ഞാൻ മൊബൈൽ ചാർജ് ചെയ്തു..  അവൾക്കും ചെയ്യുമായിരുന്നു..  

അങ്ങനെ ഒരുപാട് നാളുകൾ കടന്നുപോയി.. 

ഒരു ദിവസം യാദൃച്ഛികമായി അവൾടെ അമ്മയും അച്ഛനും വന്നു..  ഞാനും പരിചയപ്പെട്ടു, എന്നെ അവർക്ക് നല്ല ഇഷ്ടമായി.  വീട്ടുകാർ തമ്മിൽ നല്ല അടുപ്പം ആയപ്പോൾ ഞങ്ങൾ സന്തോഷിച്ചു.  

അങ്ങനെ ഒരുദിവസം അവൾ അമ്മയുടേം അച്ഛന്റെയും ഒപ്പം അവൾടെ അച്ഛന്റെ നാട്ടിലേക്ക് പോയി തൃശൂർ.. 

പതിയെപ്പതിയെ കോളുകളും Sms ഉം കുറഞ്ഞുവന്നു.  പക്ഷെ അതൊന്നും ഞങ്ങളുടെ ബന്ധത്തെ തകർക്കില്ല എന്ന് ഞങ്ങൾക്ക് അറിയാം.   അവൾടെ ബന്ധുക്കൾ ഒക്കെ ഉണ്ടാവുമല്ലോ അതാവും... 

അവൾ കുറച്ചു ദിവസത്തിനകം തിരികെ വന്നു.  
പക്ഷെ അവളിലെ മാറ്റം എന്നെ ഞെട്ടിച്ചുകളഞ്ഞു..  ഫോൺ വിളിക്കാത്തതും പോട്ടെ. ട്യൂഷൻ ക്ലാസ്സിൽ വച്ചു എന്നെ തിരിഞ്ഞു നോക്കിയതുപോലുമില്ല..

  ഞാൻ അവൾടെ വീട്ടിൽ പോയി.  അവൾ റൂമിൽ ആണെന്ന് അമ്മ പറഞ്ഞു.   ഞാൻ പോയി അവളെ കേട്ടിപ്പിടിച്ഛ് ചോദിച്ചു "എന്താടി കൊരങ്ങി നിനക്ക് കുഴപ്പമെന്നു".. 

അപ്പൊ അവൾ പറഞ്ഞു ഞാൻ വിളിക്കാത്തതിന്റെ ദേഷ്യം ആണെന്ന്..  

അപ്പോഴാണ് എന്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്ന  ആ വലിയ ദുരന്തം ഞാൻ മനസിലാക്കിയത്.  അവളുടെ മൊബൈലിൽ ഒരു ഇൻബൊക്സ് msg വന്നു ഞാൻ അത് വായിച്ചു.. അവൾ ആകെ വിയർത്തു,  എന്റെ കയ്യിൽ നിന്നു ഫോൺ തട്ടിയെടുക്കാൻ ശ്രമിച്ചു. ഞാൻ കൊടുത്തില്ല താഴെ ഇറങ്ങി വന്നു മുഴുവൻ വായിച്ചു. അതിൽ ഒരു msg ഇങ്ങനെ ആയിരുന്നു "എടി ആ മണ്ടൻ ചെക്കൻ അവിടെ വന്നില്ലേ, നിന്റെ പൊട്ടൻ കാമുകൻ" ഇതും കൂടെ കണ്ടപ്പോ ഞാൻ ആകെ തകർന്നു.. സത്യാവസ്ഥ അറിയാൻ ഞാൻ ചേച്ചിയെ വിളിച്ചു  എന്നിട്ട് ചേച്ചിയോട് എന്താ ഇതെന്ന് ചോദിച്ചു..  

അവൾടെ അച്ഛന്റെ പെങ്ങടെ മോനുമായി അവൾ ഇഷ്ടത്തിൽ ആണെന്നും ചേച്ചി പലതവണ എന്നോട് പറയാൻ ശ്രമിച്ചപ്പോളും  അവൾ തടഞ്ഞു.  ചേച്ചിയോട് ക്ഷമിക്കണം എന്നും പറഞ്ഞു...  

എന്റെ കണ്ണുകളിൽ ഇരുട്ട് മൂടി ..  മൊബൈൽ ചാർജ് ചെയ്യാനും ബോർ അടിക്കുമ്പോ സംസാരിക്കാനും മാത്രമായിരുന്നു അവൾക്കു ഞാൻ. എന്നെ നന്നായിട്ട് ഉപയോഗിക്കുക ആയിരുന്നു...  

ചേച്ചി നോക്കി നിൽക്കെ ഞാൻ അവളുടെ അടുക്കൽ പോയി ചോദിച്ചു.  എന്തിനായിരുന്നു ഈ പ്രഹസനങ്ങൾ..  എന്നെ എന്തിനാ ഇങ്ങനെ കോമാളി ആക്കിയത്...  

അവൾ പറഞ്ഞു ഞാൻ നിന്നെ പറ്റിക്കാൻ ഒന്നും നോക്കിയതല്ല..  നീയല്ലേ ആദ്യം പ്രൊപ്പോസ് ചെയ്തത് ഞാൻ അല്ലല്ലോ എനിക്ക് ആ ചേട്ടനെ ഇഷ്ടമാ ചേട്ടന് എന്നെയും, thats all i wanna say siva.. bye and get lost forever....

ഒന്നും മിണ്ടാനാവാതെ ഞാൻ, അന്നവൾ എന്നെ കെട്ടിപിടിച്ചു കരഞ്ഞതും, എന്നെ ചുംബിച്ചതും, ജീവിതം സ്വപ്നം കണ്ടതുമൊക്കെ ആലോചിച്ചു. പതിയെ ഞാൻ ഇല്ലാണ്ടാവുന്നതുപോലെ തോന്നി. 

ഒന്നുകൂടെ അവളുടെ മുഖത്തു നോക്കിയിട്ട്, അവൾടെ ചേച്ചി നോക്കി നിൽക്കെ ചുംബനം നൽകിയ ആ കവിളുകളിൽ ഞാൻ ആഞ്ഞടിച്ചു, ആ അടിയിൽ എന്റെ സങ്കടത്തിന്റെയും, നഷ്‌ടമായ പ്രതീക്ഷകളുടേയുമൊക്കെ ചൂടുണ്ടായിരുന്നു.. അവൾ കരഞ്ഞു, 
കൈകൂപ്പി അവളെ ഒന്ന് തൊഴുത  ശേഷം,  ആദ്യമായി സന്തോഷത്തിന്റെ നെറുകയിൽ എത്തിച്ചവൾ തന്നെ സങ്കടത്തിന്റെ പടുകുഴി കാണിച്ചുതന്നു എന്ന തിരിച്ചറിവോടെ  ഞാൻ അവിടുന്ന് പടിയിറങ്ങി...  ചുറ്റുമുള്ളവർ പറയുന്നതൊന്നും ഞാൻ കേട്ടില്ല..  

ആ ദിവസം  ഞങ്ങൾ മൂന്നുപേരല്ലാതെ മറ്റാരും ഇതുവരെ അറിഞ്ഞിട്ടില്ല... അന്നുമുതൽ ഞാൻ മാറി. പുതിയൊരു മുഖമൂടി ഞാൻ അണിഞ്ഞു... 

പക്ഷെ അവളോടിന്നും എനിക്ക് ഇഷ്ടമാണ്..  ആദ്യ പ്രണയം എന്നും മനസ്സിൽ തന്നെ ഉണ്ടാവും, മനുഷ്യൻ മരിക്കുവോളം...... 

🖋 ശിവകൃഷ്ണ

Monday, September 23, 2019

കറ

തമ്പാനൂർ ബസ്സ്റ്റാൻഡിൽ നിന്നും വീട്ടിലേക്കു മടങ്ങിവരാനുള്ള ബസ്സ് കാത്തുനിൽക്കുവായിരുന്നു ഞാൻ. നട്ടുച്ചതിരിഞ്ഞ സമയമായതിനാൽ അധികം ബസ്സൊന്നും ഇല്ലായിരുന്നു. പിന്നെ ഉള്ള കാര്യമെന്തെന്നാൽ എന്റെ വീട്ടിലേക്കുള്ള ബസ്സ് സർവീസ് പൊതുവെ കുറവാണ്. ബൈക്ക് കേടായതുകാരണം രണ്ട് ദിവസമായുള്ള ഈ ബസ്സ് യാത്ര വളരെയധികം മടുത്തിരുuuന്നു... 
അതിനിടയിൽ ആരോ ലോട്ടറി എന്നുറക്കെ വിളിക്കുന്ന ശബ്ദംകേട്ട് തിരിഞ്ഞുനോക്കിയപ്പോളാണ്, ക്ഷീണിതയായ ആ പെൺകുട്ടി എന്റെ കണ്ണുകളിൽപെട്ടത്.  വാടിത്തളർന്ന മുഖവും പാതിയടഞ്ഞ കണ്ണുകളും അവളുടെ വയ്യായ്മയെ എടുത്തുകാണിക്കുന്നുണ്ടായിരുന്നു. എന്തേലും സഹായം വേണോ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ ഇത്രയും ആളുകളുടെ ഇടയിലൂടെ എത്തി അത് ചോദിക്കാനുള്ള ചമ്മൽ കാരണം ഞാൻ ആ ചിന്ത വെടിഞ്ഞു. 

അൽപനേരം കഴിഞ്ഞ് ബസ് വന്നു. ഞാൻ ആദ്യമേ കയറി ഒരു സീറ്റിൽ സ്ഥാനമുറപ്പിച്ചു. പക്ഷെ എല്ലാവരും കയറിയശേഷം അവസാനമാണ് അവൾ കയറിയത്. സീറ്റൊഴിവില്ലാത്തതുകാരണം അവൾക്കു നിൽക്കേണ്ടിവന്നു. സൈഡ് സീറ്റിലെ കാഴ്ചകൾ ആസ്വദിക്കുന്നുണ്ടായിരുന്നെങ്കിലും,  ഇടക്ക് എന്റെ നോട്ടം അവളിലേക്കും പോയിരുന്നു. 


ഒരു കൈ സീറ്റിന്റെ  കമ്പിയിലും മറ്റൊരു കൈ അവളുടെ ഇടുപ്പിലും ആയിരുന്നു. നടുവേദന കൊണ്ട് പുളയുകയാണ് അവളെന്ന് മനസിലായി. പെട്ടന്ന് ഒരു ഞെട്ടലോടെ അവൾ തിരിഞ്ഞ് അവളുടെ പാവാടയുടെ പുറകിലേക്ക് നോക്കി. എനിക്ക് അപ്പോഴേക്കും കാര്യം മനസിലായി. ഞാൻ തലതിരിച്ചു പുറത്തോട്ടു നോക്കി ഇരുന്നു. അല്പം കഴിഞ്ഞപ്പോൾ മുൻസീറ്റിൽ ഇരുന്നതും നിന്നതുമായ കുറച്ച് ആൺകുട്ടികൾ ആരെയോ കളിയാക്കിചിരിച്ചുതുടങ്ങി. പിന്നീടാണ് മനസിലായത് ആ കുട്ടിയുടെ പാവാടയിൽ പതിഞ്ഞ അവളുടെ ആർത്തവരക്തം കണ്ടാണ് ആ കുട്ടികൾ ചിരിച്ചതും അടക്കംപറഞ്ഞതുമെല്ലാം. അബദ്ധത്തിൽ അവൾക്കു സംഭവിച്ചത് നാളെ നമ്മുടെ വീട്ടിലെ ഒരു പെണ്ണിനും സംഭവിക്കാവുന്നതാണെന്നുപോലും ചിന്തിക്കാതെ അവർ ചിരി തുടർന്നു. അവൾ നിന്നിരുന്ന സീറ്റിനടുത്തുള്ള അമ്മാവൻ അവൾക്കിരിക്കാൻ ഇരിപ്പിടമുണ്ടാക്കികൊടുത്തു. പക്ഷെ അപ്പോഴേക്കും ശാരീരികമായും മാനസികമായും അവൾ ഇല്ലാണ്ടായിരുന്നു. ഇരിപ്പിടമുണ്ടായിട്ടും അവൾടെ മനസ്സിലെ പേടി മാറിയിരുന്നില്ല. തന്റെ സ്റ്റോപ്പ്‌ എത്തുമ്പോൾ ബസ്സ് നിർത്തി തനിക്ക് ഇറങ്ങണമല്ലോ. ഇപ്പൊ ബസ്സിലുള്ളവർ കളിയാക്കിയതുപോലെ നാട്ടുകാരെല്ലാം തന്നെനോക്കി ചിരിക്കുമല്ലോ എന്നുള്ള ചിന്തകളാവും അവളുടെ മനസ്സിനെ അലട്ടിയിരുന്നതെന്നു ഞാൻ ഊഹിച്ചു.....

ഏറെനേരം കഴിഞ്ഞപ്പോൾ ആരോ അവളുടെ അരികിൽ വന്ന്, അവളുടെ കണ്ണുനീർ കൈകൊണ്ടു തുടച്ചുമാറ്റി. ശ്രദ്ധിച്ചു നോക്കിയപ്പോളാണ് മനസിലായത് അവളുടെ തൊട്ടു പിന്നിലെ സീറ്റിൽ ഇരുന്ന ബുദ്ധിവികാസമില്ലാത്ത ഒരു ചെറുപ്പക്കാരൻ ആയിരുന്നു അത്. ഞാനടക്കം ബസിലുണ്ടായിരുന്ന എല്ലാവരും അവന്റെ ചെയ്തികൾ ശ്രദ്ധിച്ചിരുന്നു. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അവൻ തന്റെ ടി ഷർട്ട്‌ നു മുകളിൽ ധരിച്ചിരുന്ന ഓവർകൊട്ട് ഊരി ആ പെൺകുട്ടിക്ക് കൊടുത്തു. എന്നിട്ട് ഇടിപ്പിലൂടെ അത് കെട്ടാനുള്ള ആക്ഷൻ കാണിച്ചുകൊടുത്തു. പെൺകുട്ടി പെട്ടന്ന് കരഞ്ഞുപോയി. ഞാൻ അടക്കം ആ ബസിലുണ്ടായിരുന്ന പലരുടെയും ശ്വാസം നിലച്ച നിമിഷമായിരുന്നു അത്. കളിയാക്കിചിരിച്ച പയ്യന്മാർ തലകുനിച്ചുനിന്നു. അവിടെ ഓവർ കൊട്ട്  ധരിച്ചതും ബുദ്ധിമാധ്യമില്ലാത്തതുമായ പലരും ഉണ്ടായിട്ടും, അവർക്കൊന്നും ആ കുട്ടിയോട് തോന്നാത്ത സിമ്പതി എങ്ങനെ,  താൻ ആരാണെന്നു പോലും സ്വയം മനസിലാക്കാൻ കഴിയാത്ത ആ ബാലനിൽ ഉണ്ടായി.  ബസ്സിൽ ഉണ്ടായിരുന്ന എല്ലാവരും അഭിനന്ദിക്കാൻ വാക്കുകൾ ഇല്ലാതെ ആ ബാലനെനോക്കിയിരുന്നു. ആ പെൺകുട്ടി എഴുന്നേറ്റുനിന്ന് ആ ഓവർ കൊട്ട് തന്റെ ഇടുപ്പിൽ കെട്ടിയശേഷം ആ ബാലന്റെ വലതുകൈപിടിച്ചു ചുംബിച്ചു. ഒരു സഹോദരി തന്റെ മാനം കാത്ത സഹോദരനെ ചുംബിക്കുന്നതായി അവിടെ കണ്ടുനിന്ന എല്ലാവർക്കും തോന്നി. എല്ലാവരുടെയും മനസ്സലിയിക്കുന്ന കാഴ്ചയായിരുന്നു അത്. ഒന്നെനിക്കുറപ്പായിരുന്നു,  മനസ്സിന് ശേഷിയില്ലെങ്കിലും അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ കഴിയുന്ന,  അവരുടെ വേദനകൾ മനസിലാക്കാൻ സാധിക്കുന്ന ശക്തനായ ഒരു ഹൃദയത്തിന്റെ ഉടമയാണ് അവനെന്നു.  ബുദ്ധിയുണ്ടെന്നു സ്വയം പറഞ്ഞുനടക്കുന്ന എന്നെപ്പോലെയുള്ള ദുഷ്ടഹൃദയികളെക്കാളും എത്രയോ ഉയരത്തിലാണിന്നവൻ.ആ മകന് ജന്മം നൽകിയ അമ്മയെ ഞാൻ മനസ്സിൽ പ്രണമിച്ചു. 

അവളുടെ സ്റ്റോപ്പ്‌ എത്തി ബസ്സ് നിർത്തിയപ്പോൾ,  തെല്ലും ഭയമില്ലാതെ ആ ബാലന് യാത്രകൊടുത്ത ശേഷം തന്നെ കളിക്കിചിരിച്ചവർക്കുമുന്നിലൂടെ അവൾ തലയുയർത്തിപിടിച്ചു നടന്നു. ജീവിതത്തിൽ ഇനി താൻ ആർക്കുമുന്നിലും അടിയറവ് പറയില്ല എന്ന ദൃഢനിശ്ചയത്തോടെ അവൾ ഓരോ പടിയും കാലെടുത്തുവച്ചിറങ്ങി. 

ഇതൊന്നുമറിയാതെ  അവൻ അവന്റെ ലോകത്തെ കാഴ്ചകൾ കണ്ട് രസിക്കുകയായിരുന്നു..


ജീവിതത്തിൽ തെറ്റുകളും കുറ്റങ്ങളും ഉണ്ടാവാം. വേദനകളും യാതനകളും അനുഭവിച്ചെന്നുവരാം. പക്ഷെ നമുക്കുവേണ്ടിയും ഒരു ദിവസം വരും. സകല ശക്തിയുമെടുത്തു നാം ആ ദിവസത്തിനെ വരവേൽക്കണം. എന്തുവന്നാലും ചിരിച്ചുകൊണ്ട് പറയണം. 
   
          "AM READY FOR THE BATTLE"

✒ശിവകൃഷ്ണ

പട്ടത്തി

രാവിലെ തന്നെ അച്ഛന്റെ ശകാരവർഷം കേട്ടുകൊണ്ടായിരുന്നു ഉറക്കമെഴുന്നേറ്റത്. 
പ്ലസ് ടു വിന് ആദ്യം അഡ്മിഷൻ കിട്ടിയ സ്കൂളിൽ അന്നേദിവസംതന്നെ തല്ലുണ്ടാക്കി ഇറങ്ങിവന്നിട്ടും അന്നൊന്നും പറയാത്ത അച്ഛൻ ഇന്ന് ഇത്രേം ദേഷ്യപ്പെടാൻ കാരണമുണ്ട്. ആ സ്കൂളിന്ന് ടി സി യും വാങ്ങി എന്തൊക്കെയോ രാഷ്ട്രീയ സ്വാധീനമൊക്കെ ഉപയോഗിച്ചാണ് എനിക്ക് മറ്റൊരു സ്കൂളിൽ അഡ്മിഷൻ വാങ്ങിയത്. എന്നിട്ട് ഇന്ന് ഏകദേശം ഒരാഴ്ച കഴിഞ്ഞിട്ടും ഞാൻ ഇതുവരെ സ്കൂളിൽ പോയില്ല. 
അച്ഛൻ റൂമിലേക്ക് കേറിവന്നിട്ട് പറഞ്ഞു. "ഇന്നുംകൂടെ ഞാൻ നോക്കും ഇനിയും പോകാൻ വയ്യെങ്കിൽ നീ ഇനി പഠിക്കണ്ട".. 
ഒരു മടിപ്പോടെയാണെങ്കിലും ഞാൻ എഴുന്നേറ്റ് കുളിച്ച് റെഡിയായി വന്നു. 
ആദ്യദിവസം ആയതുകൊണ്ടാവാം അച്ഛനൊപ്പം മാമനും ചേട്ടന്മാരുമൊക്കെ ഉണ്ടായിരുന്നു എന്നെ കൊണ്ടുവിടാൻ.
ചേട്ടന്മാർ ഒക്കെ നാലുപേർ അറിയുന്ന കിടിലങ്ങൾ ആയിരുന്നു. അതുകൊണ്ടുതന്നെ സീനിയേഴ്സിന്റെ ഭാഗത്തുനിന്നും എനിക്ക് പ്രശ്നമൊന്നും ഉണ്ടാകില്ലെന്ന് പൂർണ്ണബോധ്യമായിരുന്നു. അങ്ങനെ ഞങ്ങൾ എല്ലാവരും കൂടെ പ്രിൻസിപ്പലിന്റെ മുറിയിൽ എത്തി.

പ്രിൻസിപ്പലിന്റെ മുഖം കണ്ടപ്പൊത്തന്നെ മനസിലായി ആളൊരു ശുദ്ധനാണെന്ന്. മുന്നത്തെ സ്കൂളിൽ പ്രശ്നമുണ്ടാക്കിവന്ന കുട്ടിയെന്ന ഭാവമൊന്നും പുള്ളിയിൽ ഇല്ലായിരുന്നു. അദ്ദേഹം എനിക്ക് ക്ലാസ്സ്‌ കാണിച്ചു തരാൻ പ്യൂണിനോട് പറഞ്ഞു. അയാൾ വന്നു എന്നെയും കൊണ്ട് ക്ലസ്സിലേക്കു പോയി. ക്ലാസിനു മുന്നിൽ എത്തിയതും ടീച്ചർ പുറത്തേക്ക് വന്നു. ഞാൻ പുതിയ അഡ്മിഷൻ ആണെന്ന് പ്യൂൺ ടീച്ചറോട് പറഞ്ഞു. ടീച്ചർ എന്നെ ക്ലാസ്സിനുള്ളിലേക്ക് കൊണ്ടുപോയി എല്ലാർക്കും പരിചയപ്പെടുത്തിയശേഷം ഒരു സീറ്റിൽ ഇരുത്തിച്ചു. ബയോളജി പീരിയഡ് ആയിരുന്നു. ഞാൻ അതൊന്നും ശ്രദ്ധിക്കാതെ സ്ഥിരം പരിപാടിയായ കണക്കെടുപ്പ് നടത്തി. ഏറെക്കുറേ നല്ല കളക്ഷൻ ഉണ്ടായിരുന്നു. അപ്പോഴാണ് എന്നെക്കാളും വൈകി ഒരുത്തി ക്ലാസ്സിൽ എത്തിയത്. ഒരു പച്ച പാട്ടുപാവാട ധരിച്ച അവൾക്കു , നല്ല പാലുപോലെ വെളുത്ത നിറമായിരുന്നതുകൊണ്ടാവാം പെട്ടന്നുതന്നെ കണ്ണിൽ തറച്ചു. ടീച്ചർ അവൾക്കു ക്ലാസ്സിൽ കയറാൻ അനുമതി നൽകി. എന്റെ നേരെ അപ്പുറത്തെ ബെഞ്ചിൽ ആയിരുന്നു അവളുടെയും ഇരുപ്പ്. നല്ല കരിവളയിട്ട കൈകൾ കൊണ്ട് ഇടക്ക് അവളുടെ പാറിപ്പറന്ന മുടി ഒതുക്കിവയ്ക്കുമായിരുന്നു. മുഖത്തു അങ്ങിങ്ങായി മുഖക്കുരു ഉണ്ടായിരുന്നു. പക്ഷെ അതൊന്നും അവളുടെ ഭംഗിക്ക് മാറ്റ് കുറച്ചിരുന്നില്ല. ഞാൻ എന്നെത്തന്നെ മറന്ന് അവളെ നോക്കിയിരുന്നു. അല്പസമയം കഴിഞ്ഞപ്പോൾ ബെൽ അടിച്ചു. പതിയെ എല്ലാരും പുറത്തേക്കിറങ്ങി. ഞാനും ബുക്കൊക്കെ ബാഗിൽ വച്ചശേഷം ഒന്ന് എഴുന്നേൽക്കുന്നതിനുമുന്നെ ആരോ ഞാൻ ഇരുന്ന ബെഞ്ചിന് മുന്നിലുള്ള ഡെസ്കിൽ കയറി ഇരുന്നു. കാലുകൾ ബഞ്ചിൽ വച്ച എന്റെ വഴി തടഞ്ഞു. ഞാൻ തലയുയർത്തി മുകളിൽ നോക്കിയപ്പോൾ ആ പാട്ടുപാവാടക്കാരിയായിരുന്നു അത്. ഞാൻ ഒരു ചെറുപുഞ്ചിരിയോടെ അവളോട്‌ എന്താന്ന് ചോദിച്ചു. അപ്പൊ അവൾ എന്നെ തുറിച്ചുനോക്കി എന്നിട്ട് എന്നോട് കുറെ ചോദ്യങ്ങളും. പേരും മേൽവിലാസവും മുന്നേ പഠിച്ച സ്കൂളും അങ്ങനെ എല്ലാം. എന്നിട്ട് ഒരു ഉപദേശവും. "സീനിയേഴ്സ് ഒക്കെ നല്ല സ്ട്രിക്റ്റാ മുന്നിലൊന്നും പോയി ചാടി ഇടി മേടിക്കല്ലേ എന്ന്". ഞാൻ ചിരിച്ചുകൊണ്ട് തലയാട്ടി. പറഞ്ഞു തീരുമുന്നേ ഒരു പറ്റം സീനിയർ പയ്യന്മാർ എന്നെത്തേടി ക്ലാസിലെത്തി. 

ഡെസ്കിൽ ഇരുന്നവൾ ചാടി നിലത്തിറങ്ങി ദൂരേക്ക് മാറിനിന്നു. അവർ മുന്നിൽ വന്നു എന്നിട്ട് ഒരു ചോദ്യം. "നീയാണോ മുന്നേ പഠിച്ച സ്കൂളിൽ നിന്നും ഒരുത്തനെ അടിച്ചിട്ട് വന്നത്". ഞാൻ ഒന്നും മിണ്ടിയില്ല. അപ്പോഴേക്കും അവൾ പരിചയമുള്ള ഒരു സീനിയറിനോട് പറഞ്ഞു, "ചേട്ടാ അവൻ പാവമാ ഒന്നും ചെയ്യല്ലേ" എന്നൊക്കെ. പിന്നീടാണ് മനസിലായത് അതിൽ ഒരുത്തന്റെ ബന്ധുവിനെയാ ഞാൻ അന്ന് പഞ്ഞിക്കിട്ടതെന്നു. അവൾ ആകെ പേടിച്ചു, അവരോടു ഒരുപാട് അപേക്ഷിച്ചു. അതൊന്നുംകേൾക്കാതെ എന്നേം കൊണ്ടവർ പുറത്തേക്ക് പോയി. ഞാൻ ഒന്നും മിണ്ടാതെ കൂടെപ്പോയി. 
താഴത്തെ ഗ്രൗണ്ടിൽ വച്ച് അവർ എന്നെ വട്ടമിട്ടു നിന്നു. അടി കിട്ടും എന്നുറപ്പിച്ചു തന്നെയാ ഞാൻ നിന്നത്. ഓരോരുത്തന്മാരുടെയും ചോദ്യങ്ങൾ എന്നെ ചൊടിപ്പിച്ചുകൊണ്ടിരുന്നു. കണ്ട്രോൾ പോയി നിൽക്കുവായിരുന്നു ഞാൻ. അവളടക്കം ക്ലാസ്സിലെ മിക്ക കുട്ടികളും അവിടെ തടിച്ചുകൂടി.... പെട്ടന്നാണ് അവിടേക്ക് കിച്ചു വന്നത്. 
എന്റെ സീനിയർ. കൂടാതെ ആ സ്കൂളിലെ ഒരു ചെറിയ കിരീടം വയ്ക്കാത്ത രാജാവും. അവൻ നടന്ന് വരുന്നത് കണ്ടപ്പോൾത്തന്നെ എല്ലാരും വഴിമാറിക്കൊടുത്തു. ആൾക്കൂട്ടത്തിനിടയിൽ നിന്ന എന്നെ അവൻ കോളറിൽ പിടിച്ചു മാറ്റിനിർത്തി. കണ്ടു നിന്നവർ എല്ലാം പകച്ചുപോയി. കാരണം കിച്ചു ഒരുത്തനെ കൈവച്ചാൽപ്പിന്നെ ഒന്നും മിച്ചം കാണില്ലെന്ന് അറിയാം. പക്ഷെ... 

പക്ഷെ എല്ലാരേയും ഞെട്ടിച്ചുകൊണ്ടവൻ എന്നെ ചേർത്തുനിർത്തി പറഞ്ഞു. "ഇനിമുതൽ ഞാൻ കഴിഞ്ഞാൽ ഇവൻ ആണ് ഇവിടത്തെ എല്ലാം". കേട്ടപാടെ കേൾക്കാത്തപാടെ കൂടിനിന്നവർ എല്ലാം ഞെട്ടിപ്പോയി. പിന്നീടാണ് ആരോപറഞ്ഞു എല്ലാരും അറിയുന്നത് ഞാൻ അവന്റെ അടുത്ത ബന്ധു ആണെന്ന്. പിന്നീട് ആർക്കും എന്നെ ഒന്നും ചെയ്യണ്ട എന്ന അവസ്ഥ ആയിരുന്നു. അന്നുണ്ടായ ആ സംഭവം എന്നെ ആ സ്കൂളിൽ എവിടെയോ എത്തിച്ചു. പക്ഷെ ഇതിനിടയിൽ ഞാൻ നോക്കിയ രൂപം അവളുടേതായിരുന്നു. ആരെന്നുപോലും അറിയാത്ത എനിക്കുവേണ്ടി അവരോടു അപേക്ഷിച്ചവൾ. അങ്ങ് ദൂരെ മാറി ഒരു ദീർഘനിശ്വാസം വിട്ടശേഷം എന്നെ തുറിച്ചു നോക്കി അവൾ അവിടുന്ന് പോയി. ഞാൻ പുറകെയും. ക്ലാസ്സിൽ എത്തി ഞാൻ അവളോട്‌ മിണ്ടാൻ ശ്രമിച്ചപ്പോൾ അവൾ ഒന്നുംപറയാതെ ഒഴിഞ്ഞുമാറി. കാരണം ചോദിച്ചിട്ടവൾ പറഞ്ഞില്ല. എനിക്ക് ആകപ്പാടെ ഒരു വിഷമമായി. അവളുടെ അടുത്തിരുന്ന ഒരു പെണ്ണിനോട് ഞാൻ കാര്യം ചോദിച്ചു. അപ്പോഴാണ് മനസിലായത് കിച്ചുവും അവളും തമ്മിൽ ശത്രുക്കൾ ആണെന്ന്. കാരണം വേറൊന്നുമല്ല ഫസ്റ്റ് ഇയർ റാഗിങ്. അവളുടെ അനിയന്റെ മുന്നിൽവച്ചു കിച്ചു അവളെ കളിയാക്കി. അന്നുമുതൽ അവൾക്കു ദേഷ്യമാണ്. അതുകൊണ്ട് തന്നെ അവന്റെ അടുത്ത കൂട്ടുകാരനും ബന്ധുവുമായ എന്നെയും അവൾ വെറുത്തു. ഒരുപാട് തവണ മിണ്ടാൻ ശ്രമിച്ചെങ്കിലും അവൾ ഒഴിഞ്ഞുമാറി.. വീട്ടിൽ എത്തിയിട്ടും എന്റെ മനസ്സിൽ എവിടെയൊക്കെയോ അവൾ ഓടിനടന്നു. 

അന്നുതന്നെ കിച്ചുവിനെകൊണ്ട് അവളെ മിണ്ടിപ്പിക്കാൻ തീരുമാനിച്ചു. രാത്രിതന്നെ അവനെ വിളിച്ചു കാര്യം സംസാരിച്ചു സെറ്റ് ആക്കി. രാവിലെ സ്കൂളിന്റെ മുന്നിലെ മരത്തിന്റെ തണലിൽ നിൽക്കുവായിരുന്നു ഞാനും കിച്ചുവും. അവൾ ദൂരെ നിന്നും നടന്നുവരുന്നുണ്ടായിരുന്നു, മുന്നിലെത്തിയതും കിച്ചു അവളെ അടുത്തേക്ക് വിളിച്ചു. ആകപ്പാടെ ഭയന്ന് വിറങ്ങലടിച്ചെങ്കിലും അതൊന്നും പുറത്തുകാണിക്കാതെ അവൾ അവന്റെ അടുത്തേക്ക് വന്നുനിന്നു. അവൻ അവളോട്‌ ചോദിച്ചു. "ഡി നിനക്ക് എന്നോട് ദേഷ്യം ആണെന്നാണല്ലോ ഞാൻ അറിഞ്ഞത്. സത്യമാണോടി".. ഒരു ചെറിയ വിറയലോടെ അവൾ ഇല്ല എന്ന് പറഞ്ഞു. അപ്പൊ അവൻ പറഞ്ഞു, "ആഹ് അതിപ്പോ ഉണ്ടെങ്കിൽത്തന്നെ ഇനി അതിന്റെ ആവശ്യമൊന്നുമില്ല ഞാൻ അന്ന് കളിയാക്കിയത് മറന്നുകളഞ്ഞേക്ക്. ഒരു തമാശയായി കരുതിയാൽമതി." അവൾടെ മുഖത്തു പുഞ്ചിരി വിടർന്നു. ചിരിച്ചുകൊണ്ട് അവൾ അവിടുന്ന് നടന്നകന്നു. കുറച്ചുദൂരം മുന്നോട്ട്പോയിട്ട് അവൾ തിരിഞ്ഞുനിന്നു എന്നോട് കെമിസ്ട്രി ഹോം വർക്ക്‌ ചെയ്തോന്ന് ചോദിച്ചു. ചെയ്തില്ലെങ്കിൽ വാ ബുക്ക്‌ കാണിച്ചുതരാം എന്ന് പറഞ്ഞു. കിച്ചു എന്റെ മുഖത്തുനോക്കി ചിരിച്ചശേഷം പോയി ഹോംവർക് ചെയ്യടാ എന്ന് പറഞ്ഞു. ഞാൻ അവൾടെ ഒപ്പം ക്ലാസ്സിലേക്ക് നടക്കും വഴി അവൾ എന്നോട് ചോദിച്ചു. "എന്തിനാ താൻ എന്നെയും കിച്ചുചേട്ടനേം മിണ്ടിപ്പിച്ചത്". ഞാൻ ഒന്നും മിണ്ടാതെ ചിരികൊണ്ടു മറുപടിപറഞ്ഞു. പതിയെ ഞങ്ങളുടെ സൗഹൃദം വളർന്നു വലുതായി. ഒരു ബ്രാഹ്മിണ പെൺകുട്ടി ആയതുകൊണ്ട് ഞാൻ അവളെ പട്ടത്തി എന്നാണ് സ്നേഹത്തോടെ വിളിച്ചിരുന്നത്. ചിരിയും കളിയുമൊക്കെയായി ഏറെനാൾ കടന്നുപോയി അങ്ങനെ ഓണം വന്നെത്തി.. 

എല്ലാവരും ഓരോരോ തിരക്കിലായിരുന്നു. ഞങ്ങൾ ചിലർ സീനിയേഴ്സിനൊപ്പം കള്ളുകുടിക്കാൻ പ്ലാൻചെയ്തു. അങ്ങനെ ഗ്രൗണ്ടിന് പുറകിലുള്ള ഇടിഞ്ഞ ഒരു ഹാളിലിരുന്നു ഞങ്ങൾ കുടിച്ചു. ആ ബിയോളജി ക്ലാസ്സിൽ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളു ഇങ്ങനെ കുടിക്കുന്നത്. ബാക്കി എല്ലാവരും കമ്പ്യൂട്ടർ സയൻസും സീനിയർ പയ്യന്മാരുമായിരുന്നു. 
വെള്ളമടിയൊക്കെക്കഴിഞ്ഞു ഞങ്ങൾ ചുമ്മാതെ സ്കൂൾ ഒക്കെ ചുറ്റിക്കറങ്ങാൻ തുടങ്ങി. ഞാനും കിച്ചുവും നല്ല ഫോം ആയിരുന്നു. കയ്യിൽ കിട്ടിയ എല്ലാരേം കളിയാക്കി എന്റെ ക്ലാസ്സിൽ എത്തി. ക്ലാസ്സിൽ പോകുവാന്നുപറഞ്ഞു കിച്ചു പോയി. ഞാൻ എന്റെ ക്ലാസിലും കയറി. അവളും കുറച്ച് പെൺകുട്ടികളും ചേർന്ന് അത്തപ്പൂക്കളം ഇടുകയായിരുന്നു. ഞാൻ അവിടെക്കിടന്ന ഒരു ബഞ്ചിൽ ഇരുന്നു. അവൾ പതിയെ എന്റെ അടുക്കൽ വന്നിരുന്നു. എന്നിട്ടെന്നെ സൂക്ഷിച്ചുനോക്കി. "നീ കുടിച്ചോടാ പന്നി" എന്ന് ചോദിച്ചു. ഞാൻ അതെ എന്ന് പറയുമുന്നേ അവൾ എന്റെ കവിളത്തൊരടി. എല്ലാരും ഞെട്ടിപ്പോയി. ഇത്രയും പ്രശ്നക്കാരനായ എന്നെ അടിക്കാൻ മാത്രം ഇവൾക്കെങ്ങനെ ധൈര്യം വന്നു എന്നായി എല്ലാവരുടെയും ചിന്ത. ഒന്നുംമിണ്ടാതെ ഞാൻ പുറത്തേക്കിറങ്ങി. എനിക്കെന്തോ ദേഷ്യമൊന്നും വന്നില്ല. കണ്ണുകൾ നിറയുന്നതുപോലെ തോന്നി, കുടിച്ച കേട്ടെല്ലാം പോയിരുന്നു. എന്നെ ആശ്വസിപ്പിക്കാൻ കുറച്ചുപേർ ഒപ്പംകൂടി. എല്ലാരേയും തട്ടിമാറ്റി ഞാൻ കിച്ചുവിനേം കൂട്ടി വീണ്ടും കുടിക്കാൻ പോയി. 

അവൻ നല്ല ദേഷ്യത്തിൽ എന്നോട് ചോദിച്ചു രണ്ടെണ്ണം തിരിച്ചു കൊടുക്കാഞ്ഞതെന്താണ് എന്ന്. ഞാനും അത് ആലോചിച്ചു. പക്ഷെ എന്തോ അവളെ അടിക്കാൻ എനിക്ക് തോന്നിയില്ല. ഒന്ന് മുഖം ചുളുക്കാൻ പോലും. 
എനിക്കുള്ള പെഗ്ഗും ഒഴിച്ച് തന്നിട്ട് കിച്ചു പുറത്ത് ആരോ നിൽക്കുന്നു എന്ന് പറഞ്ഞു പോയി. ഞാൻ ഇങ്ങനെ നടന്ന കാര്യങ്ങൾ ഒക്കെ ആലോചിച്ച ഗ്ലാസിലെ മദ്യം വയോടു അടുപ്പിച്ചതും പിന്നിൽനിന്നും ആരോ എന്റെ കൈയ്യിൽ ഒരടി. മദ്യവും ഗ്ലാസ്സുമൊക്കെതാഴെപ്പോയി. ദേഷ്യത്തോടെ നിലത്തുകിടന്നു കല്ലുമായി ഞാൻ ചാടി എഴുന്നേറ്റു. പക്ഷെ മുന്നിൽ നിന്നയാളിനെ കണ്ടപ്പോൾ എന്റെ കയ്യിലെ കല്ല് താഴെ വീണു. ആദ്യമായി എന്റെ ഹൃദയം സ്തംഭിച്ചതുപോലെ തോന്നി. ഒരു പെൺകുട്ടി ഒരിക്കലും കയറിവരാത്ത ആ സ്ഥലത്ത് അവൾ എന്നെത്തേടിവന്നു. എന്റെ ഷർട്ടിൽ പിടിച്ചുവലിച്ചു എന്നെ പുറത്തേക്കിറക്കി. കിച്ചു ഒന്നുംമിണ്ടാതെ നോക്കിനിന്നു. കിച്ചു മാത്രമല്ല പലരും. അവൾ എന്റെ ശരീരത്തിൽ ഒരുപാട് തല്ലി. കയ്യിലും നെഞ്ചിലുമൊക്കെ ഇടിച്ചു. ഒരുപാട്‌ചീത്തപറഞ്ഞു. എങ്ങനെയെങ്കിലും നശിച്ചുപോയ്‌ക്കോ എനിക്ക് ഇനി നിന്നെ കാണണ്ട നീ എന്റെ ആരുമല്ല എന്നൊക്കെപറഞ്ഞിട്ട് അവൾ പോയി. എന്താ സംഭവിച്ചത് എന്നുപോലും എനിക്ക് മനസിലായില്ല. കള്ളച്ചിരിയുമായി നിന്ന കിച്ചു എന്നെനോക്കി തലയാട്ടിപ്പറഞ്ഞു. "എന്താടാ ഈ നടക്കുന്നത് അവൾക്കെന്താ നിന്നോട് പ്രേമം ആണോ" കേട്ടപാതി കേൾക്കാത്തപാതി ഞാൻ അവൾടെ പിറകെ ഓടി. ഇത്രയും കുട്ടികളുടെ മുന്നിൽവച്ചു ഞാൻ അവളോട്‌ മാപ്പ് ചോദിച്ചു. എന്നിട്ടും തിരിഞ്ഞുനോക്കാതെ അവൾ ക്ലാസ്സിലേക്ക് പോയി.... 

മുന്നോട്ട് ഒരടി എടുത്തുവയ്ക്കാനാവാതെ എന്റെ കാലുകൾ വിറച്ചുപോയി. ജീവിതത്തിൽ ഇന്നുവരെയും തോന്നാത്ത ഒരു മന്ദത. ശരീരത്തിന്റെ ഏതോ ഒരു ഭാഗം എന്നെവിട്ടുപോയതുപോലെ ഒരു തോന്നൽ. ഞാൻ നടക്കാൻ ശ്രമിച്ചു, പക്ഷെ എനിക്കതിനായില്ല. ഞാൻ അടുത്തുള്ള വരാന്തയിൽ ഇരുന്നു. കിച്ചു എന്റെ അടുത്തുവന്നിരുന്നു എന്നിട്ട് പറഞ്ഞു.
"ഡാ നിന്റെ മനസ്സിൽ എന്താണെന്ന് എനിക്കറിയില്ല പക്ഷെ അവൾടെ മനസ്സുമുഴുവൻ നീയാണ്, നിന്നെക്കുറിച്ചു അവൾ ആവലാതിപ്പെടുന്നുണ്ടെങ്കിൽ അവൾക്കു നിന്നോട് നല്ല മുഴുത്ത പ്രേമമാടാ"..
പിന്നൊന്നും ഞാൻ നോക്കിയില്ല സകലശക്തിയുമെടുത്ത് ഞാൻ ക്ലാസ്സിലേക്കോടി. നേരെ അവൾടെ മുന്നിൽ ചെന്നുനിന്നിട്ട് തലയിൽ കൈവച്ചുപറഞ്ഞു.. 
"ഇനിമുതൽ ഞാൻ നിന്റേതാണ്. നീ എനിക്കുള്ളതും, നിന്റെ ഇഷ്ടങ്ങൾ ഇനി എന്റേതുമാണ്. ഇനി നിനക്കിഷ്ടമില്ലാത്തതൊന്നും ഞാൻ ചെയ്യില്ല. ഈ ലോകത്ത് മറ്റെന്തു ലഹരിയേക്കാളും ഇന്നെന്റെ മനസിനെ സന്തോഷിപ്പിക്കുന്നത് നിന്റെ പുഞ്ചിരിയാണ്.." 
ഇത്രയും പറഞ്ഞുകഴിഞ്ഞതും അവൾ എന്നെ കെട്ടിപിടിച്ചുകരഞ്ഞു, ക്ലാസ്സിലെ കുട്ടികളെല്ലാം നോക്കിനിൽക്കെ അവൾ എന്നെ ചേർത്തുപിടിച്ചുപറഞ്ഞു.. "ഈ ലോകം അവസാനിക്കുകയോ നമ്മളിലൊരാൾ അവസാനിക്കുകയോ ചെയ്യാതെ നാം പിരിയില്ല"... 

പിന്നീടങ്ങോട്ട് ഞങ്ങളുടെ ലോകമായിരുന്നു. ആ സ്കൂളിലെ ഏറ്റവും റൊമാന്റിക് ആയ പ്രണയജോഡി ഞങ്ങളായിരുന്നു. പലപ്പോഴും ടീച്ചർമാർ കാണാതെ ഞങ്ങൾ പുറത്തൊക്കെ കറങ്ങാൻ പോകുമായിരുന്നു. ഒരു ദിവസം അവളുടെ ചേച്ചിയുടെ കല്യാണത്തിന് ഞങ്ങൾ എല്ലാം അവളുടെ വീട്ടിലെത്തി. ഒരസ്സൽ പട്ടരുകല്യാണം. വ്യത്യസ്തമായ ചടങ്ങുകൾ, ആൾക്കാർ, ഭാഷകൾ. ഞാൻ ഇതൊക്കെ നന്നായി ആസ്വദിച്ചു. അതിലുപരി എന്റെ പട്ടത്തി, കല്യാണപ്പെണ്ണിനേക്കാൾ അഴക് അവൾക്കായിരുന്നു. വല്യ ജിമിക്കിക്കമ്മലും ഹാഫ് സാരിയും പിന്നെ അവളെക്കണ്ടാൽ ഒരു രാജകുമാരിയെപ്പോലുണ്ടായിരുന്നു. ആരുംകാണാതെ ഞങ്ങൾ ടെറസിൽ പോകുമായിരുന്നു. പെട്ടെന്നൊരു കെട്ടിപ്പിടുത്തം ഒരു ചെറിയചുംബനം അങ്ങനെ ഞാൻ ഞങ്ങളുടേതായരീതിയിൽ ആ ദിവസം ആസ്വദിച്ചു. രാത്രിയിൽ ക്ലാസ്സിലുള്ള എല്ലാവരും ചേർന്ന് ബിയർ ഒക്കെ എടുത്തു. ഞാൻ മാത്രം മാറിയിരുന്നു. അവൾ എന്റെ അടുത്തുവന്നിരുന്നു. "നീയെന്താടാ കുടിക്കുന്നില്ലേ". ഞാൻ ചെറിയൊരു ദേഷ്യഭാവത്തിൽ അവളെയൊന്നുനോക്കിചിരിച്ചു. പെട്ടന്ന് നല്ല തണുത്ത ഒരു ബിയർ ബോട്ടിൽ അവൾ എന്റെ മടിയിൽ വച്ചു എന്നിട്ട് പറഞ്ഞു. "ഡോ മനുഷ്യാ ഈ ഒരെണ്ണത്തിൽ നിറുത്തിക്കോണം കേട്ടല്ലോ.".. അവൾക്ക് ഇഷ്ടമല്ലാഞ്ഞിട്ടും എന്റെ സന്തോഷത്തിനുവേണ്ടിയാണ് അവൾ ഇതൊക്കെ ചെയ്തത്. ഇവൾ എന്തിനാണ് എന്നെ ഇങ്ങനെ സ്നേഹിക്കുന്നത് എന്നൊക്കെ ഞാൻ ചിന്തിച്ചു. ഞാൻ കുടിക്കാൻതുടങ്ങിയ ബിയർ പിടിച്ചുവാങ്ങി അല്പം അവളും ടേസ്റ്റ് ചെയ്തു. എന്നിട്ട് പറഞ്ഞു "ഈ വിഷം ആണോടാ നീയൊക്കെ പായസം കുടിക്കുന്നത് പോലെ കുടിക്കുന്നതെന്നു". ഞാൻ പെട്ടന്ന് അവളെ ചേർത്തുപിടിച്ചു ആകാശത്തുനോക്കി പറഞ്ഞു.." ഇനിയെത്രജന്മം ഞാൻ ജനിച്ചാലും എന്നിലെ പാതി നീമാത്രമാണ്. നിന്റെ മുഖം കണ്ട് മയങ്ങാത്ത ഒരു രാത്രിപോലും എന്റെ ജീവിതത്തിൽ ഇനിയുണ്ടാവില്ല". 

പിറ്റേന്ന് കല്യാണമൊക്കെക്കഴിഞ് ചേച്ചിയെ യാത്രയാക്കി ഞങ്ങളെല്ലാം പിരിഞ്ഞു. ആ രണ്ടുദിനങ്ങൾ എന്റെ മനസിൽ മായാതെ തങ്ങിനിൽക്കുന്നതായിരുന്നു. കള്ളവും കപടവുമില്ലാതെ പ്രണയിക്കുന്ന ഒരു പെൺകുട്ടിയെ എനിക്ക് തന്ന ദൈവത്തിനോട് നന്ദിപറഞ്ഞ് ഞാൻ വീട്ടിലെത്തി. പിറ്റേന്ന് രാവിലെ ഞാൻ ക്ലാസിലെത്തി അവളെ തിരഞ്ഞു. എന്നും വരുന്ന സമയമായിട്ടും അവളെ കണ്ടില്ല. ക്ലാസ്സ്‌ തുടങ്ങിയിട്ടും അവളെ കാണാത്ത ദേഷ്യത്തിൽ ഞാൻ ഇരുന്നു. ഇന്റെർവെലിന് തൊട്ടുമുന്നെയുള്ള പീരിയഡിൽ അവൾ കേറിവന്നു. ആകപ്പാടെ അലങ്കോലമായ മുടിയും കരഞ്ഞുകണ്ണുനീർ വറ്റിയ കണ്ണുകളും. ആകപ്പാടെ ഒരു ഭ്രാന്തിയെപ്പോലെയാണ് അവളെക്കണ്ടപ്പോ എനിക്ക് തോന്നിയത്. ഇന്നലെക്കണ്ടത്തിൽനിന്നും നല്ലമാറ്റമുണ്ടായിരുന്നു. ടീച്ചർ നിന്നതുകൊണ്ടു എനിക്കപ്പോ ഒന്നും ചോദിക്കാൻ പറ്റിയില്ല. അവൾ എന്റെ മുഖത്തുപോലും നോക്കാതെ ഇരിപ്പിടത്തിൽ ഇരുന്നു.. പെട്ടന്ന് ബെൽ അടിച്ചു. ടീച്ചർ പുറത്തു പോയതും ഞാൻ അവളുടെ അടുത്തെത്തി തോളിൽ കൈവച്ചു. എന്ത് പറ്റിയെടി എന്ന് ചോദിക്കുമുന്നെ അവൾ എന്റെ കൈതട്ടിമാറ്റിപ്പോയി. എല്ലാരുടേം മുന്നിൽവച്ചു ഞാൻ ആകപ്പാടെ നാണകെട്ടുപോയി. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഞാൻ പകച്ചുനിന്നു. കയ്യിലിരുന്ന പേന നിലത്തുവലിച്ചെറിഞ്ഞിട്ട് അവൾ പുറത്തേക്കിറങ്ങിപ്പോയി.. ഒന്നും മിണ്ടാനാവാതെ ഞാൻ ഒരു ബഞ്ചിൽ ഇരുന്നു. അവൾക്കു എന്തുപറ്റി എന്ന് ചിന്തിക്കാൻപോലും എന്റെ മനസ്സിനായില്ല. എന്റെ ജീവന്റെ ജീവനായ എന്റെ പെണ്ണ് എന്നോടെന്തിനാ ഇങ്ങനെയൊക്കെ എന്ന് ഒരുപാട് ചിന്തിച്ചു വിഷമിച്ചു...

പതിയെ പുറത്തേക്കിറങ്ങി കൈകഴുകുന്ന പൈപ്പിനടുത്തേക്ക്‌നടന്നു. 
അവൾ അവിടെ കൈകഴുകിക്കൊണ്ടു നിൽക്കുന്നുണ്ടായിരുന്നു. ഞാൻ പതിയെ അടുത്തുചെന്നു ചോദിച്ചു.
"എടി നിനക്കെന്താ പറ്റിയേ. ഞാൻ എന്ത് തെറ്റാ ചെയ്തത്."
അവൾ ഒന്നുംമിണ്ടാതെ നടന്നുപോയി ക്ലാസ്സിൽ കയറി. ഞാനും ഒപ്പം പോയി. എല്ലാരും ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. ഞാനും ഭക്ഷണപ്പൊതി തുറന്നുവെച്ചു. എന്നിട്ട് അവളെ നോക്കി. സാധാരണ ഈ സമയം അവൾ എന്റെ അടുക്കൽ വന്നിരിക്കാറുള്ളതാണ്. പക്ഷെ ഒന്ന് തിരിഞ്ഞുപോലും നോക്കാതെ കൂട്ടുകാരികൾക്കൊപ്പം അവൾ ഭക്ഷണം കഴിച്ചുതുടങ്ങി. ഞാൻ പകുതിയിൽ നിർത്തി പുറത്തേക്കിറങ്ങി. ഇതെല്ലാം കണ്ടിട്ടും അവൾ ഒന്നും പ്രതികരിച്ചില്ല. ഈ ദേഷ്യമെല്ലാം ഉള്ളിൽവച്ചു ഞാൻ പുറത്തേക്കിറങ്ങി. ആരോടും മിണ്ടാതെ ഞാൻ താഴെ ഗ്രൗണ്ടിൽ പോയി ഇരുന്നു. കണ്ണുകൾ അറിയാതെ നിറഞ്ഞു. ചുറ്റുമുള്ളവർ എന്നെ നോക്കുന്നതുപോലെ തോന്നി പക്ഷെ എനിക്ക് അതൊന്നു ഒരു പ്രശ്നമല്ലായിരുന്നു. കണ്ണിൽ ഇരുട്ട് മൂടുന്നതുപോലെതോന്നി. അടുത്തിരുന്ന ഒരു കസേരയിൽ ഞാൻ ആഞ്ഞിടിച്ചു. എല്ലാരും എന്നെത്തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഏറെനേരം നിലത്തുതന്നെ ഞാൻ നോക്കിയിരുന്നു. മണൽത്തരികളിൽ ഓടിനടക്കുന്ന ഉറുമ്പുകൾ പോലും അന്ന് ആദ്യമായി എന്റെ കണ്ണിൽ കണ്ടു. നീലാകാശം കാർമേഘംകൊണ്ടു മൂടുന്നതുപോലെ എന്റെ മനസ്സിൽ ഇരുട്ടുകൊണ്ടുനിറഞ്ഞു. ജീവന്റെജീവനായി ഞാൻ കരുതിയവൾ ഇന്നെന്റെ കണ്ണിൽനിന്നും പൊഴിഞ്ഞ കണ്ണുനീർകണ്ടിട്ടുപോലും എന്റെ നേർക്കുവരാതെ ഒഴിഞ്ഞുമാറാൻ കാരണമെന്താ? 

പെട്ടന്ന് അവളുടെ കൂട്ടുകാരി ഒരു കത്ത് എന്റെ മുന്നിലേക്ക്‌ നീട്ടി 


ഞാൻ അവളുടെ കയ്യിൽനിന്നും ആ കത്തും വാങ്ങി സ്കൂളിന് താഴെയുള്ള വാഴത്തോപ്പിലേക്കു നടന്നു. അവിടെ മറിഞ്ഞുവീണുകിടന്ന ഒരു മരത്തടിയിൽ ഞാൻ ഇരുന്നു. എന്താവും ആ കത്തിൽ ഉള്ളതെന്നറിയാൻ ആകാംഷയോടെ ഞാൻ അത് വായിക്കാൻ തുടങ്ങി. 

"എനിക്കെന്താ പറയേണ്ടതെന്നറിയില്ലടാ. ഞാൻ എന്തിനെയാണോ ജീവനുതുല്യം സ്നേഹിച്ചത് അതിനെ ഇപ്പോൾ മനസ്സുകൊണ്ട് വെറുക്കേണ്ട ഒരവസ്ഥയിലാ ഞാൻ. ഇന്നലെ കല്യാണം കൂടി നിങ്ങൾ പോയപ്പോൾ മുതൽ ഞാൻ അനുഭവിച്ചത് നാടകമായിരുന്നു. നമ്മൾ തമ്മിലുള്ള റിലേഷൻ എന്റെ ഒരു വല്യേട്ടൻ കണ്ടു. നമ്മൾ തമ്മിൽ സ്നേഹിക്കുന്നു എന്നതിനുപരി നീ ഒരു അന്യജാതിക്കാരൻ ആണെന്ന് പറഞ്ഞായിരുന്നു തർക്കം തുടങ്ങിയത്. എന്നെ ഓരോരുത്തരായി ഉപദേശിച്ചു ഭ്രാന്താക്കി. അവസാനം അച്ഛൻ പറഞ്ഞു ഞാൻ ഇനിയും ഇത് തുടർന്നാൽ അച്ഛൻ ജീവനോടെ ഉണ്ടാവില്ല എന്ന്. എന്ത് പറയണമെന്ന് എനിക്കറിയില്ലടാ. എന്നെ വിശ്വസിച്ചും സഹിച്ചും ഇത്രയും നാൾ സ്നേഹിച്ച നിന്നെ മറക്കണോ അതോ എന്നെ ഇത്രയുമാക്കിയ എന്റെ വീട്ടുകാരെ മറക്കണോ .? നമുക്ക് വേണമെങ്കിൽ ഒന്നിച്ചു ജീവിക്കാം പക്ഷെ സമൂഹം എന്നും എന്നെ ഒരു തലതെറിച്ചവളായി കണക്കാക്കും. ഒരുപക്ഷെ നാളെ എനിക്ക് പറയാൻ വീട്ടുകാർപോലും ഉണ്ടാവില്ല. എന്തായാലും ഇനി എല്ലാം നിനക്ക് തീരുമാനിക്കാം. എന്തെന്നാൽ എന്റെ മനസ്സിനെ എന്നേക്കാൾ അറിയാവുന്ന നിനക്ക് അതിന് സാധിക്കും."

അത് ഞാൻ വായിക്കുമ്പോൾ എന്റെ ഹൃദയത്തിന്റെ പുറത്ത് കത്തികൊണ്ട് അതിലെ ഓരോ അക്ഷരവും എഴുതുന്ന ഒരു വേദനയായിരുന്നു എനിക്ക്. ഒരു ആയുഷ്കാലം മുഴുവൻ എന്റെ നിഴൽ പതിക്കേണ്ട ആ ജീവൻ ഇന്നെന്നെവിട്ടുപോകാൻ ഒരുങ്ങുമ്പോൾ അവളോട്‌ എന്ത് പറയണം എന്നറിയാതെ ഞാൻ ആ മരത്തടിയിൽ അവൾ തന്ന കത്തും നെഞ്ചോടുചേർത്തുപിടിച്ചു കിടന്നു. നമ്മൾ ഒന്നിച്ചു കണ്ട ഓരോ സ്വപ്നങ്ങളും എന്റെ മനസിലൂടെ ഓടിനടന്നു. ജീവിതത്തിൽ അവൾ ഇനി ഉണ്ടാവില്ലന്നറിഞ്ഞിട്ടും അവസാനമായി അവളെ എന്റെ കാമുകിയായിത്തന്നെ കണ്ട് ചിലകാര്യങ്ങൾ പറയാൻ ഞാൻ തീരുമാനിച്ചു. അങ്ങനെ അവൾ തന്ന കത്തിന് പുറകിൽ ഞാൻ എഴുതി. "എനിക്ക് നിന്നോട് പറയാനുള്ളത് വെറുമൊരു കത്തിൽ മാത്രം ഒതുങ്ങുന്നതല്ല. നിന്നെ നേരിട്ടുകാണാൻ ഇന്ന് രാത്രി ഞാൻ വരും. നിന്റെ മുറിയുടെ ജനാലക്കരുകിൽ വന്നു ഞാൻ വിളിക്കും. നമ്മുടെ ജീവിതത്തിലെ അവസാന സംവാദത്തിനായി". അവൾ ഈ തീരുമാനം സമ്മതിക്കുമോ എന്ന് സംശയമുണ്ടായിരുന്നെങ്കിലും ഞാൻ ഒരു കാര്യം ഉറപ്പിച്ചു. എന്നെ അവൾ സ്നേഹിച്ചത് ആത്മാർത്ഥമാണെങ്കിൽ അവൾ വരും എന്ന ഉറപ്പ് എനിക്കുണ്ടായിരുന്നു. തിരികെ ആ കത്ത് അവളുടെ ബാഗിന് മുകളിൽ വച്ചിട്ട് ഞാൻ എന്റെ ബാഗുമായി പുറത്തിറങ്ങി. 
വീട്ടിൽ എത്തിയ ഞാൻ ആദ്യം വിളിച്ചത് കിച്ചുവിനെയാണ്. അവൻ ഓടിയെത്തി. ഞാൻ അവനോടെല്ലാം തുറന്നുപറഞ്ഞു. ഒരു മടിപോലും കാണിക്കാതെ അവൻ എല്ലാത്തിനും സമ്മതം മൂളി. മണിക്കൂറുകളോളം ഞാൻ അവനെ കെട്ടിപിടിച്ചു കരഞ്ഞു. രാത്രി ഒരു 12 മണി കഴിഞ്ഞപ്പോൾ ഞങ്ങൾ പുറത്തേക്ക് ഇറങ്ങി. ബൈക്ക് എടുത്ത് അവളുടെ വീട് ലക്ഷ്യമാക്കി പോയി... 

അവളുടെ വീടിനുമുന്നിലെത്തി കിച്ചു വണ്ടി നിറുത്തി. അവൻ ആ വണ്ടിയിൽത്തന്നെയിരിക്കാമെന്നും ആരേലും ഉണർന്നാൽ അറിയിക്കാമെന്നും പറഞ്ഞു. അന്ന് കല്യാണത്തിനുപോയതിനാൽ എനിക്കാ വീടിന്റെ മുക്കും മൂലയും അറിയാമായിരുന്നു. പിൻവശത്തെ ഗേറ്റിലൂടെ ഞാൻ അകത്തേക്ക് കയറി. പുറത്തെ ടെറസിൻ പടിയിലൂടെ ഞാൻ മുകളിലെത്തി. സൺഷെയ്ഡിലൂടെ നടന്നു അവളുടെ മുറിയുടെ ജനാലക്കുമുകളിലെത്തി. പതിയെ ഞാൻ ജനാല തുറക്കാൻ ശ്രമിച്ചു. പ്രതീക്ഷിച്ചതുപോലെതന്നെ ആ ജനാലകൾ അടച്ചിരുന്നില്ല. ഞാൻ ആ പാളികൾ മെല്ലെത്തുറന്നു. അകത്തേക്ക് നോക്കിയപ്പോൾ മൊബൈലിൽ എന്തൊക്കെയോ നോക്കിയിരിക്കുകയായിരുന്നു അവൾ. ഒന്നുകൂടെ സൂക്ഷിച്ചുനോക്കിയപ്പോൾ മനസിലായി അവൾ എന്റെ ഫോട്ടോ നോക്കി കരയുകയായിരുന്നു. ആ പാവം ഇത്രയുമധികം എന്നെ സ്നേഹിച്ചിട്ടും വീട്ടുകാർക്കുവേണ്ടി മറക്കാൻ ശ്രമിക്കുകയാണ്.
കാറ്റടിച്ചു ആ ജനാലകളിലെ കർട്ടൻ പറന്ന ശബ്ദം കേട്ട് അവൾ തിരിഞ്ഞുനോക്കി. ഒറ്റമാത്രയിൽ തന്നെ അത് ഞാൻ ആണെന്നു മനസ്സിലായതുകൊണ്ടാവണം കയ്യിലിരുന്ന മൊബൈൽ മേശപ്പുറത്തു വച്ചശേഷം ജനലിനരുകിലേക്ക് ഓടി വന്നു..
ജനാലക്കമ്പികളുടെ ബന്ധനം വകവയ്ക്കാത അവൾ എന്റെ കവിളുകൾ രണ്ടുകൈയ്യുംകൊണ്ടു ചേർത്തുപിടിച്ചു. വിറങ്ങളടിച്ച ആ കൈകളുടെ തണുപ്പ് എനിക്ക് നന്നായി അറിയാൻ സാധിച്ചു. പതിയെ ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി...
കൈകൊണ്ടു കുലഞ്ഞുകിടന്ന അവളുടെ മുടിയിഴകൾ ഒതുക്കിവച്ചശേഷം മെല്ലെ അവളോട്‌ ചോദിച്ചു 

"നമ്മൾ പിരിയണം അല്ലേ"? 


അവൾ ഒന്നും മിണ്ടാനാവാതെ പൊട്ടിക്കരഞ്ഞു. സഹിക്കാനാവാതെ ഞാൻ അവളുടെ കണ്ണുനീർ തുടച്ചുകൊണ്ടുപറഞ്ഞു.

"എന്റെ ജീവിതത്തിൽ ഞാൻ ആഗ്രഹിക്കാത്തതും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതുമായ കാര്യമാണ് നിന്റെ കണ്ണ് നിറയുന്ന രംഗം. നമ്മൾ ഒരുപാട് സ്വപ്നം കണ്ടതാണ് ഈ ജീവിതം. എന്നാൽ കാലം നമുക്ക് സമ്മാനിച്ചത് ദുരന്തവും.ഒരു പക്ഷെ ജാതിമത ചിന്തകൾ ഈ ലോകം കയ്യടക്കാതിരുന്നെങ്കിൽ നാം ഒന്നായേനേ. നിന്റെ മനസ്സ് മറ്റാരേക്കാളും എനിക്കറിയാം എന്നതുകൊണ്ടുതന്നെ ഒരിക്കലും ഞാൻ കാരണം നിനക്ക് വിഷമിക്കേണ്ടിവരില്ല. ഒന്നാകാൻ കഴിഞ്ഞില്ലെങ്കിലും ഞാൻ അന്ത്യംവരെ നിന്റെ ഒപ്പം ഉണ്ടാവും. ആ ബന്ധത്തിന് പ്രതേകിച്ചു പേരില്ല. നീ മാതാപിതാക്കളെ നിഷേധിക്കരുത് അവരാണ് നിന്നെ ഇത്രയുമാക്കിയത്. അതുകൊണ്ട് നമുക്ക് പിരിയാം, പ്രണയത്തിൽനിന്നുമാത്രം. ജീവിതത്തിൽ ഞാൻ എന്നും കൂടെയുണ്ടാവും".
പിന്നീടുള്ള കാര്യങ്ങൾ പറഞ്ഞത് ഞങ്ങളുടെ ചുണ്ടുകൾ തമ്മിലായിരുന്നു. ഏറെനേരം അവൾ ആ ജനാലക്കമ്പികളുടെ പരിമിധികൾ മറികടന്ന്‌ എന്റെ ചുണ്ടുകളിൽ ചുംബിച്ചു. ഏറെനേരം കഴിഞ്ഞപ്പോൾ മനസ്സിൽ ഒരായിരം വേദനകൾ മറച്ചുവച്ചു. ഒരു മായ പുഞ്ചിരിനിറച്ചമുഖവുമായി, പിന്നീടൊന്നു തിരിഞ്ഞുനോക്കാൻ നിൽക്കാതെ ഞാൻ അവിടെനിന്നും യാത്രയായി.. വീടെത്തുംവരെ കരഞ്ഞു.. ആ രാത്രിയിൽ ഉറങ്ങാൻ കഴിഞ്ഞില്ല പക്ഷെ പിറ്റേന്ന് ഞാൻ സ്കൂളിൽ പോകാതിരുന്നില്ല. അവളും വന്നു.ഞങ്ങൾ പഴയതിനേക്കാൾ പരസ്പരം അടുത്ത് സംസാരിച്ചു, പ്രേമത്തിനും കാമത്തിനുമപ്പുറം മറ്റൊരു പറഞ്ഞറിയിക്കാൻപറ്റാത്ത വികാരത്തോടെ. ഇന്നും ഞങ്ങൾ ആ ബന്ധം തുടരുന്നു, കാലങ്ങൾ എത്രകഴിഞ്ഞാലും മണ്മറയാത്ത പ്രണയത്തിന്റെ മറ്റൊരേട്....

ശുഭം...... 

✒ശിവകൃഷ്ണ