Sunday, September 29, 2019

സഖാവ് സഖി സമരം................


പാർട്ടി ഓഫിസുകളും, മന്ത്രിമന്ദിരങ്ങളും, പോലീസ് സ്റ്റേഷനുകളും മാറിമാറി കയറിയിറങ്ങി ആ അമ്മയുടെ ചെരിപ്പുപോലെ മനസ്സും തേഞ്ഞുതീരാറായിരുന്നു...
തന്റെ മകൻ പ്രണയിച്ച പെൺകുട്ടിയുടെ വീട്ടുകാർ അവനു നൽകിയ മരണമെന്ന സമ്മാനത്തിന്റെ ബാക്കിപത്രമായിരുന്നു ആ അമ്മയുടെ കണ്ണുനീർ... അതിന്റെ നീതിയായി ആ അമ്മയ്ക്ക് വേണ്ടിയിരുന്നത് പണം ആയിരുന്നില്ല, ആ ജീവന്റെ ഘാതകരെ ആയിരുന്നു....
റെയിൽവേ ട്രാക്കിൽ ചിന്നിച്ചിതറി കിടന്നിരുന്ന അവന്റെ ശവശരീരം കണ്ടതുമുതൽ ആ അമ്മയുടെ കണ്ണുനീർ തുടയ്ക്കാൻ ഞാനടക്കം എന്റെ കോളേജ് യൂണിയൻ മുഴുവനും തീരുമാനിച്ചു... പാർട്ടിയിൽ നിന്നുള്ള എതിർപ്പുകൾ ഞാൻ ചെവികൊണ്ടിരുന്നില്ല.... ആ അമ്മയുടെ കണ്ണുനീരിനു മുന്നിൽ, ആ വാക്കുകൾ ഒന്നും അല്ലായിരുന്നു..
അമ്മയ്ക്ക് കൊടുത്ത വാക്ക് പോലെ ഞങ്ങൾ പ്രതിഷേധവുമായി ഇറങ്ങി.. ഉയർന്ന പോലീസ് മേധാവിയുടെ ഓഫിസിനെ ലക്ഷ്യം വച്ചായിരുന്നു ഞങ്ങളുടെ പ്രകടനത്തിന്റെ പോക്ക്...
ലാത്തിയും, തോക്കും, ഗ്രനേഡുകളും, ജലപീരങ്കിയൊന്നും ഞങ്ങളെ തളർത്തിയില്ല.. ഞങ്ങൾ ഒന്നിച്ചു ധൈര്യപൂർവം മുദ്രവാക്യം വിളിച്ചു മുന്നോട്ട് നടന്നു.. അമ്മയെ ഒപ്പം നിർത്തി കൊല്ലപ്പെട്ട ആ ഒരു മകന് പകരം ഒരായിരം മക്കൾ ആ അമ്മക്ക് വേണ്ടി മുദ്രാവാക്യം വിളിച്ചു...
ഏറെ നേരത്തെ സമരത്തിന്റെ കാത്തിരിപ്പിനൊടുവിലും പ്രതികരണം ഒന്നും കിട്ടാതെ വന്നപ്പോൾ ബാരിക്കേഡുകൾ തകർത്ത് അകത്തുകടക്കാൻ ഞങ്ങൾ തീരുമാനിച്ചു...
എന്നാൽ ആ തീരുമാനത്തിൽ ഞങ്ങൾക്ക് അടിപതറി. പോലീസ് സേനയുടെ പ്രതീക്ഷിക്കാത്ത ഇടപെടലിൽ എല്ലാരും ചിതറിയോടി.. എന്റെ തലയ്ക്കും കൈകൾക്കും പരിക്കുപറ്റി.. കൂടെയുണ്ടായിരുന്ന സഹപാഠികൾ എന്നെ അവിടെനിന്നും മാറ്റി നിർത്തി.. എന്റെ മനസ്സിൽ മുഴുവൻ ആ അമ്മ ആയിരുന്നു.. ആ അമ്മയെ രക്ഷിക്കാൻ ഞാൻ അവരോടു പറഞ്ഞു... എന്നിട്ട് അവിടെ ഇരുന്നു.. അടിയുടെ ആഘാതത്തിൽ എനിക്ക് മോഹാലസ്യം വന്നപോലെ തോന്നി..
പെട്ടന്ന് സുഹൃത്തുക്കളിൽ ഒരുവൻ എന്നോട് ഓടിവന്ന് പറഞ്ഞു..
"സഖാവേ... അവിടെ ആ അമ്മ...."
മറ്റെന്തെങ്കിലും അവൻ പറയുന്നതിന് മുന്നേ തന്നെ ഞാൻ അവിടെ നിന്നും സമരം നടന്നിടത്തേക്ക് ഓടി.. അവിടെയെത്തി ആ ദൃശ്യം കണ്ടതും ഞാൻ ഞെട്ടിപ്പോയി..എന്റെ കണ്ണുകൾ നിറഞ്ഞു..
ഞാൻ ഇതുവരെയും കണ്ടുപരിചയം ഇല്ലാത്ത ഒരു പെൺകുട്ടി ആ അമ്മയുടെ ഒപ്പം നിന്ന് ഇപ്പോഴും മുദ്രാവാക്യങ്ങൾ ഉറക്കെ വിളിക്കുന്നു.. ജൂനിയർ ആണ് അവളെന്ന് ആരോ പറഞ്ഞു കേട്ടു...
തലയിൽ നിന്നും കൺപീലികളിലേക്ക് വാർന്നൊഴുകി വന്ന ചോരത്തുള്ളികളെ അവൾ തുടച്ചു മാറ്റുന്നുണ്ടായിരുന്നു... ശരീരം മുഴുവനും പോലീസ്‌കാരുടെ ലാത്തിയുടെ പ്രകമ്പനങ്ങൾ ഏറ്റെങ്കിലും അതൊന്നും അവളുടെ മനസിലെ ചൂടിനെ തളർത്തിയിരുന്നില്ല...
അവളുടെ ധൈര്യത്തിന് മുന്നിൽ ഞങ്ങൾ ഓരോരുത്തരും തലകുനിച്ചു..പിന്നേനൊന്നും നോക്കിയില്ല ആ ഒരൊറ്റ മുദ്രാവാക്യത്തിന് തുടർച്ചയായി ഞങ്ങളെല്ലാം ഏറ്റു വിളിച്ചു.
പോലീസിന് അവിടെനിന്നും തുടച്ചുമാറ്റാൻ ഞങ്ങൾക്ക് അധികം സമയം വേണ്ടി വന്നില്ല.. എല്ലാ വാർത്താ ചാനലുകളും പത്രപ്രവർത്തകരും ഞങ്ങൾക്ക് മുന്നിലെത്തി.... ആ വാർത്തയുടെ ശക്തി, ഓരോ മുദ്രാവാക്യം വിളി കഴിയുന്തോറും കൂടിക്കൊണ്ടിരുന്നു...
അധികനേരം വേണ്ടിവന്നില്ല മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ഞങ്ങൾക്ക് ഇടയിലേക്ക് ഇറങ്ങി വന്നു, അമ്മയുടെ പരാതി സ്വീകരിക്കുന്നതോടൊപ്പം മകന്റെ മരണത്തിനു ഉത്തരവാദികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും അയാൾ വാക്ക് തന്നു....
പക്ഷേ ഞാനടക്കം ചില സമര നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.. ഒപ്പം ഒറ്റയ്ക്ക് നിന്ന് പോരാടിയ ആ പെൺകുട്ടിയെയും...
പോലീസിന്റെ വലിയ ഇടി വണ്ടിയിലുള്ള യാത്രാമധ്യേ ഞാൻ അവളോട് ചോദിച്ചു..
"ഇത്രയും പേർ ചിന്നിച്ചിതറി ഓടിയപ്പോൾ നീ മാത്രം എങ്ങനെ"
അവൾ പറഞ്ഞു....
"ഞാൻ വിശ്വസിക്കുന്നത് കമ്മ്യൂണസത്തിലും പ്രണയിക്കുന്നത് നിന്നെയുമാണ് സഖാവേ.... മരണത്തെ ഞാൻ ഭയക്കുന്നില്ല.. മരണം എന്ന സത്യം എന്തായാലും തേടിവരുന്ന ഒന്നാണ്.. എന്നാൽ എന്റെ ജീവിതം അർത്ഥവത്താകുന്നത് മറ്റുള്ളവർക്ക് വേണ്ടി എന്റെ കണ്ണുനീർ പൊഴിയുമ്പോൾ ആണ്.. നീ കാതുകളിൽ പകർന്നു തന്ന ഓരോ വാക്യങ്ങളും എന്റെ നെഞ്ചിൽ തറച്ചവയാണ്.. അതിനാൽ തന്നെ കൂടെയുള്ളവർക്ക് അടിപതറിയാലും നാം മരണം വരിക്കിലും ലക്ഷ്യം നേടുന്നതുവരെ പോരാടണമെന്ന എന്റെ സഖാവിന്റെ വാക്കുകൾ ഞാൻ മറന്നിരുന്നില്ല... എന്റെ സഖാവ് ഒപ്പമുണ്ടെന്നുള്ള ഒരൊറ്റ ധൈര്യം മതി ശരീരത്തിലെ ചോരയ്ക്ക് അളവില്ലാതെ ഒഴുകാൻ കഴിയും എന്ന തോന്നൽ ഉണ്ടാകാൻ..
ഞാൻ സഖാവിന്റെ പ്രിയസഖിയാണ് കനൽവഴികളിൽ പുഞ്ചിരിയോടെ നടക്കാൻ, വലങ്കയ്യിൽ ചെങ്കൊടിയേന്തി മുന്നേ നടക്കുന്ന നിന്റെ ഇടംകൈ പിടിച്ചു നടന്നാൽ മാത്രം മതിയെനിക്ക്...."
അവൾ വാക്കുകൾ അവസാനിച്ചപ്പോൾ അറിയാതെ എന്റെ കണ്ണുനനഞ്ഞു.. അവളെ അടുത്തേക്ക് വിളിച്ചശേഷം ഞാൻ ഇരുന്ന സീറ്റിന്റെ അരുകിൽ ഇരുത്തി...എന്തിനെയും ദഹിപ്പിക്കാൻ കഴിവുള്ള അവളുടെ കണ്ണുകളുടെ തീക്ഷ്ണതയെ വെല്ലുവിളിച്ചുകൊണ്ട്... അവളുടെ കൈകൾ എന്റെ നെഞ്ചോടു ചേർത്തുവച്ച ശേഷം വിപ്ലവ രക്തം തിളച്ചുമറിയുന്ന എന്റെ ഹൃദയമിടിപ്പുകൾ കൊണ്ട് ഞാൻ അവൾക്കു മറുപടി നൽകി........
(ഈ കഥയുടെ Title മാത്രം നൽകി എന്നിൽ നിന്നും മറഞ്ഞിരിക്കുന്ന എന്റെ സഖിക്ക് വേണ്ടി ഈ കഥ ഞാൻ മുഴുവിപ്പിച്ചു... "സഖാവ് സഖി സമരം"... ഇന്നും നീ പറഞ്ഞ ഈ വെറും മൂന്ന് വരികളിൽ നിന്റെ തിരിച്ചുവരവുകൾ ഞാൻ അറിയുന്നു)
✒️ശിവകൃഷ്ണ

4 comments: