Tuesday, September 24, 2019

മഞ്ചാടി

കൃഷ്ണന്റെ അമ്പലത്തിൽ പ്രാർത്ഥിച്ച ശേഷം പുറത്തോട്ടിറങ്ങുകയായിരുന്നു, ശ്രീകോവിലിനു ഒരുവശത്തായി മാറി നിന്നു ഷർട്ട്‌ ഇടുന്നതിനിടയിൽ എന്റെ കണ്ണിൽ തറച്ചതായിരുന്നു ഉരുളിയിൽ വച്ചേക്കുന്ന മഞ്ചാടിക്കുരു വരിക്കളിക്കുന്ന രണ്ടു കുട്ടികൾ..  

മനോഹരമായ കുട്ടിക്കാല സ്മരണകളിൽ ഒന്നായിരുന്നു മഞ്ചാടിക്കുരു. വെക്കേഷൻ സമയങ്ങളിൽ അതിരാവിലെ പറമ്പിലെ മഞ്ചാടി മരം തേടി ഓടുമായിരുന്നു ഞാനും മറ്റു ബന്ധുക്കളും, മത്സരമായിരുന്നു അന്നൊക്കെ. കൂടുതൽ മഞ്ചാടി പറക്കുന്നവർ  ആയിരുന്നു അന്ന് ജയിക്കുന്നത്. അനിയത്തി അന്ന് തീരെ ചെറുതായിരുന്നു, മഞ്ചാടി വാരിക്കളിക്കുന്നതിനിടയിൽ  അവൾ അതിൽ രണ്ടെണ്ണം അറിയാതെ മൂക്കിന്റെ ഉള്ളിലാക്കി. ശ്വാസം മുട്ടി അവൾ വല്ലാതെ അസ്വസ്ഥയായി. കൂടെ ഉണ്ടായിരുന്നവർ മുതിർന്നവരെ വിളിക്കാൻ ഓടി. തളർന്നു വീണ അവളെ ഞാൻ എന്റെ മടിയിൽ കിടത്തി. അതുവരെ കണ്ടാൽ കീരിയും പാമ്പും ആയിരുന്നു ഞങ്ങൾ.  എന്നാൽ അന്ന് ആദ്യമായി അവൾ എന്നെ വിട്ടകലുമോ എന്ന് ഞാൻ ഭയന്നു..  നിലവിളിച്ചിട്ടും ആരും വന്നില്ല.  അവളുടെ ശ്വാസത്തിന്റെ ശക്തി കുറയുന്നത് പോലെ എനിക്ക് തോന്നി.. 

പെട്ടന്ന് ഒരു ചേട്ടൻ പറമ്പിലേക്ക് ഓടി വന്നു .  ഞാൻ കാര്യം പറഞ്ഞ് തീരും മുന്നേ അയാൾ അവളെ എന്റെ കയ്യിൽ നിന്നും വാരിയെടുത്തു അടുത്തുള്ള ആൽത്തറയിൽ കിടത്തി, ശേഷം അവളുടെ മൂക്കിൽ നിന്നും എങ്ങനെയോ ആ മഞ്ചാടിക്കുരുക്കൾ പുറത്തെടുത്തു.. പതിയെ ജീവിതത്തിനും മരണത്തിനും ഇടയിലൂടെ അവൾ എന്നെ ചേട്ടാ എന്ന് വിളിച്ചു. സകല ദൈവങ്ങൾക്കും നന്ദി പറഞ്ഞ് ഞാൻ അവൾടെ കൈപിടിച്ച് എഴുന്നേൽപ്പിച്ചു ഇരുത്തി..  പെട്ടന്ന് വീട്ടുകാരും അവരെ വിളിക്കാൻ പോയ കുട്ടികളും ഓടിയെത്തി. അനിയത്തിയെ അമ്മ കയ്യിൽ എടുത്തു, അവൾ വിശദമായി കാര്യം പറഞ്ഞു . പക്ഷെ ഞാൻ തിരിഞ്ഞു നോക്കിമ്പോൾ അവളെ രക്ഷിച്ച ആ ചേട്ടൻ അവിടൊന്നും ഇല്ലായിരുന്നു. ഞാൻ ഒരുപാടു തിരഞ്ഞു. അമ്മയോടും മറ്റുള്ളവരോടും ഞാൻ പറഞ്ഞു ആ ചേട്ടന്റെ കാര്യം,   അതിശയം എന്തെന്നാൽ അനിയത്തി പോലും കണ്ടില്ല അങ്ങനെ ഒരാളെ.  അവൾ പറയുന്നു ഞാൻ ആണ് അവളെ എടുത്ത് ആൽത്തറയിൽ കിടത്തി ആ മഞ്ചാടിക്കുരു മൂക്കിൽ നിന്നും പുറത്തെടുത്തതെന്നു. 

എന്റെ സംശയം തെറ്റിയില്ല,  അതെന്റെ ഭഗവാൻ കൃഷ്ണൻ തന്നെ ആയിരുന്നു. 
ഒരു പാട് തിരഞ്ഞിട്ടും പിന്നീട് എനിക്ക് ആരൂപം കാണാൻ കഴിഞ്ഞില്ല.  ചിലപ്പോൾ അനിയത്തിയോടുള്ള യഥാർത്ഥ കരുതലും സ്നേഹവും എന്നെ മനസിലാക്കിത്തരാൻ കള്ളക്കണ്ണൻ കാണിച്ച മയകളാവും ഇതെല്ലാം.... 

പക്ഷെ അതിനു ശേഷം ഞാൻ അവളോട്‌ ദേഷ്യപ്പെട്ടിട്ടില്ല.  മരണം കൊണ്ടുപോയിട്ടും ഭഗവാൻ എനിക്ക് തിരികെ തന്ന വിഷുക്കണിയാണവൾ..... 

🖋ശിവകൃഷ്ണ

No comments:

Post a Comment