Wednesday, October 2, 2019

ഒരു രാത്രി......

ആ രാത്രി സങ്കല്പികമാണെന്ന് പോലും തോന്നിയിരുന്നു... ഒട്ടും പ്രതീക്ഷിക്കാതെ അവൾ എല്ലാം മറന്ന് എന്നെ തേടി വന്ന ദിവസം... എഴുത്തിനെയും പേനയും മാത്രം അതുവരെ പ്രണയിച്ച എന്റെ കൈകൾ അവളുടെ കവിൾത്തടം തലോടാൻ മടികാണിച്ചില്ല...
ആയിരം നക്ഷത്രങ്ങളുടെ വെളിച്ചത്തെ തോൽപ്പിക്കുന്ന പ്രകാശത്തിന്റെ പ്രതിബിംബമായിരുന്നു അവളുടെ കണ്ണുകൾക്ക്....
അവൾ ഇടക്ക് എപ്പോഴോ ചില കവിതകൾ പാടി.. അതിൽ ഓരോ വരി കഴിയുമ്പോളും എന്നോടുള്ള അവളുടെ പ്രണയത്തിന്റെ ആർദ്രത കൂടി വന്നു...
മേശയ്ക്കരുകിൽ ഞാൻ കുടിച്ച് ബാക്കി വച്ചിരുന്ന പഴച്ചാറ് അവൾ കുടിച്ചു.. അതിനു ശേഷം അവൾ പരതിയത് എന്റെ ചുണ്ടുകൾക്ക് വേണ്ടിയാണ്.. പെട്ടന്നുതന്നെ അവൾ എന്റെ ചുണ്ടുകളോട് കഥപറയാൻ തുടങ്ങി.. മധുരമേറിയ അവളുടെ ചുണ്ടുകൾക്ക് ആ പഴച്ചാറിന്റെ മണമായിരുന്നു..
അവളുടെ ഓരോ നോട്ടത്തിലും ഭാവത്തിലും പ്രവർത്തികളിലും, ഒരു കാമുകി എന്നതിലുപരി ഒരു ഭാര്യയുടേത് എന്ന് തോന്നിക്കുംവിധം കരുതലും സ്നേഹവും നിറഞ്ഞു നിന്നിരുന്നു... ഓരോ തവണ അവളിൽ നിന്നും ചുംബനമേൽക്കുമ്പോഴും അവളുടെ നിശ്വാസത്തിന്റെ കുളിർമ എന്റെ മുഖത്തു പതിക്കുന്നുണ്ടായിരുന്നു....
ഓരോ നിമിഷവും അവൾ നൽകിയത് ഒരു പുത്തൻ ലോകമായിരുന്നു...
കാമം എന്നാ വികാരത്തിനും മുകളിൽ പ്രേമം സ്നേഹത്തിന് കൈകോർത്ത നിമിഷങ്ങൾ ആയിരുന്നു അത്...
ഏറെ നേരം എന്റെ കണ്ണുകളിലേക്ക് നോക്കിയിരുന്ന ശേഷം അവൾ പറഞ്ഞു..
"എനിക്ക് ഈ ലോകത്തെ വിശ്വാസം ഇല്ലാതായിട്ട് കാലങ്ങൾ ഏറെ കഴിഞ്ഞിരിക്കുന്നു... ഞാൻ നിനക്ക് മുന്നിൽ വച്ച എന്റെ ഈ ശരീരം നീ ആസ്വദിച്ചു എന്ന് ഞാൻ ഒരിക്കലും പറയില്ല.. കാരണം, നിന്റെ ഓരോ സ്പർശനത്തിലും ആത്മാർത്ഥതയുടെ അതിതീവ്രമായ സാന്നിധ്യം ഉണ്ടായിരുന്നു.. ഈ സ്നേഹവും കരുതലും ഞാൻ എന്റെ മരണം വരെ ആഗ്രഹിക്കുന്നു.. നിന്റെ മനം വായിച്ചറിയാൻ എനിക്കധികം സമയം വേണ്ടിവന്നില്ല... പൂട്ടുകൾ ഇല്ലാത്ത വാതിലുകൾ മാത്രമുള്ള തുറന്ന കൊട്ടാരമാണത്... എന്നാൽ ഇന്നുമുതൽ ആ വാതിലുകൾ ഞാൻ സ്വർണതാഴുകൊണ്ടു ബന്ധിക്കും"....
ബാക്കി പറഞ്ഞു മുഴുവിപ്പിക്കാൻ വിടാതെ ഞാൻ അവളുടെ ചുണ്ടുകളിൽ ചുംബനങ്ങളാൽ ബന്ധനം തീർത്തു...
അവളുടെ ആ വാക്കുകൾ എന്നോടുള്ള സ്നേഹം നിറഞ്ഞ അധികാരത്തിൽനിന്നും ഉടലെടുത്തവയായിരുന്നു....
ഇന്നവൾ എന്റെ അരുകിൽ ഇല്ലെങ്കിലും, ആ താക്കോൽ ഇന്നും അവളിൽ ഭദ്രമാണ്... എന്റെ ഹൃദയവും....
✒️ശിവകൃഷ്ണ

No comments:

Post a Comment