Tuesday, September 24, 2019

കാലം മറച്ച ജീവാംശം

ഇന്ന് പതിവില്ലാതെ എന്റെ പഴയ വീട്ടിലെത്തി. അപ്പൂപ്പന്റെ മരണശേഷം അങ്ങനെ ആരും അവിടെ പോവാറില്ലായിരുന്നു. ഞാൻ അകത്തോട്ടു കയറുന്നത് നോക്കിനിന്ന അയല്പക്കത്തെ ചേച്ചി സൂക്ഷിച്ചു കയറാൻ പറഞ്ഞു.  അടഞ്ഞു കിടന്ന വീടല്ലേ വല്ല ഇഴജന്തുക്കളും ഉണ്ടാവുമെന്ന് കരുതിയാവും. ഞാൻ അകത്തു കയറി. കുറച്ചു പഴയ കസേരകളും അലമാരയും പിന്നെ ഒരു ടയനോര ടിവിയും മാത്രമേ അവിടെ ഉള്ളു. അകത്തെ എന്റെ പഴയ മുറി ലക്ഷ്യമാക്കി ഞാൻ നടന്നു. പണ്ടെങ്ങാണ്ടോ പൂട്ടിയതാ ഇപ്പൊ ചാവി പോലും കയ്യിൽ ഇല്ല.  ഞാൻ അവിടെ ഉണ്ടായിരുന്ന ഒരു ഇരുമ്പ് കഷ്ണം കൊണ്ടു പൂട്ട് പൊട്ടിച്ചു...  അകത്തു കയറിയപ്പോളാണ്  മനസിലായത്, എന്റെ ജീവിതത്തിലെ നല്ലസമയങ്ങളുടെ ഒരുകൂട്ടം ഓർമകൾ അതിൽ ഉണ്ടായിരുന്നു..  പ്രൈമറി സ്കൂൾ മുതലുള്ള പാഠപുസ്തകങ്ങൾ ചിതലരിച്ചു പകുതിയും നശിച്ചുപോയി. പത്താംക്ലാസ് കഴിഞ്ഞിറങ്ങുമ്പോൾ കൂട്ടുകാർ ഉജാല കൊണ്ടും മഷി കൊണ്ടുമൊക്കെ യൂണിഫോമിൽ നടത്തിയ ചിത്രപ്പണികൾ, ഓട്ടോഗ്രാഫ് ഉകൾ,   പണ്ട് വായിക്കാൻ മറന്നുവെച്ച ബാലരമയും പൂമ്പാറ്റയും ഒക്കെ അവിടെ എന്നെയും കാത്തിരുന്നു. കള്ളവും ചതിയും കപടതയും ഒന്നുമില്ലാത്ത ആ കുട്ടിക്കാലം ഓർമയിൽ വീണ്ടും ഓടിനടന്നു.. അതിനിടയിലാണ് മാറാലപറ്റിക്കിടന്ന  എന്റെ ഒരു പഴയ പാവക്കുട്ടി കയ്യിൽ കിട്ടുന്നത്.....
ജീവിതത്തിലെ ഒരു നല്ല കാലഘട്ടത്തിന്റെ ഓർമ,  എന്റെ ശ്രീക്കുട്ടിയുടെ ഓർമ....  


അപ്പൂപ്പന്റെ ഈ വീട്ടിൽ ആയിരുന്ന സമയത്ത് മുകളിലത്തെ നിലയിൽ താമസത്തിന് വന്ന  നാരായണ സ്വാമിയുടെയും കല ആന്റിയുടെയും ഇളയ മകളായിരുന്നു ശ്രീ വിദ്യ എന്റെ ശ്രീക്കുട്ടി.. 

ഞങ്ങളുടെ നാട്ടിലെ SBI ബാങ്കിലെ പുതിയ മാനേജർ ആയിരുന്നു അവൾടെ അച്ഛൻ..  എന്തുകൊണ്ടാണെന്നറിയില്ല അവളും ഞാനും പെട്ടന്നുതന്നെ കൂട്ടുകാരായി.. എനിക്കും അവൾക്കും അമ്മ ഒരു ട്യൂഷൻ ചേച്ചിയേ ഏർപ്പാട് ചെയ്തു അങ്ങനെ ഞങ്ങൾ വളരെ അടുപ്പത്തിലായി..  

അച്ഛനും അമ്മയും ഇല്ലാത്ത സമയങ്ങളിൽ ഉണ്ടാവുന്ന എന്റെ ഒറ്റപ്പെടലുകൾ അവൾ വന്നതോടെ പതിയെ ഇല്ലാണ്ടായി..  ഞങ്ങൾ ഞങ്ങളുടെ ലോകത്തിൽ സന്തോഷം കണ്ടെത്തി. എനിക്ക് അവളും അവൾക്കു ഞാനും മാത്രം മതിയായിരുന്നു..  അപ്പൂപ്പന്റെ  കൃഷിയിടങ്ങൾ ഞങ്ങളുടെ കളിസ്ഥലമായി. ഞങ്ങളുടെ ലോകത്ത് മറ്റൊരാളെ ഞങ്ങൾ കടത്തിവിടുമായിരുന്നില്ല..  

ഒരുപക്ഷെ വിധിയുടെ വിളയാട്ടം എന്നപോലെ അവൾടെ അച്ഛന് വീണ്ടും സ്ഥലം മാറ്റം കിട്ടി..  ജില്ലക്ക് ഉള്ളിൽ ആണെങ്കിലും ഞങ്ങൾ നന്നായി വിഷമിച്ചു..  ഇനി കാണാൻ കഴിഞ്ഞില്ലെങ്കിലോ....

ഞങ്ങളുടെ വിഷമം കാണാൻ വയ്യാതെ ആയിരിക്കണം എല്ലാരും കൂടെ ഞങ്ങളെ ഒരു സ്കൂളിൽ ആക്കാൻ തീരുമാനിച്ചു. 

അങ്ങനെ  സന്തോഷത്തോടെ അവൾ പോകാനും, ഞാൻ അവളെ യാത്രയാക്കാനും തീരുമാനിച്ചു. 

വീട്ടുസാധനങ്ങൾ ലോറിയിലേക്ക് കയറ്റിക്കൊണ്ടിരിക്കുന്നു,  അവൾടെ  ഏറ്റവും ഇഷ്ടമുള്ള പാവ ഞാൻ അവൾ അറിയാതെ അവളെ പറ്റിക്കാൻ വേണ്ടി മാമന്റെ ബൈക്കിന്റെ ലോഡ് ബോക്സിൽ ഒളിപ്പിച്ചു വച്ചു..  അവൾ അത് അന്വേഷിച്ചു നടന്നു. അവസാനം പോകാൻ നേരം കൊടുക്കാം എന്നായിരുന്നു എന്റെ plan.. 
പക്ഷെ എന്റെ പ്രതീക്ഷകൾ എല്ലാം തെറ്റിച്ചുകൊണ്ട് മാമൻ ബൈക്കുമായി എങ്ങോട്ടോ പോയി.. അന്ന് മൊബൈലും ഇന്റെർനെറ്റുമൊക്കെ വിരളം..  മാമൻ എവിടെയാ, എപ്പോളാ മടങ്ങി വരിക എന്നൊന്നും അറിയാൻ സാധിച്ചിരുന്നില്ല അവൾ സങ്കടത്തോടെ ആ പാവാ തേടി നടന്നു..  എനിക്ക് സത്യം അവളോട്‌ പറയണം എന്നുണ്ടായിരുന്നു, പക്ഷെ എന്റെ അമ്മ അറിഞ്ഞാൽ എന്നെ തല്ലുമോ എന്നുള്ള പേടികൊണ്ടു ഞാൻ ഒന്നും മിണ്ടാതെ നിസ്സഹായനായി നോക്കി നിന്നു.. 

പോകാൻ നേരം കാറിന്റെ പിൻസീറ്റിലെ ജനാലക്കരുകിൽ ഇരുന്നു നിറകണ്ണുകളോടെ അവൾ  പറഞ്ഞു. "നിനക്ക് തരാൻ വേണ്ടിയാ ഞാൻ ആ പാവക്കുട്ടി തിരഞ്ഞു നടന്നത്, പക്ഷെ കണ്ടില്ലല്ലോ.  എവിടുന്നെങ്കിലും കിട്ടിയാൽ നീ ഇതു സൂക്ഷിച്ചു വയ്ക്കണം..  എന്നിട്ട് എന്നെ കാണാൻ വരുമ്പോൾ  കൊണ്ടു വരണേ "  

എന്റെ ജീവിതത്തിൽ ആദ്യമായി ഹൃദയം നിലച്ചത്പോലെ തോന്നി. അവളുടെ മനസിലെ എന്റെ സ്ഥാനം മറ്റെന്തിനേക്കാളും വലുതാണെന്ന് എനിക്ക് മനസിലായി, അല്ലെങ്കിൽ വർഷങ്ങളായി അവൾ സ്നേഹിച്ചു താലോലിച്ചു കൂടെ കൊണ്ടുനടന്ന അവൾടെ പാവ വിശ്വാസത്തോടെ എന്നെ ഏൽപ്പിക്കാൻ അവൾ തീരുമാനിക്കില്ലല്ലോ.  

ഒരു കള്ളനെപ്പോലെ ഞാൻ എന്നെത്തന്നെ നോക്കിക്കണ്ടു, അവൾ പോയ car പതിയെ മറയുന്നത് ഞാൻ നോക്കിനിന്നു.. എന്നിട്ട് മാമൻ വരുന്നതും കാത്തുനിന്നു ആ പാവ ഞാൻ വീണ്ടെടുത്തു.. പക്ഷെ അത് കാണാൻ അവൾ എന്റെയടുക്കൽ ഇല്ലായിരുന്നു..  സ്കൂൾ തുറന്നു പോയപ്പോളും ഞാൻ അവളെ അന്വേഷിച്ചു.. പക്ഷെ എനിക്ക് കണ്ടെത്താനായില്ല..  മറ്റൊരു സ്കൂളിൽ ആവും അവൾ എന്ന് വീട്ടുകാർ  എന്നെപ്പറഞ്ഞു  ആശ്വസിച്ചു... 

ഇന്നും ഞാൻ ആ പാവയുമായി അവൾക്കു വേണ്ടി കാത്തിരിക്കിന്നു..  അവളുമായി സാദൃശ്യം തോന്നിയ പല പെൺകുട്ടികളോടും അവളെന്നു കരുതി ഞാൻ മിണ്ടാൻ ശ്രമിച്ചിട്ടുണ്ട്. കുട്ടിക്കാലം തിരിച്ചു കിട്ടിയെങ്കിൽ എന്ന് ഞാൻ ഇപ്പോളും ആശിച്ചു പോകുന്നു.. എന്റെ ശ്രീക്കുട്ടിയുടെ കണ്ണുനീർതുടച്ചു ആ പാവ അവൾക്കു തിരികെ നൽകണം 

 എന്നെ അറിഞ്ഞ ഞാൻ അറിഞ്ഞ എന്റെ  ശ്രീക്കുട്ടിക്കുവേണ്ടി. 

🖋ശിവകൃഷ്ണ

No comments:

Post a Comment