Monday, September 23, 2019

കറ

തമ്പാനൂർ ബസ്സ്റ്റാൻഡിൽ നിന്നും വീട്ടിലേക്കു മടങ്ങിവരാനുള്ള ബസ്സ് കാത്തുനിൽക്കുവായിരുന്നു ഞാൻ. നട്ടുച്ചതിരിഞ്ഞ സമയമായതിനാൽ അധികം ബസ്സൊന്നും ഇല്ലായിരുന്നു. പിന്നെ ഉള്ള കാര്യമെന്തെന്നാൽ എന്റെ വീട്ടിലേക്കുള്ള ബസ്സ് സർവീസ് പൊതുവെ കുറവാണ്. ബൈക്ക് കേടായതുകാരണം രണ്ട് ദിവസമായുള്ള ഈ ബസ്സ് യാത്ര വളരെയധികം മടുത്തിരുuuന്നു... 
അതിനിടയിൽ ആരോ ലോട്ടറി എന്നുറക്കെ വിളിക്കുന്ന ശബ്ദംകേട്ട് തിരിഞ്ഞുനോക്കിയപ്പോളാണ്, ക്ഷീണിതയായ ആ പെൺകുട്ടി എന്റെ കണ്ണുകളിൽപെട്ടത്.  വാടിത്തളർന്ന മുഖവും പാതിയടഞ്ഞ കണ്ണുകളും അവളുടെ വയ്യായ്മയെ എടുത്തുകാണിക്കുന്നുണ്ടായിരുന്നു. എന്തേലും സഹായം വേണോ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ ഇത്രയും ആളുകളുടെ ഇടയിലൂടെ എത്തി അത് ചോദിക്കാനുള്ള ചമ്മൽ കാരണം ഞാൻ ആ ചിന്ത വെടിഞ്ഞു. 

അൽപനേരം കഴിഞ്ഞ് ബസ് വന്നു. ഞാൻ ആദ്യമേ കയറി ഒരു സീറ്റിൽ സ്ഥാനമുറപ്പിച്ചു. പക്ഷെ എല്ലാവരും കയറിയശേഷം അവസാനമാണ് അവൾ കയറിയത്. സീറ്റൊഴിവില്ലാത്തതുകാരണം അവൾക്കു നിൽക്കേണ്ടിവന്നു. സൈഡ് സീറ്റിലെ കാഴ്ചകൾ ആസ്വദിക്കുന്നുണ്ടായിരുന്നെങ്കിലും,  ഇടക്ക് എന്റെ നോട്ടം അവളിലേക്കും പോയിരുന്നു. 


ഒരു കൈ സീറ്റിന്റെ  കമ്പിയിലും മറ്റൊരു കൈ അവളുടെ ഇടുപ്പിലും ആയിരുന്നു. നടുവേദന കൊണ്ട് പുളയുകയാണ് അവളെന്ന് മനസിലായി. പെട്ടന്ന് ഒരു ഞെട്ടലോടെ അവൾ തിരിഞ്ഞ് അവളുടെ പാവാടയുടെ പുറകിലേക്ക് നോക്കി. എനിക്ക് അപ്പോഴേക്കും കാര്യം മനസിലായി. ഞാൻ തലതിരിച്ചു പുറത്തോട്ടു നോക്കി ഇരുന്നു. അല്പം കഴിഞ്ഞപ്പോൾ മുൻസീറ്റിൽ ഇരുന്നതും നിന്നതുമായ കുറച്ച് ആൺകുട്ടികൾ ആരെയോ കളിയാക്കിചിരിച്ചുതുടങ്ങി. പിന്നീടാണ് മനസിലായത് ആ കുട്ടിയുടെ പാവാടയിൽ പതിഞ്ഞ അവളുടെ ആർത്തവരക്തം കണ്ടാണ് ആ കുട്ടികൾ ചിരിച്ചതും അടക്കംപറഞ്ഞതുമെല്ലാം. അബദ്ധത്തിൽ അവൾക്കു സംഭവിച്ചത് നാളെ നമ്മുടെ വീട്ടിലെ ഒരു പെണ്ണിനും സംഭവിക്കാവുന്നതാണെന്നുപോലും ചിന്തിക്കാതെ അവർ ചിരി തുടർന്നു. അവൾ നിന്നിരുന്ന സീറ്റിനടുത്തുള്ള അമ്മാവൻ അവൾക്കിരിക്കാൻ ഇരിപ്പിടമുണ്ടാക്കികൊടുത്തു. പക്ഷെ അപ്പോഴേക്കും ശാരീരികമായും മാനസികമായും അവൾ ഇല്ലാണ്ടായിരുന്നു. ഇരിപ്പിടമുണ്ടായിട്ടും അവൾടെ മനസ്സിലെ പേടി മാറിയിരുന്നില്ല. തന്റെ സ്റ്റോപ്പ്‌ എത്തുമ്പോൾ ബസ്സ് നിർത്തി തനിക്ക് ഇറങ്ങണമല്ലോ. ഇപ്പൊ ബസ്സിലുള്ളവർ കളിയാക്കിയതുപോലെ നാട്ടുകാരെല്ലാം തന്നെനോക്കി ചിരിക്കുമല്ലോ എന്നുള്ള ചിന്തകളാവും അവളുടെ മനസ്സിനെ അലട്ടിയിരുന്നതെന്നു ഞാൻ ഊഹിച്ചു.....

ഏറെനേരം കഴിഞ്ഞപ്പോൾ ആരോ അവളുടെ അരികിൽ വന്ന്, അവളുടെ കണ്ണുനീർ കൈകൊണ്ടു തുടച്ചുമാറ്റി. ശ്രദ്ധിച്ചു നോക്കിയപ്പോളാണ് മനസിലായത് അവളുടെ തൊട്ടു പിന്നിലെ സീറ്റിൽ ഇരുന്ന ബുദ്ധിവികാസമില്ലാത്ത ഒരു ചെറുപ്പക്കാരൻ ആയിരുന്നു അത്. ഞാനടക്കം ബസിലുണ്ടായിരുന്ന എല്ലാവരും അവന്റെ ചെയ്തികൾ ശ്രദ്ധിച്ചിരുന്നു. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അവൻ തന്റെ ടി ഷർട്ട്‌ നു മുകളിൽ ധരിച്ചിരുന്ന ഓവർകൊട്ട് ഊരി ആ പെൺകുട്ടിക്ക് കൊടുത്തു. എന്നിട്ട് ഇടിപ്പിലൂടെ അത് കെട്ടാനുള്ള ആക്ഷൻ കാണിച്ചുകൊടുത്തു. പെൺകുട്ടി പെട്ടന്ന് കരഞ്ഞുപോയി. ഞാൻ അടക്കം ആ ബസിലുണ്ടായിരുന്ന പലരുടെയും ശ്വാസം നിലച്ച നിമിഷമായിരുന്നു അത്. കളിയാക്കിചിരിച്ച പയ്യന്മാർ തലകുനിച്ചുനിന്നു. അവിടെ ഓവർ കൊട്ട്  ധരിച്ചതും ബുദ്ധിമാധ്യമില്ലാത്തതുമായ പലരും ഉണ്ടായിട്ടും, അവർക്കൊന്നും ആ കുട്ടിയോട് തോന്നാത്ത സിമ്പതി എങ്ങനെ,  താൻ ആരാണെന്നു പോലും സ്വയം മനസിലാക്കാൻ കഴിയാത്ത ആ ബാലനിൽ ഉണ്ടായി.  ബസ്സിൽ ഉണ്ടായിരുന്ന എല്ലാവരും അഭിനന്ദിക്കാൻ വാക്കുകൾ ഇല്ലാതെ ആ ബാലനെനോക്കിയിരുന്നു. ആ പെൺകുട്ടി എഴുന്നേറ്റുനിന്ന് ആ ഓവർ കൊട്ട് തന്റെ ഇടുപ്പിൽ കെട്ടിയശേഷം ആ ബാലന്റെ വലതുകൈപിടിച്ചു ചുംബിച്ചു. ഒരു സഹോദരി തന്റെ മാനം കാത്ത സഹോദരനെ ചുംബിക്കുന്നതായി അവിടെ കണ്ടുനിന്ന എല്ലാവർക്കും തോന്നി. എല്ലാവരുടെയും മനസ്സലിയിക്കുന്ന കാഴ്ചയായിരുന്നു അത്. ഒന്നെനിക്കുറപ്പായിരുന്നു,  മനസ്സിന് ശേഷിയില്ലെങ്കിലും അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ കഴിയുന്ന,  അവരുടെ വേദനകൾ മനസിലാക്കാൻ സാധിക്കുന്ന ശക്തനായ ഒരു ഹൃദയത്തിന്റെ ഉടമയാണ് അവനെന്നു.  ബുദ്ധിയുണ്ടെന്നു സ്വയം പറഞ്ഞുനടക്കുന്ന എന്നെപ്പോലെയുള്ള ദുഷ്ടഹൃദയികളെക്കാളും എത്രയോ ഉയരത്തിലാണിന്നവൻ.ആ മകന് ജന്മം നൽകിയ അമ്മയെ ഞാൻ മനസ്സിൽ പ്രണമിച്ചു. 

അവളുടെ സ്റ്റോപ്പ്‌ എത്തി ബസ്സ് നിർത്തിയപ്പോൾ,  തെല്ലും ഭയമില്ലാതെ ആ ബാലന് യാത്രകൊടുത്ത ശേഷം തന്നെ കളിക്കിചിരിച്ചവർക്കുമുന്നിലൂടെ അവൾ തലയുയർത്തിപിടിച്ചു നടന്നു. ജീവിതത്തിൽ ഇനി താൻ ആർക്കുമുന്നിലും അടിയറവ് പറയില്ല എന്ന ദൃഢനിശ്ചയത്തോടെ അവൾ ഓരോ പടിയും കാലെടുത്തുവച്ചിറങ്ങി. 

ഇതൊന്നുമറിയാതെ  അവൻ അവന്റെ ലോകത്തെ കാഴ്ചകൾ കണ്ട് രസിക്കുകയായിരുന്നു..


ജീവിതത്തിൽ തെറ്റുകളും കുറ്റങ്ങളും ഉണ്ടാവാം. വേദനകളും യാതനകളും അനുഭവിച്ചെന്നുവരാം. പക്ഷെ നമുക്കുവേണ്ടിയും ഒരു ദിവസം വരും. സകല ശക്തിയുമെടുത്തു നാം ആ ദിവസത്തിനെ വരവേൽക്കണം. എന്തുവന്നാലും ചിരിച്ചുകൊണ്ട് പറയണം. 
   
          "AM READY FOR THE BATTLE"

✒ശിവകൃഷ്ണ

No comments:

Post a Comment