Tuesday, September 24, 2019

യാത്ര

ഞാൻ ആ അച്ഛനെ ഇന്നോർക്കുന്നു. എന്റെ ചോരയിലെ ഒരംശത്തിലും ആ മനുഷ്യൻ്റെ അദ്വാനത്തിന്റെ വിയർപ്പുകൊണ്ടുണ്ടാക്കിയ ഭക്ഷണത്തിന്റെ കണികകൾ ഉള്ളതുകൊണ്ടാവാം, ഇന്ന് ആ മനുഷ്യൻ അനുഭവിക്കുന്ന നരകവേദന എന്റെ കണ്ണുകളെയും നനയിച്ചത്.  

സമ്പന്നതയുടെ കൊടുമുടിയിൽ നിന്ന അദ്ദേഹം എല്ലാവർക്കും അന്ന് ഇഷ്ടതോഴനും, ഭാര്യക്ക് നല്ലൊരു ഭർത്താവും, മകന്റെ ആഗ്രഹങ്ങൾ അറിയിക്കാതെ തന്നെ സാധിച്ചുകൊടുക്കുന്ന ഒരു അച്ഛനായും തന്റെ ജന്മം അവർക്കു വേണ്ടി ജീവിച്ചു,  സമർപ്പിച്ചു... 

പുറമെ നിന്നു നോക്കുന്നവരിൽത്തന്നെ അസൂയയും കുശുമ്പും ഉടലാക്കിയിരുന്നു ആ മനുഷ്യന്റെ പ്രവർത്തികൾ.  

മറ്റൊരാളുടെ അമിത സന്തോഷമാർന്ന ജീവിതം കാലത്തിന് എന്നും തട്ടിത്തെറിപ്പിക്കാനുള്ള അല്പനേരത്തെ തമാശമാത്രമായിരുന്നു.  കാലം  പതിവുപോലെ തന്റെ ദുഷ്ടതകൾ ആ അച്ഛനുമേൽ പ്രയോഗിച്ചു. 

നാളുകൾ കഴിയുംതോറും  കൈവിട്ടുപോകുന്ന ജീവിതത്തിൽ നിന്ന്,  അന്ന് അദ്ദേഹം നെഞ്ചോടു ചേർത്ത സുഹൃത്തുക്കളായിരുന്നു ആദ്യം വിടപറഞ്ഞൊഴിഞ്ഞത്. ഏറെ വൈകാതെ അദ്ദേഹം,  തന്നെ പുകഴ്ത്തിയവർക്കിടയിൽപോലും  ഒരു ചോദ്യചിഹ്നമായി മാറിത്തുടങ്ങി. കീശയുടെ കനം കുറയുന്നതിനൊപ്പം അദ്ദേഹത്തിന് കിട്ടേണ്ട ബഹുമാനങ്ങളും കുറയുന്ന കാര്യം ആ പാവം പതിയെ മനസിലാക്കി.  കുടുംബാംഗങ്ങളും, ഭാര്യയും, താൻ നെഞ്ചോടു ചേർത്ത് തന്റെ ചോര നീരാക്കി വലുതാക്കിയ ആ മകനും തനിക്കെതിരായപ്പോൾ ആ അച്ഛൻ തകർന്നുപോയി.  ഈ ലോകത്ത് താൻ ഒരു അധികപ്പറ്റാണെന്നുപോലും അദ്ദേഹം ചിന്തിച്ചു.  പിന്നീടുള്ള  എല്ലാ പ്രവർത്തികളിലും കുറ്റം മാത്രം കാണാൻ ശ്രമിച്ച മറ്റുള്ളവർ ആ മനുഷ്യന്റെ ഹൃദയം പൊട്ടുന്നത് കാണാൻ കൂട്ടാക്കിയില്ല. 

പതിയെ ഇരുട്ട് മൂടിയ ആ മനുഷ്യൻ ഒരു നാൾ മനസിലാക്കി,  "തനിക്ക് ചുറ്റുമുണ്ടായിരുന്ന പരിചരണങ്ങളും സ്നേഹപ്രകടനങ്ങളുമെല്ലാം തന്റെ വിയർപ്പിന്റെ ഫലമായ  നാണയത്തുട്ടുകളുടെ തിളക്കത്തിന്റെ മാത്രം ശക്തിയിൽ ഉടലെടുത്ത വെറും പ്രഹസനങ്ങളായിരുന്നു.  താൻ എന്ന മനുഷ്യനെ സ്നേഹിക്കാൻ ഇന്നീ ഭൂമിയിൽ ആരുമില്ല,  ജന്മം തന്നവരും, താൻ ജന്മം കൊടുത്തവരും"

ഒരു നാൾ, ആരുടേയും കുത്തുവാക്കിനും പരിഹാസത്തിനും കാതോർക്കാതെ, ആരോടും യാത്ര പറയാതെ,  എങ്ങോട്ടെന്നില്ലാതെ തന്റെ പ്രിയപ്പെട്ട പുസ്തകങ്ങളും,  പ്രിയപ്പെട്ടവരുടെ ചിത്രങ്ങളും മാത്രം എടുത്തുകൊണ്ട്  ആ മനുഷ്യൻ നടന്ന് നീങ്ങി...  

"ചിതലരിക്കാത്ത ചില നല്ല ഓർമകളുമായി"


✒ശിവകൃഷ്ണ

No comments:

Post a Comment