Wednesday, October 2, 2019

ഒരു രാത്രി......

ആ രാത്രി സങ്കല്പികമാണെന്ന് പോലും തോന്നിയിരുന്നു... ഒട്ടും പ്രതീക്ഷിക്കാതെ അവൾ എല്ലാം മറന്ന് എന്നെ തേടി വന്ന ദിവസം... എഴുത്തിനെയും പേനയും മാത്രം അതുവരെ പ്രണയിച്ച എന്റെ കൈകൾ അവളുടെ കവിൾത്തടം തലോടാൻ മടികാണിച്ചില്ല...
ആയിരം നക്ഷത്രങ്ങളുടെ വെളിച്ചത്തെ തോൽപ്പിക്കുന്ന പ്രകാശത്തിന്റെ പ്രതിബിംബമായിരുന്നു അവളുടെ കണ്ണുകൾക്ക്....
അവൾ ഇടക്ക് എപ്പോഴോ ചില കവിതകൾ പാടി.. അതിൽ ഓരോ വരി കഴിയുമ്പോളും എന്നോടുള്ള അവളുടെ പ്രണയത്തിന്റെ ആർദ്രത കൂടി വന്നു...
മേശയ്ക്കരുകിൽ ഞാൻ കുടിച്ച് ബാക്കി വച്ചിരുന്ന പഴച്ചാറ് അവൾ കുടിച്ചു.. അതിനു ശേഷം അവൾ പരതിയത് എന്റെ ചുണ്ടുകൾക്ക് വേണ്ടിയാണ്.. പെട്ടന്നുതന്നെ അവൾ എന്റെ ചുണ്ടുകളോട് കഥപറയാൻ തുടങ്ങി.. മധുരമേറിയ അവളുടെ ചുണ്ടുകൾക്ക് ആ പഴച്ചാറിന്റെ മണമായിരുന്നു..
അവളുടെ ഓരോ നോട്ടത്തിലും ഭാവത്തിലും പ്രവർത്തികളിലും, ഒരു കാമുകി എന്നതിലുപരി ഒരു ഭാര്യയുടേത് എന്ന് തോന്നിക്കുംവിധം കരുതലും സ്നേഹവും നിറഞ്ഞു നിന്നിരുന്നു... ഓരോ തവണ അവളിൽ നിന്നും ചുംബനമേൽക്കുമ്പോഴും അവളുടെ നിശ്വാസത്തിന്റെ കുളിർമ എന്റെ മുഖത്തു പതിക്കുന്നുണ്ടായിരുന്നു....
ഓരോ നിമിഷവും അവൾ നൽകിയത് ഒരു പുത്തൻ ലോകമായിരുന്നു...
കാമം എന്നാ വികാരത്തിനും മുകളിൽ പ്രേമം സ്നേഹത്തിന് കൈകോർത്ത നിമിഷങ്ങൾ ആയിരുന്നു അത്...
ഏറെ നേരം എന്റെ കണ്ണുകളിലേക്ക് നോക്കിയിരുന്ന ശേഷം അവൾ പറഞ്ഞു..
"എനിക്ക് ഈ ലോകത്തെ വിശ്വാസം ഇല്ലാതായിട്ട് കാലങ്ങൾ ഏറെ കഴിഞ്ഞിരിക്കുന്നു... ഞാൻ നിനക്ക് മുന്നിൽ വച്ച എന്റെ ഈ ശരീരം നീ ആസ്വദിച്ചു എന്ന് ഞാൻ ഒരിക്കലും പറയില്ല.. കാരണം, നിന്റെ ഓരോ സ്പർശനത്തിലും ആത്മാർത്ഥതയുടെ അതിതീവ്രമായ സാന്നിധ്യം ഉണ്ടായിരുന്നു.. ഈ സ്നേഹവും കരുതലും ഞാൻ എന്റെ മരണം വരെ ആഗ്രഹിക്കുന്നു.. നിന്റെ മനം വായിച്ചറിയാൻ എനിക്കധികം സമയം വേണ്ടിവന്നില്ല... പൂട്ടുകൾ ഇല്ലാത്ത വാതിലുകൾ മാത്രമുള്ള തുറന്ന കൊട്ടാരമാണത്... എന്നാൽ ഇന്നുമുതൽ ആ വാതിലുകൾ ഞാൻ സ്വർണതാഴുകൊണ്ടു ബന്ധിക്കും"....
ബാക്കി പറഞ്ഞു മുഴുവിപ്പിക്കാൻ വിടാതെ ഞാൻ അവളുടെ ചുണ്ടുകളിൽ ചുംബനങ്ങളാൽ ബന്ധനം തീർത്തു...
അവളുടെ ആ വാക്കുകൾ എന്നോടുള്ള സ്നേഹം നിറഞ്ഞ അധികാരത്തിൽനിന്നും ഉടലെടുത്തവയായിരുന്നു....
ഇന്നവൾ എന്റെ അരുകിൽ ഇല്ലെങ്കിലും, ആ താക്കോൽ ഇന്നും അവളിൽ ഭദ്രമാണ്... എന്റെ ഹൃദയവും....
✒️ശിവകൃഷ്ണ

ഉയിർ


നിന്റെ കണ്ണുകളിലെ പ്രണയം ഇന്നും എന്റെ ഹൃദയം നിശ്ചലമാക്കുന്ന ചില നിമിഷങ്ങളുണ്ട്..
കാണാമറയത്താണ് നീയെങ്കിലും, എന്റെയരികിൽ ഉള്ളതുപോലെ... എന്നെ തലോടിപ്പോകുന്ന കാറ്റിനൊപ്പം നിന്റെ കൈകളും എന്റെ ശരീരത്തിൽ സ്പർശിക്കുന്നത് പോലെ... ഓരോ തിരിഞ്ഞുനോട്ടങ്ങളിലും നീ പുറകിൽ ഉണ്ടാകുമോ എന്ന പ്രതീക്ഷകളാണ്... ഉമ്മറനടയിൽ നാം ഒന്നിച്ചു കെട്ടിയ ഒറ്റമണി ശബ്‌ദിക്കുമ്പോൾ, നീ തിരികെ വന്നുകാണും എന്നാ ചിന്തയിലാണ് ഞാൻ അവിടേക്ക് ഓടിയെത്തുന്നത്... നിന്റെ രൂപസാദൃശ്യമുള്ള ഓരോ പെകുട്ടിയും അരികിലൂടെ പോകുമ്പോൾ അത് നീയായിരുന്നുവെങ്കിൽ എന്ന് കൊതിക്കാറുണ്ട്.. പക്ഷെ നിനക്ക് പകരക്കാരിയെ കണ്ടെത്താൻ എന്റെ കണ്ണുകൾക്ക് നാളിതുവരെ കഴിഞ്ഞിട്ടില്ല.. നീ കൂടെയുണ്ടായിരുന്നപ്പോൾ ശരവേഗത്തിൽ കഴിഞ്ഞ് പോയ സമയത്തിന് ഇന്ന് നീയില്ലാത്ത വേളകളിൽ ഒച്ചിന്റെ വേഗതയാണ്... നീയെനിക്ക് നൽകിയ സ്നേഹത്തിന് പകരംവയ്ക്കാൻ ഒന്നുമില്ലെന്ന് തിരിച്ചറിയാൻ അധികനാൾ വേണ്ടിവന്നില്ല... നരകതുല്യമാണ് നീ ഇല്ലാത്ത ജീവിതം....
✒️ശിവകൃഷ്ണ

നിൻ മനം...


ആ അമ്മ അവളുടെ കൈപിടിച്ചുകൊണ്ടു പോയപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ ഒരു നോട്ടമായിരുന്നു അവളിൽ.... പ്രാണനേക്കാൾ സ്നേഹിച്ച വീട്ടുകാരെ വിട്ടകലാൻ വയ്യാതെ അവൾ അവനോട് താത്കാലിക വിടകൊടുത്തു പോയി... മറുപടിയൊന്നുമില്ലാതെ അവൻ അവൾ പോകുന്നതും നോക്കി നിന്നു..
തന്റെ സാമ്രാജ്യത്തിൽ നിന്നുമാണ് അവളെ അവർ കൊണ്ടുപോയത്, എന്നിട്ടും പ്രതികരിക്കാതെ നിന്ന അവന്റെ പ്രവർത്തിയിൽ ഒപ്പമുണ്ടായിരുന്ന പലരും അവനെ കുറ്റപ്പെടുത്തി... അപ്പോഴും അവൻ ചലനമില്ലാതിരുന്നു.. തനിക്ക് വിധിച്ചവൾ തിരികെ വരുമെന്ന് അവന് ഉറപ്പുണ്ടായിരുന്നു.. ഒപ്പം അവന് അവളോട്‌ പറഞ്ഞ വാക്കുകൾ അവൻ ഓർത്തു..
" അവർ വിളിച്ചാൽ നീ അവർക്കൊപ്പം പോകുക...
എന്നെക്കാളും നീ അവരെ സ്നേഹിക്കുന്നു എന്ന കാര്യം മറ്റാരേക്കാളും എനിക്കറിയാം... ആ കണ്ണുനീർവീഴ്ത്തിക്കിട്ടുന്ന ശാപം നിറഞ്ഞ ജീവിതം നമുക്ക് വേണ്ട.... നിന്റെ വീട്ടുകാർ നിനക്കുവേണ്ടി ആഗ്രഹിച്ച സ്വസ്ഥജീവിതം നേടിയ ശേഷം ഞാൻ വരും....
എന്റെ ഉടലും ഉയിരും ഞാൻ നിനക്ക് നൽകിയത് നീ എന്റേത് മാത്രമാണെന്നുള്ള ഉറപ്പ് കൊണ്ടാണ്... നമ്മളെ ദൈവം ഒന്നിപ്പിക്കും... ചതിയും വഞ്ചനയും ഇല്ലാത്ത ഒരു ലോകത്ത് ഞാൻ അന്ന് നിന്നെ കൊണ്ടുപോകാം... അതുവരെ കാത്തിരിക്കാം"....
✒️ശിവകൃഷ്ണ