Tuesday, September 24, 2019

കണ്ണുകൾ

അന്ന് അച്ഛൻ എറണാകുളം തോപ്പുംപടിയിൽ LG ഷോറൂം മാനേജർ ആയിരുന്നു. ഞാൻ അന്ന് 9 ആം ക്ലാസ്സ്‌ അവധിക്കാലം ആഘോഷിക്കുന്നു. ആ സമയത്താണ് അപ്പുപ്പൻ പോലീസിൽ നിന്നും വിരമിച്ചത്. അങ്ങനെ ഞങ്ങൾ നാട്ടിലേക്ക് തിരികെ വന്നു. വർഷങ്ങൾ കഴിഞ്ഞാണ് ഞാൻ നാട്ടിലേക്ക് തിരികെ  വന്നത്.  ബന്ധുക്കൾ ഒന്നും തന്നെ സുപരിചിതർ അല്ല.  ആകെപ്പാടെ ഒരു ചമ്മലായിരുന്നു, ചിലരെയൊന്നും ഞാൻ കണ്ടിട്ടുപോലുമില്ല.  അങ്ങനെ പത്താം ക്ലാസ്സിൽ എന്നെ വീടിനടുത്തുള്ള ഒരു എയ്ഡഡ് സ്കൂളിൽ ചേർത്തു, ആവശ്യത്തിന് പഠിത്തക്കാരൻ ആയിരുന്നതിനാൽ ആരും കുറ്റം പറഞ്ഞിരുന്നില്ല.  അങ്ങനെ ഇരിക്കെ എന്നെ അച്ഛനന്റെ ഒരു പരിചയക്കാരന്റെ ട്യൂഷൻ ക്ലാസ്സിൽ ചേർത്തു, സാമാന്യം കുഴപ്പമൊന്നുമില്ലാത്ത ഒരിടം. അടുത്ത ദിവസം മുതൽ വരാൻ എന്നോട് പറഞ്ഞു.  അങ്ങനെ രാവിലെ 5.00 മണിക്ക് തന്നെ കുളിച്ചൊരുങ്ങി ട്യൂഷൻ ക്ലാസ്സിൽ പോയി..  അവിടെ മൂന്നാമത്തെ ബഞ്ചിൽ സ്ഥാനം ഉറപ്പിച്ചു..  തൊട്ടടുത്തിരുന്നവൻ അപ്പോഴേക്കും ഉറക്കപ്പിച്ചിൽ  എന്നോട് ചോദിച്ചു "പുതിയതാണല്ലേ?"
അതെയെന്ന് പറയുന്നതിനൊപ്പം ഞാൻ അവന്റെ പേരും ചോദിച്ചു. അഭിജിത്ത്.. 

ഞങ്ങൾ കൂട്ടുകാരാവാൻ  അധികം സമയം എടുത്തില്ല..  അവനു അവിടെ ഒരു കാമുകി ഉണ്ടായിരുന്നു.  ഒരു മൊഞ്ചത്തി. 

അങ്ങനെ ദിവസങ്ങൾ കഴിഞ്ഞുപോയി. 

ഒരുദിവസം ജോഗ്രഫി പീരിയഡ് നടക്കുമ്പോൾ അഭി എന്നെ തട്ടിവിളിച്ചിട്ട് ചെവിയിൽ പറഞ്ഞു "അളിയാ എന്റെ പെണ്ണിന്റെ അടുത്തിരിക്കുന്ന പെണ്ണിനെ നീ ശ്രദ്ധിച്ചുനോക്ക് ഇടക്ക് അവൾ നിന്നെത്തന്നെയാ നോക്കി ഇരിക്കുന്നത്"

അഭിക്ക് ഒരു ഇടിയും കൊടുത്ത് മിണ്ടാണ്ടിരിക്കാൻ ഞാൻ പറഞ്ഞു. 
പക്ഷെ  എനിക്കും അന്ന് ആ തോന്നൽ ഉണ്ടായി, ആരോ നോക്കുന്നതുപോലെ.

അത് ആരാണെന്നറിയാൻ ഞാൻ  പെട്ടന്ന് സൈഡിലേക്ക് നോക്കി..  അവൾ ഞെട്ടിപ്പോയി, കൂടെയിരുന്നു അഭിയുടെ മൊഞ്ചത്തി പെട്ടന്ന് ചിരിച്ചു. കൂടെ അവളും. ഞാൻ പിന്നെയും നോക്കി അവൾ എന്നെയും. അങ്ങനെ ദിവസങ്ങൾ ഒരുപാട് പോയി.  ഓണം വന്നു,  ട്യൂഷൻ ക്ലാസ്സിൽ ഓണാഘോഷപരിപാടികൾ നടക്കുന്നു. അന്നാണ് അവളെ ഞാൻ ഹാഫ് സാരിയിൽ ആദ്യമായി കാണുന്നത്..  ഇത്രെയും പെൺകുട്ടികൾ അവിടെ ഉണ്ടായിട്ടും ഞാൻ അവളെത്തന്നെ നോക്കിനിന്നു. കണ്മഷികൊണ്ട് തീർത്ത ഒരു മനോഹര വശ്യത അവളുടെ കണ്ണുകൾക്ക് ഉണ്ടായിരുന്നു. അന്ന് ആദ്യമായി ഞങ്ങൾ പരസ്പരം മിണ്ടി..  കൂട്ടുകാരായി... അവളുടെ വീടും എന്റെ വീടിനടുത്താണെന്നു ഞാൻ മനസിലാക്കി.  പിന്നീടുള്ള യാത്രകൾ ഞങ്ങൾ ഒന്നിച്ചായിരുന്നു.. അങ്ങനെ ഞാൻ അവളെ കൂടുതലായി അറിഞ്ഞു 

അവൾടെ അച്ഛനും അമ്മയും ദുബായിൽ ആയിരുന്നു.  വല്യമ്മയുടെ കൂടെയായിരുന്നു അവളുടെ താമസം.  അവൾക്കു mobile ഉണ്ടെന്നു ഞാൻ മനസിലാക്കി..  എനിക്കും ഉണ്ടായിരുന്നു ഒരു പഴയ Nokia, 6600 cam phone.  

എനിക്ക് പതിയെ അവളോട്‌ ഇഷ്ടം തോന്നിത്തുടങ്ങി.  അങ്ങനെയിരിക്കെ ഒരുദിവസം അറിയാതെ ഞാൻ വീട്ടിൽ മാമനോട് അവളുടെ കാര്യം പറഞ്ഞു.  മാമൻ അത് ഫ്ലാഷ് ആക്കി..  അങ്ങനെ അമ്മ അറിഞ്ഞു.  പക്ഷെ ആരും എന്നെ ഒന്നും പറഞ്ഞില്ല.. 

അതിനു രണ്ടുദിവസം കഴിഞ്ഞു ഒരുദിവസം അവൾ എന്നോട് വീട്ടിൽ വരാൻ പറഞ്ഞു. ആദ്യം ഇല്ലന്ന് പറഞ്ഞെങ്കിലും ഞാൻ പിന്നീട് സമ്മതിച്ചു..  

പോകുന്ന വഴിക്ക് വീട്ടിൽ കയറി പറഞ്ഞിട്ട് പോകാമെന്നു കരുതിയപ്പോ വീട്ടിൽ അപ്പുപ്പൻ മാത്രമേ ഉണ്ടായിരുന്നുള്ളു.  ഞാൻ അവളെ പുറത്തു നിർത്തിയിട്ട് അകത്തു കേറി അപ്പുപ്പനോട് അവർ എവിടെയെന്നു ചോദിച്ചു.  കടയിൽ പോയെന്നു അപ്പാപ്പൻ മറുപടി പറഞ്ഞു.  ബാഗ് നടയിൽ വച്ചിട്ട് ഞാൻ അവൾടെ ഒപ്പം പോയി.. 

ഗേറ്റ് തുറന്നു അവൾ അകത്തോട്ടു പോയി.  അവളുടെ ചേച്ചി എന്നെ അകത്തേക്ക് വിളിച്ചു..  ഒരു മടിയോടെ ഞാൻ അകത്തേക്ക് പോയി..  അടുത്ത നിമിഷം ഈ ലോകത്ത് ഇനിയും ആർക്കും വരരുതേ എന്ന് ഞാൻ കരുതിയ ആ അവസ്ഥ, ഞെട്ടലോടെ ഞാൻ ആ കാഴ്ച കണ്ടു............. 

അവളുടെ വീട്ടിലെ ഡൈനിങ്ങ് ടേബിളിൽ ഇരുന്നു ചായകുടിക്കുന്ന ചിലർ.   അതിൽ ഒന്ന് അമ്മയും മറ്റൊന്ന് അമ്മുമ്മയും ആയിരുന്നു. എന്നോട് വന്നിരിക്കാൻ അവൾടെ വല്യമ്മ പറഞ്ഞു..  എന്റെ മനസിൽ ആകപ്പാടെ ഒരു വിറയൽ.  അമ്മ എങ്ങനെ ഇവിടെ എത്തി. അവൾ എന്തിനാ എന്നെ വിളിച്ചു വരുത്തിയത്.  ഇങ്ങനെ ഒരായിരം ചോദ്യങ്ങൾ എന്നെ വലയം ചെയ്തുകൊണ്ടിരുന്നു.. 

ഒരു ഗ്ലാസ്‌ ചായ എന്റെ മുന്നിൽ അവൾടെ ചേച്ചി കൊണ്ടു വച്ചു..  അമ്മ എന്നോട് ചോദിച്ചു എന്തിനാ ഇവിടെ വന്നതെന്ന്.   ഇതേ ചോദ്യം തിരിച്ചു ചോദിക്കാൻ എനിക്കും തോന്നിയെങ്കിലും മനസ്സ് അനുവദിച്ചില്ല..  ഞാൻ പറഞ്ഞു "അവൾ വിളിച്ചിട്ടാ" വന്നതെന്ന്..   

അവൾടെ വല്യമ്മ എന്നെ ചേർത്തുനിർത്തി പറഞ്ഞു.  "മോനു ഞാൻ ആരാന്നു അറിയോ?" 

നിന്റെ അമ്മേടെ അടുത്ത കൂട്ടുകാരി ആണ്..  ഞങ്ങൾ ഒന്നിച്ചു കളിച്ചു വളർന്നതാ ..  പോരാഞ്ഞിട്ട് ഞങ്ങൾ ബന്ധുക്കളും കൂടിയാ.... 

ഞാൻ ആകപ്പാടെ വിയർത്തു അവൾടെ ചേച്ചി എന്നെ റൂമിലേക്ക്‌ വിളിച്ചുകൊണ്ടു പോയി. അവിടെ വച്ചു അവൾ എന്നോട് പറഞ്ഞു അവർ പ്ലാൻ ചെയ്തു എന്നെ വിളിച്ചു വരുത്തിയതാണെന്നു..  ചമ്മലോടെ ഞാനും ചിരിച്ചു...  അങ്ങനെ ഞാൻ അവിടത്തെ ഒരു അംഗത്തെപ്പോലെയായി. പതിയെ ഞങ്ങൾ അടുത്തു. ഒരുദിവസം രാത്രി ഞാൻ രണ്ടും കല്പിച്ചു അവൾക്കു ഒരു sms അയച്ചു. I love you,  എന്ന്..  പ്രതീക്ഷയോടെയും വിറയലോടെയും ഞാൻ കാത്തിരുന്നു. വൈകാതെ മറുപടി വന്നു.  Love u too..  

ആ സമയത്ത് ഞാൻ ഈ ലോകത്തിന്റെ നെറുകയിൽ എത്തിയതുപോലെ തോന്നി..  ദേഹമാസകലം മരവിച്ചു ഒരു വാക്കുപോലും type ചെയ്യാൻ പറ്റാതെ ഞാൻ ആ മറുപടി തന്നെ നോക്കി നിന്നു..  പെട്ടന്ന് ഒരു കാൾ വന്നു. അവൾ.  ഞാൻ ഫോണുമായി പുറത്തേക്കിറങ്ങി. കാൾ എടുത്ത് സംസാരിച്ചു, അവൾ വീട്ടിലേക്ക് വരാൻ പറഞ്ഞു.  ഞാൻ പോയി..  അവിടെ ചേച്ചിയും അവളും മാത്രമേ ഉണ്ടായിരുന്നുള്ളു.   ചേച്ചി ആരോടോ ഫോണിൽ കത്തിവയ്ക്കുവായിരുന്നു.  അവൾ എന്നെയും കൊണ്ടു ടെറസിൽ കയറി..  ഇരിക്കാൻ പറഞ്ഞു,  ഞാൻ അവിടെ ഉണ്ടായിരുന്ന പടിയിൽ ഇരുന്നു അവളും ഒപ്പം ഇരുന്നു. അവൾ അടുത്തിരുന്നപ്പോൾ ജീവിതത്തിൽ ഇതുവരെ തോന്നാത്ത ഒരു ഫീൽ ഉണ്ടായി.. അവൾ പതിയെ എന്റെ വിരലികൾക്കിടയിലൂടെ അവളുടെ വിരലുകൾ കൊണ്ടു അമർത്തി പിടിച്ചു ചോദിച്ചു.. 
"is this forever"..   
ഞാൻ അവൾടെ ആ കണ്ണുകളിൽ നോക്കി പറഞ്ഞു.. 
"എന്റെ ജീവന്റെ അവസാന ശ്വാസം നിലക്കുമ്പോളും  എന്റെ കണ്ണുകളുടെ നോട്ടം   നിന്റെ ഈ കണ്ണുകളിൽ തന്നെയാവും" 

ഇത്രയും പറഞ്ഞു തീരുംമുന്നേ അവൾ എന്നെ കെട്ടിപിടിച്ചു കരഞ്ഞു.  അവൾക്ക് ആരുമില്ല അച്ഛനും അമ്മയും ഒക്കെ അവരുടെ കാര്യം നോക്കി ജീവിക്കുകയാ,  ആരും അവളെ സ്നേഹിക്കുന്നില്ല എന്നൊക്കെ.. 

അവളുടെ കണ്ണുനീർ തുടച്ചുകൊണ്ട് ഞാൻ പറഞ്ഞു.  "ഇന്ന് മുതൽ നീ എന്നിൽ പകുതിയാണ്, ഇനിമുതൽ നിന്റെ കുറവുകൾ നികത്തേണ്ടത് എന്റെ ചുമതലയാണ്. ഇനി ഈ കണ്ണുകൾ നിറയാൻ ഇടയാവുന്ന ഒന്നും നമ്മുടെ ജീവിതത്തിൽ വേണ്ട"...  

ഇതും കൂടെ കേട്ടപ്പോൾ അവൾ എന്നെ അല്പം കൂടെ അമർത്തി കെട്ടിപ്പിടിച്ചു.. എന്റെ ജീവിതത്തിൽ ആദ്യമായി അന്നെനിക്ക് മറ്റൊരുവളിൽ നിന്നും ഒരു ചുംബനം ലഭിച്ചു....ഞാനും തിരികെ നൽകി..  അന്ന് ഞാൻ വിധിയെഴുതി ഇനി എന്റെ അവകാശി ഇവളാണ്..  ഞാൻ ഇവളുടേതാണ്... 

മനസില്ല മനസോടെ ഞങ്ങൾ അന്ന് രാത്രി യാത്രപറഞ്ഞു... 

പിറ്റേന്ന് മുതൽ ഞങ്ങൾ ഒരു ഭാര്യ ഭർത്താവിനെപോലെ ആയി മാറി... അങ്ങനെ ആയിരുന്നു സംസാരവും, നടത്തവും ഒക്കെ 
അപ്പൂപ്പൻ തരുന്ന ക്യാഷ് മൊത്തം ഞാൻ മൊബൈൽ ചാർജ് ചെയ്തു..  അവൾക്കും ചെയ്യുമായിരുന്നു..  

അങ്ങനെ ഒരുപാട് നാളുകൾ കടന്നുപോയി.. 

ഒരു ദിവസം യാദൃച്ഛികമായി അവൾടെ അമ്മയും അച്ഛനും വന്നു..  ഞാനും പരിചയപ്പെട്ടു, എന്നെ അവർക്ക് നല്ല ഇഷ്ടമായി.  വീട്ടുകാർ തമ്മിൽ നല്ല അടുപ്പം ആയപ്പോൾ ഞങ്ങൾ സന്തോഷിച്ചു.  

അങ്ങനെ ഒരുദിവസം അവൾ അമ്മയുടേം അച്ഛന്റെയും ഒപ്പം അവൾടെ അച്ഛന്റെ നാട്ടിലേക്ക് പോയി തൃശൂർ.. 

പതിയെപ്പതിയെ കോളുകളും Sms ഉം കുറഞ്ഞുവന്നു.  പക്ഷെ അതൊന്നും ഞങ്ങളുടെ ബന്ധത്തെ തകർക്കില്ല എന്ന് ഞങ്ങൾക്ക് അറിയാം.   അവൾടെ ബന്ധുക്കൾ ഒക്കെ ഉണ്ടാവുമല്ലോ അതാവും... 

അവൾ കുറച്ചു ദിവസത്തിനകം തിരികെ വന്നു.  
പക്ഷെ അവളിലെ മാറ്റം എന്നെ ഞെട്ടിച്ചുകളഞ്ഞു..  ഫോൺ വിളിക്കാത്തതും പോട്ടെ. ട്യൂഷൻ ക്ലാസ്സിൽ വച്ചു എന്നെ തിരിഞ്ഞു നോക്കിയതുപോലുമില്ല..

  ഞാൻ അവൾടെ വീട്ടിൽ പോയി.  അവൾ റൂമിൽ ആണെന്ന് അമ്മ പറഞ്ഞു.   ഞാൻ പോയി അവളെ കേട്ടിപ്പിടിച്ഛ് ചോദിച്ചു "എന്താടി കൊരങ്ങി നിനക്ക് കുഴപ്പമെന്നു".. 

അപ്പൊ അവൾ പറഞ്ഞു ഞാൻ വിളിക്കാത്തതിന്റെ ദേഷ്യം ആണെന്ന്..  

അപ്പോഴാണ് എന്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്ന  ആ വലിയ ദുരന്തം ഞാൻ മനസിലാക്കിയത്.  അവളുടെ മൊബൈലിൽ ഒരു ഇൻബൊക്സ് msg വന്നു ഞാൻ അത് വായിച്ചു.. അവൾ ആകെ വിയർത്തു,  എന്റെ കയ്യിൽ നിന്നു ഫോൺ തട്ടിയെടുക്കാൻ ശ്രമിച്ചു. ഞാൻ കൊടുത്തില്ല താഴെ ഇറങ്ങി വന്നു മുഴുവൻ വായിച്ചു. അതിൽ ഒരു msg ഇങ്ങനെ ആയിരുന്നു "എടി ആ മണ്ടൻ ചെക്കൻ അവിടെ വന്നില്ലേ, നിന്റെ പൊട്ടൻ കാമുകൻ" ഇതും കൂടെ കണ്ടപ്പോ ഞാൻ ആകെ തകർന്നു.. സത്യാവസ്ഥ അറിയാൻ ഞാൻ ചേച്ചിയെ വിളിച്ചു  എന്നിട്ട് ചേച്ചിയോട് എന്താ ഇതെന്ന് ചോദിച്ചു..  

അവൾടെ അച്ഛന്റെ പെങ്ങടെ മോനുമായി അവൾ ഇഷ്ടത്തിൽ ആണെന്നും ചേച്ചി പലതവണ എന്നോട് പറയാൻ ശ്രമിച്ചപ്പോളും  അവൾ തടഞ്ഞു.  ചേച്ചിയോട് ക്ഷമിക്കണം എന്നും പറഞ്ഞു...  

എന്റെ കണ്ണുകളിൽ ഇരുട്ട് മൂടി ..  മൊബൈൽ ചാർജ് ചെയ്യാനും ബോർ അടിക്കുമ്പോ സംസാരിക്കാനും മാത്രമായിരുന്നു അവൾക്കു ഞാൻ. എന്നെ നന്നായിട്ട് ഉപയോഗിക്കുക ആയിരുന്നു...  

ചേച്ചി നോക്കി നിൽക്കെ ഞാൻ അവളുടെ അടുക്കൽ പോയി ചോദിച്ചു.  എന്തിനായിരുന്നു ഈ പ്രഹസനങ്ങൾ..  എന്നെ എന്തിനാ ഇങ്ങനെ കോമാളി ആക്കിയത്...  

അവൾ പറഞ്ഞു ഞാൻ നിന്നെ പറ്റിക്കാൻ ഒന്നും നോക്കിയതല്ല..  നീയല്ലേ ആദ്യം പ്രൊപ്പോസ് ചെയ്തത് ഞാൻ അല്ലല്ലോ എനിക്ക് ആ ചേട്ടനെ ഇഷ്ടമാ ചേട്ടന് എന്നെയും, thats all i wanna say siva.. bye and get lost forever....

ഒന്നും മിണ്ടാനാവാതെ ഞാൻ, അന്നവൾ എന്നെ കെട്ടിപിടിച്ചു കരഞ്ഞതും, എന്നെ ചുംബിച്ചതും, ജീവിതം സ്വപ്നം കണ്ടതുമൊക്കെ ആലോചിച്ചു. പതിയെ ഞാൻ ഇല്ലാണ്ടാവുന്നതുപോലെ തോന്നി. 

ഒന്നുകൂടെ അവളുടെ മുഖത്തു നോക്കിയിട്ട്, അവൾടെ ചേച്ചി നോക്കി നിൽക്കെ ചുംബനം നൽകിയ ആ കവിളുകളിൽ ഞാൻ ആഞ്ഞടിച്ചു, ആ അടിയിൽ എന്റെ സങ്കടത്തിന്റെയും, നഷ്‌ടമായ പ്രതീക്ഷകളുടേയുമൊക്കെ ചൂടുണ്ടായിരുന്നു.. അവൾ കരഞ്ഞു, 
കൈകൂപ്പി അവളെ ഒന്ന് തൊഴുത  ശേഷം,  ആദ്യമായി സന്തോഷത്തിന്റെ നെറുകയിൽ എത്തിച്ചവൾ തന്നെ സങ്കടത്തിന്റെ പടുകുഴി കാണിച്ചുതന്നു എന്ന തിരിച്ചറിവോടെ  ഞാൻ അവിടുന്ന് പടിയിറങ്ങി...  ചുറ്റുമുള്ളവർ പറയുന്നതൊന്നും ഞാൻ കേട്ടില്ല..  

ആ ദിവസം  ഞങ്ങൾ മൂന്നുപേരല്ലാതെ മറ്റാരും ഇതുവരെ അറിഞ്ഞിട്ടില്ല... അന്നുമുതൽ ഞാൻ മാറി. പുതിയൊരു മുഖമൂടി ഞാൻ അണിഞ്ഞു... 

പക്ഷെ അവളോടിന്നും എനിക്ക് ഇഷ്ടമാണ്..  ആദ്യ പ്രണയം എന്നും മനസ്സിൽ തന്നെ ഉണ്ടാവും, മനുഷ്യൻ മരിക്കുവോളം...... 

🖋 ശിവകൃഷ്ണ

1 comment:

  1. This is too much.. stop the show.. i know u r acting in front of all

    ReplyDelete